എല്ലാ നോട്ടിന്‍െറയും മുഖം മാറും; എ.ടി.എമ്മിലും പരിഷ്കരണം 

ന്യൂഡല്‍ഹി: അസാധുവാക്കിയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ജനം വട്ടം കറങ്ങുന്നതിനിടയില്‍, എല്ലാ കറന്‍സികള്‍ക്കും രൂപമാറ്റം വരുത്താന്‍ പോവുകയാണെന്ന് സര്‍ക്കാര്‍. കള്ളനോട്ട് തടയാനുള്ള സവിശേഷ സുരക്ഷാ മാനദണ്ഡങ്ങളോടെ ഏതാനും മാസത്തിനകം 1000 രൂപ നോട്ട് വീണ്ടുമിറക്കും. 100 രൂപ മുതല്‍ താഴോട്ടുള്ള എല്ലാ നോട്ടുകളും പുതിയ സവിശേഷതകളോടെ പുറത്തിറക്കും. പ്രചാരത്തിലുള്ളവ പിന്‍വലിക്കില്ല. എ.ടി.എമ്മിലും പരിഷ്കരണം കൊണ്ടുവരുന്നുണ്ട്. 

പുതിയ 500 രൂപ, 2000 രൂപ നോട്ട് എ.ടി.എമ്മിലത്തൊന്‍ വൈകുകയാണെങ്കിലും 50 രൂപയും വൈകാതെ എ.ടി.എമ്മില്‍നിന്ന് കിട്ടിത്തുടങ്ങും. അളവിനും വലുപ്പത്തിനുമൊത്ത പ്രത്യേക സോഫ്റ്റ്വെയര്‍ ക്രമീകരണം വേണ്ടിവരുന്നതുകൊണ്ടാണ് 2000 രൂപ നോട്ട് ഉടനടി എ.ടി.എമ്മിലൂടെ നല്‍കാന്‍ കഴിയാത്തത്. സംസ്ഥാനത്ത് എ.ടി.എം കൗണ്ടറുകള്‍ വെള്ളിയാഴ്ച മുതല്‍ ഭാഗികമായി പ്രവര്‍ത്തിച്ച് തുടങ്ങും. മെഷിനുകളിലുണ്ടായിരുന്ന അഞ്ഞൂറിന്‍െറയും ആയിരത്തിന്‍െറയും നോട്ടുകള്‍ക്ക് പകരം 50,100 നോട്ടുകള്‍ നിറക്കുന്നത് പലയിടത്തും പൂര്‍ത്തിയായി. വെള്ളിയാഴ്ച മുതല്‍ ഈമാസം 18 വരെ പ്രതിദിനം എ.ടി.എമ്മില്‍നിന്ന് പിന്‍വലിക്കാവുന്ന പരമാവധി തുക 2000 രൂപയായിരിക്കും. 19 മുതല്‍ ഡിസംബര്‍ 30 വരെ 4000 രൂപ പിന്‍വലിക്കാം. 

അതേസമയം, രാജ്യത്ത് എ.ടി.എമ്മുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്നത് വൈകും. മറ്റു ബാങ്കുകളുടെ എ.ടി.എം ഉപയോഗിക്കുമ്പോള്‍ ചുമത്തിയിരുന്ന സര്‍ചാര്‍ജ് എടുത്തുകളഞ്ഞു.  അടുത്ത ഏതാനും ആഴ്ചകളില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാവുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. ചെറിയ ബാങ്കുനിക്ഷേപങ്ങളുടെ പേരില്‍ ആദായനികുതി വകുപ്പ് ഇടപാടുകാരെ പീഡിപ്പിക്കില്ല. വലിയ തുകയുടെ ഇടപാടുകള്‍ക്ക് നികുതി നല്‍കേണ്ടിവരുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ഇതിനിടെ, മഹാരാഷ്ട്രയിലെ നിരവധി ക്ഷേത്രങ്ങള്‍ക്കും ട്രസ്റ്റുകള്‍ക്കും ലഭിച്ച അസാധാരണ സംഭാവനകള്‍, സഹകരണബാങ്കുകളിലെ കരുതല്‍ധന വര്‍ധന എന്നിവയെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.
 

Tags:    
News Summary - rupee ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.