ന്യൂഡൽഹി: കോൺഗ്രസിന്റെ രാജ്യസഭ എം.പിയും മുതിർന്ന അഭിഭാഷകനുമായ അഭിഷേക് മനു സിങ്‍വിയുടെ സീറ്റിൽ നിന്ന് കണ്ടെടുത്തത് 50,000 രൂപ. പാർലമെന്റിലെ സുരക്ഷ ജീവനക്കാരാണ് നോട്ടുകെട്ടുകൾ കണ്ടെത്തിയത് എന്നാണ് രാജ്യസഭ ചെയർമാൻ ജഗ്ദീപ് ധൻഖർ അറിയിച്ചത്.
'സഭ നിര്‍ത്തിവെച്ചതിന് പിന്നാലെ നടത്തിയ പതിവ് പരിശോധനയില്‍ സീറ്റ് നമ്പര്‍ 222-ല്‍ നിന്ന് നോട്ടുകെട്ടുകള്‍ ലഭിച്ചു. ഈ സീറ്റ് നിലവില്‍ അനുവദിച്ചിരിക്കുന്നത് തെലങ്കാനയില്‍നിന്നുള്ള അംഗം അഭിഷേക് മനു സിങ്‌വിക്കാണ്. ഇക്കാര്യത്തില്‍ നിയമപരമായ അന്വേഷണം നടത്തിവരികയാണ്', എന്നായിരുന്നു സഭാധ്യക്ഷനായ ഉപരാഷ്ട്രപതി ജഗദീപ് ധൻഖര്‍ സഭയെ അറിയിച്ചത്.
ഇതിന് പിന്നാലെ പ്രതിഷേധവുമായി കോണ്‍ഗ്രസ് അംഗങ്ങള്‍ രംഗത്തെത്തി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താതെ ആരുടെയും പേര് വെളിപ്പെടുത്തരുതെന്ന് മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെയുള്ള കോൺഗ്രസ് എം.പിമാർ ആവശ്യപ്പെട്ടു. ഇതിനു പിന്നാലെ സഭയിൽ ബഹളമായി. പണം കണ്ടെത്തിയ സംഭവത്തിൽ എം.പിയുടെ പേരും സീറ്റ് നമ്പറും പറഞ്ഞതിൽ ഒരു പ്രശ്നവുമില്ലെന്നായിരുന്നു കേന്ദ്രന്ത്രി കിരൺ റിജിജുവന്റെ ന്യായീകരണം. സംഭവത്തിൽ കേന്ദ്രന്ത്രി ജെ.പി. നദ്ദയും പ്രതികരണവുമായെത്തി. പാർലമെന്റിന്റെ അന്തസ്സിന് കളങ്കമുണ്ടാക്കുന്ന സംഭവമാണ് നടന്നതെന്ന് നദ്ദ വിമർശിച്ചു.
എന്നാൽ ആരോപണം സിങ്‍വി നിഷേധിച്ചിരുന്നു. രാജ്യസഭയിലേക്ക് പോയപ്പോൾ കൈയിൽ ഉണ്ടായിരുന്നത് 500 രൂപയുടെ നോട്ട് മാത്രമാണ് എന്നായിരുന്നു വിവാദത്തിൽ സിങ്‍വിയുടെ ആദ്യപ്രതികരണം. 'ആദ്യമായാണ് ഇത്തരത്തിലൊരു ആരോപണം കേൾക്കുന്നത്.
രാജ്യസഭയില്‍ പോയപ്പോള്‍ എന്റെ കൈയില്‍ 500 രൂപ മാത്രമാണ് ഉണ്ടായിരുന്നത്. ഞാന്‍ സഭയില്‍ എത്തിയത് 12.57നാണ്. ഒരുമണിക്ക് സഭ പിരിഞ്ഞു. പിന്നീട് 1.30 വരെ ഞാന്‍ അയോധ്യ എം.പി. അവധേഷ് പ്രസാദിനൊപ്പം പാര്‍ലമെന്റ് കാന്റീനിലായിരുന്നു' സിങ്വി വ്യക്തമാക്കി.
നോട്ടുകെട്ടുകൾ കണ്ടെത്തിയതിൽ അന്വേഷണം പ്രഖ്യാപിച്ചതിനെ അദ്ദേഹം സ്വാഗതംചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.