ന്യൂഡൽഹി: രാഷ്ട്രപതിയാകുന്നതിനു മുമ്പത്തെ രാഷ്ട്രീയ ജീവിതം മുഴുവൻ കോൺഗ്രസിൽ നിറഞ്ഞുനിന്ന പ്രണബ് മുഖർജി ജൂൺ ഏഴിന് നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനത്ത് പ്രചാരകന്മാരെ അഭിസംബോധന ചെയ്യാൻ പോകുന്നതിനെക്കുറിച്ച് ദേശീയതലത്തിൽ ആശ്ചര്യം നിറഞ്ഞ ചർച്ചകൾ. ആർ.എസ്.എസിനെ പലരൂപത്തിൽ തുറന്നെതിർത്ത പ്രണബ് മുഖർജി എന്തുെകാണ്ട് ഇൗ തീരുമാനമെടുത്തുവെന്ന അമ്പരപ്പിലാണ് കോൺഗ്രസ് നേതാക്കൾ. ആർ.എസ്.എസിനോടുള്ള അയിത്തം നീങ്ങുന്നതിലെ സന്തോഷമാണ് ബി.ജെ.പി നേതാക്കൾക്ക്. 82കാരനായ പ്രണബ് മുഖർജി 2019ൽ പ്രധാനമന്ത്രി സ്ഥാനാർഥിയുടെ വേഷം കെട്ടാൻ ഒരുങ്ങുന്നുവെന്ന ഉപകഥയും പ്രചരിക്കുന്നു.
രാജ്യത്തെ വർഗീയമായി ഭിന്നിപ്പിക്കുകയും കേന്ദ്രത്തിൽ റിമോട്ട് കൺട്രോൾ ഭരണം നടത്തുകയുമാണ് ആർ.എസ്.എസെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അടിക്കടി കുറ്റപ്പെടുത്തുന്നുണ്ട്. ഗാന്ധിവധത്തിൽ ആർ.എസ്.എസിെൻറ പങ്കിനെക്കുറിച്ചു പറഞ്ഞതിന് കോടതി കയറേണ്ടിയും വന്നിരുന്നു. അദ്ദേഹത്തിെൻറ രാഷ്ട്രീയ ഗുരു കൂടിയാണ് പ്രണബ് മുഖർജി. ആർ.എസ്.എസ് ദേശവിരുദ്ധരാണെന്നും ദുരൂഹമായി പ്രവർത്തിക്കുന്നവരാണെന്നുമൊക്കെ മുഖർജിയും പലവട്ടം പറഞ്ഞിട്ടുണ്ട്.
ഇതിനെല്ലാമിടയിലും ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതുമായി പ്രണബ് മുഖർജിക്കുള്ള വ്യക്തിബന്ധം നേരത്തേ മറനീക്കിയിരുന്നു. രാഷ്ട്രപതി ഭവനിലേക്ക് ഭാഗവതിനെ വിളിച്ച് വിരുന്നുനൽകിയത് ഏറെ ചർച്ചയാവുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും നല്ല ബന്ധം. ആർ.എസ്.എസ് ആസ്ഥാനത്ത് കഴിഞ്ഞ പതിറ്റാണ്ടുകളിൽ കോൺഗ്രസ് നേതാക്കളാരും പ്രസംഗിക്കാൻ പോയിട്ടില്ലെന്നിരിക്കേ തന്നെയാണ്, മുഖർജിയുടെ യാത്ര. മുൻ രാഷ്ട്രപതി രാഷ്ട്രീയത്തിന് അതീതനാണെന്ന വിശദീകരണങ്ങൾ ഉയരുന്നുണ്ട്. യാത്രയെക്കുറിച്ച് അദ്ദേഹത്തോടു തന്നെ ചോദിക്കണമെന്നാണ് കോൺഗ്രസ് വക്താവ് ടോം വടക്കൻ പ്രതികരിച്ചത്. ഒന്നും പറയാനില്ല എന്നതാണ് കോൺഗ്രസിന് ആകെക്കൂടി പറയാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1934ൽ വാർധയിൽ നടന്ന സംഘ് ശിബിരത്തിൽ മഹാത്മഗാന്ധി പെങ്കടുത്തിട്ടുണ്ടെന്നാണ് ആർ.എസ്.എസ് മുഖപത്രമായ ഒാർഗനൈസർ പറയുന്നത്. ഭാരതത്തിെൻറ ഭാവിയെക്കുറിച്ച് അന്നത്തെ ആർ.എസ്.എസ് മേധാവി ഹെഡ്ഗേവാറുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും അതിൽ പറയുന്നു. ഗാന്ധി വധിക്കപ്പെട്ടത് 1948ലാണ്. ഇന്ദിരഗാന്ധി വധത്തിനു ശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളിൽ കോൺഗ്രസ് തന്നെ പ്രധാനമന്ത്രിയാക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പ്രണബ് മുഖർജിക്ക് 2004ൽ യു.പി.എ ഭരണം പിടിച്ചപ്പോൾ മൻമോഹൻസിങ്ങിനു വേണ്ടിയും വഴിമാറി കൊടുക്കേണ്ടി വന്നിരുന്നു. രാഷ്ട്രപതിയായി രാഷ്്ട്രീയം അവസാനിപ്പിച്ചുവെന്നു കരുതിയ സ്ഥാനത്താണ് പുതിയ ചർച്ചകൾ.
ബി.ജെ.പിയിതര, കോൺഗ്രസിതര മുന്നണിയുടെ മുൻനിരയിൽ പ്രണബ് നിന്നാൽ പൊതുസ്വീകാര്യനായി മാറുമെന്ന രാഷ്ട്രീയമാണ് ഇതിന് ഉപോൽബലകമായി പറയുന്നത്. മമത ബാനർജിയെ മൂന്നാംചേരിക്കു വേണ്ടി പ്രോത്സാഹിപ്പിക്കുന്നത് മുഖർജിയെത്ര. പ്രധാനമന്ത്രി സ്ഥാനാർഥിയായാലും ഇല്ലെങ്കിലും, മൂന്നാം ചേരിക്ക് അധികാരത്തിൽ വരാൻ സാഹചര്യമുണ്ടായാൽ മുഖർജി നിർണായക പങ്ക് വഹിക്കാൻ സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.