ശ്രീനഗർ: പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീർ നിയമസഭയിൽ ഇന്നും കൈയാങ്കളി. പ്രമേയം പിൻവലിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടതോടെയാണ് വാക്കേറ്റവും കൈയാങ്കളിയുമുണ്ടായത്. ഉമർ അബ്ദുല്ല സർക്കാർ കൊണ്ടുവന്ന പ്രമേയത്തിനെതിരെ ബി.ജെ.പി അംഗങ്ങൾ ഇന്നലെയും വൻ പ്രതിഷേധം ഉയർത്തിയിരുന്നു.
അവാമി ഇത്തിഹാദ് പാർട്ടി എം.എൽ.എ ഖുർഷിദ് അഹമ്മദ് ശൈഖ് ആർട്ടിക്കിൾ 370 പുന:സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ബാനർ ഉയർത്തിയതോടെ ബി.ജെ.പിക്കാർ പ്രതിഷേധവുമായി ഇറങ്ങി. പ്രതിപക്ഷ നേതാവ് സുനിൽ ശർമ ബാനറിനെതിരെ രംഗത്തെത്തി. തുടർന്ന്, പ്രമേയം അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി അംഗങ്ങൾ നടുത്തളത്തിലിറങ്ങി. ഇതേത്തുടർന്ന് 15 മിനിറ്റോളം സഭ നിർത്തിവെച്ചു. രാജ്യവിരുദ്ധമാണ് പ്രമേയമെന്നും പാക് അജണ്ടയാണെന്നും ബി.ജെ.പി ആരോപിച്ചു.
പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം ചർച്ചയില്ലാതെയാണ് കഴിഞ്ഞ ദിവസം പാസാക്കിയത്. സഭ കലുഷിതമായതിനുപിന്നാലെ സ്പീക്കർ ശബ്ദവോട്ട് നിർദേശിക്കുകയായിരുന്നു. സംസ്ഥാനത്തിന്റെ പ്രത്യേക പദവി കേന്ദ്രം ഏകപക്ഷീയമായി നീക്കിയതിൽ പ്രമേയം ആശങ്ക പ്രകടിപ്പിച്ചു. ഉപമുഖ്യമന്ത്രി സുരിന്ദർ ചൗധരിയാണ് പ്രമേയം അവതരിപ്പിച്ചത്. ‘ജമ്മു-കശ്മീരിലെ ജനങ്ങളുടെ അവകാശങ്ങളും സംസ്കാരവും സ്വത്വവും സംരക്ഷിക്കുന്ന ഭരണഘടനാ ഉറപ്പുകളുടെയും പ്രത്യേക പദവിയുടെയും പ്രാധാന്യത്തെ ഈ നിയമസഭ വീണ്ടും ഉറപ്പിക്കുന്നു’എന്ന് പ്രമേയം വ്യക്തമാക്കി. ‘ഏകപക്ഷീയമായി അത് റദ്ദാക്കിയതിൽ ആശങ്ക രേഖപ്പെടുത്തുന്നു’വെന്നും പ്രമേയം തുടർന്നു.
അതേസമയം, തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന് തങ്ങൾ പൂർത്തീകരിച്ചുവെന്ന് നാഷനൽ കോൺഫറൻസ് പ്രതികരിച്ചു. നിയമസഭ അതിന്റെ ജോലി പൂർത്തിയാക്കിയെന്ന് മുഖ്യമന്ത്രി ഉമർ അബ്ദുല്ലയും പറഞ്ഞു. ശബ്ദവോട്ടിനെ പി.ഡി.പി, പീപ്ൾസ് കോൺഫറൻസ്, സി.പി.എം അംഗങ്ങൾ പിന്തുണച്ചു.
2019ലാണ് ജമ്മു -കശ്മീരിന് പ്രത്യേക പദവി നൽകുന്ന 370ാം ഭരണഘടന അനുച്ഛേദം നരേന്ദ്ര മോദി സർക്കാർ റദ്ദാക്കിയത്. തുടർന്ന് സംസ്ഥാനം വിഭജിച്ച് ജമ്മു-കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളുമാക്കി.
ശ്രീനഗർ: ജമ്മു -കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാൻ കേന്ദ്രം ചർച്ച തുടങ്ങണമെന്നാവശ്യപ്പെടുന്ന നിയമസഭ പ്രമേയത്തെ പിന്തുണച്ച് പാർട്ടികൾ. പ്രമേയം ചരിത്രപരമാണെന്നും ഇത് പാസാക്കിയ എല്ലാ അംഗങ്ങളെയും അഭിവാദ്യം ചെയ്യുന്നുവെന്നും സി.പി.എം നേതാവും കുൽഗാം എം.എൽ.എയുമായ എം.വൈ. തരിഗാമി പറഞ്ഞു.
പി.ഡി.പി യുവജന നേതാവും പുൽവാമ എം.എൽ.എയുമായ വഹീദ് പർറ പ്രമേയം സ്വാഗതം ചെയ്തു. ഇത് ജമ്മു -കശ്മീരിലെ ജനതയുടെ താൽപര്യ പ്രകാരമുള്ളതാണെന്ന് പർറ വ്യക്തമാക്കി. എന്നാൽ, ചില വാക്കുകൾക്ക് കുറച്ചുകൂടി കരുത്ത് വേണ്ടതായിരുന്നു. ആഗസ്റ്റ് അഞ്ചിലെ സംഭവത്തെ പ്രമേയം അപലപിക്കുന്നില്ല. മാത്രവുമല്ല, പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന് കൃത്യമായി പറയുന്നുമില്ല. പദവി പുനഃസ്ഥാപനത്തിന് ഒരു ചർച്ചയുടെയും ആവശ്യമില്ലെന്നും അദ്ദേഹം തുടർന്നു.
പ്രമേയത്തിൽ സന്തോഷമുണ്ടെന്നും 2019ൽ സംഭവിച്ചത് ജമ്മു- കശ്മീർ ജനതയുടെ താൽപര്യത്തിന് വിരുദ്ധമായ കാര്യമാണെന്നും പീപ്പിൾസ് കോൺഫറൻസ് ചെയർമാനും എം.എൽ.എയുമായ സജാദ് ലോൺ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.