ചെന്നൈ: 'ലക്ഷദ്വീപ് ഡെവലപ്മെൻറ് അതോറിറ്റി റെഗുലേഷൻ 2021' കരട് പിൻവലിക്കണമെന്ന് മുൻ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ഒമേഷ് സൈഗൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു. പ്രാദേശിക ജനങ്ങളോട് ആലോചിക്കാതെ കേന്ദ്രസർക്കാർ നിയന്ത്രണങ്ങളോ ചട്ടങ്ങളോ ഉണ്ടാക്കരുതെന്ന് അമിത് ഷാക്ക് അയച്ച കത്തിൽ സൈഗൽ വ്യക്തമാക്കി. കരട് നിയമത്തിലെ ചില വ്യവസ്ഥകൾ മണ്ടത്തരങ്ങളാണെന്നും ഇത് ദ്വീപ് പ്രദേശത്തിന് അനുയോജ്യമല്ലെന്നും ഡൽഹി പോലുള്ള നഗരത്തിൽനിന്ന് പടച്ചുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
'കരടിൽ നഗര-ഗ്രാമ പ്രദേശങ്ങളുടെ ചിട്ടയായതും പുരോഗമനപരവുമായ വികസനത്തെക്കുറിച്ചും ഭൂമി ഏറ്റെടുക്കലിനെ സംബന്ധിച്ചും പറയുന്നുണ്ട്. എന്നാൽ, നഗര വികസനത്തിനുള്ള പ്രദേശങ്ങളോ ഭൂമി ഏറ്റെടുക്കാൻ കഴിയുന്ന രീതിയിലുള്ള സ്ഥലമോ അവിടെയില്ല. നഗരവികസനം പോലുള്ള വാക്കുകൾ കരടിൽ ഉപയോഗിക്കണമെങ്കിൽ ഇത് തയാറാക്കിയ വ്യക്തിക്ക് ദ്വീപിനെക്കുറിച്ച് ഒന്നും അറിയില്ലെന്ന് വ്യക്തമാണ്. 99 ശതമാനവും മണലുള്ള സ്ഥലത്ത് മണ്ണിൽ കൃഷി വ്യാപകമാക്കുമെന്ന മണ്ടത്തരവും ഇതിലുണ്ട്.
പുതിയ അഡ്മിനിസ്ട്രേറ്റർ അഞ്ച് മാസത്തിനിടയിൽ കടുത്തതും വിപരീത ഫലങ്ങൾ വരുത്തുന്നതുമായ നിരവധി നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്. ഇത് ദ്വീപിലെ സാധാരണ ജനജീവിതത്തെ ബാധിച്ചു. അംഗൻവാടികൾ അടച്ചു. വർഷങ്ങളോളം ജോലി ചെയ്ത നിരവധി പേരെ പിരിച്ചുവിട്ടു. സ്കൂളുകളിൽ മാംസം നിരോധിച്ചു,
സുപ്രീം കോടതി നിയോഗിച്ച സമിതി തയാറാക്കിയ സംയോജിത ശാസ്ത്രീയ പദ്ധതി പ്രകാരം നിർമിച്ച ഡസൻ കണക്കിന് മത്സ്യത്തൊഴിലാളി ഷെഡ്ഡുകൾ പൊളിച്ചുമാറ്റി. കുറ്റകൃത്യങ്ങളില്ലാത്ത നാട്ടിൽ ഗുണ്ടാ ആക്റ്റ് കൊണ്ടുവന്നു. ഡയറി ഫാമുകൾ അടച്ചു. പഞ്ചായത്ത് നിയമങ്ങൾ ഭേദഗതി ചെയ്തു. ഇതിനെല്ലാം പുറമെ ലക്ഷദ്വീപ് വികസന ചട്ടങ്ങൾ 2021ലെ കരട് വ്യവസ്ഥകൾ എല്ലാവരെയും അസ്വസ്ഥമാക്കുകയാണെന്നും സൈഗൽ കത്തിൽ വ്യക്തമാക്കി.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി മൂന്നുവർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട് സൈഗൽ. ഇന്ത്യ ഫിലിംസ് ഡിവിഷനായി ലക്ഷദ്വീപിൽനിന്ന് രണ്ട് ചലച്ചിത്രങ്ങളും ദൂരദർശന് വേണ്ടി 'സാഗരിക' എന്ന സീരിയലും ഇദ്ദേഹം തയാറാക്കി. കൂടാതെ നാഷനൽ ബുക്ക് ട്രസ്റ്റിനായി 'ലക്ഷദ്വീപ്' എന്ന പേരിൽ പുസ്തകവും പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.