ഹൈദരാബാദ്: രാജ്യത്തെ 130 കോടി ജനങ്ങളെയും സംഘ്പരിവാർ കാണുന്നത് ഹിന്ദുക്കളായാണെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. ദേശീയബോധമുള്ളവരും രാജ്യത്തിന്‍റെ സംസ്കാരത്തോടും പാരമ്പര്യത്തോടും ബഹുമാനമുള്ളവരും ഹിന്ദുക്കളാണ്. അതിനാൽ, മതഭേദമില്ലാതെ രാജ്യത്തെ 130 കോടി ജനങ്ങളെയും ആർ.എസ്.എസ് ഹിന്ദുക്കളായാണ് കാണുന്നത്. ഇന്ത്യ പാരമ്പര്യത്താൽ ഹിന്ദുത്വരാഷ്ട്രമാണ്. തെലങ്കാനയിൽ ആർ.എസ്.എസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഭാഗവത്.
മുഴുവൻ സമൂഹവും തങ്ങളുടേതാണ്. ഒത്തൊരുമയുള്ള സമൂഹത്തെ വാർത്തെടുക്കുകയാണ് തങ്ങളുടെ ലക്ഷ്യം. മാതൃദേശത്തോട് കൂറുള്ളവരും രാജ്യത്തോടും ജനങ്ങളോടും ജലത്തോടും മണ്ണിനോടും ജന്തുക്കളോടും രാജ്യത്തിന്‍റെ സാംസ്കാരിക-പാരമ്പര്യത്തോടും കൂറുള്ളവരുമാണ് ഹിന്ദുക്കൾ.
ഇന്ത്യയുടെ മക്കളെല്ലാം ഹിന്ദുക്കളാണ്. ഏത് ഭാഷ സംസാരിക്കുന്നവരായാലും ഏത് മേഖലയിൽ നിന്നായാലും ഏത് ആരാധന നടത്തുന്നവരായാലും ഹിന്ദുക്കളാണ്. അതുകൊണ്ടാണ് 130 കോടി ജനതയെയും ഞങ്ങൾ ഹിന്ദുക്കളായി കാണുന്നത്.
നാനാത്വത്തിൽ ഏകത്വം എന്നൊരു ചൊല്ലുണ്ട്. എന്നാൽ നമ്മുടെ രാജ്യം ഒരു പടി മുന്നിലാണ്. നാനാത്വത്തിൽ ഏകത്വമല്ല, ഏകത്വത്തിൽ നാനാത്വമാണ് നമുക്കുള്ളത്. നമ്മൾ വൈവിധ്യങ്ങൾക്കിടയിൽ ഏകത്വം തിരയുകയല്ല. വൈവിധ്യങ്ങളിലേക്ക് നയിക്കുന്ന ഏകത്വമാണ് നമുക്കുള്ളതെന്നും ഭാഗവത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.