മുംബൈ: യഥാർഥ നാഷനൽ കോൺഗ്രസ് പാർട്ടി (എൻ.സി.പി) അജിത് പവാർ പക്ഷത്തിന്റേതാണെന്ന് തെരഞ്ഞെടുപ്പ് കമീഷൻ വിധിയെഴുതിയതോടെ ഇന്ത്യൻ രാഷ്ട്രീയത്തിലെ ചാണക്യൻ എന്നറിയപ്പെടുന്ന ശരദ് പവാറിന് പുതിയ പേരും ചിഹ്നവും കണ്ടെത്തേണ്ടിവന്നു. ആറ് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവതത്തിൽ ഇതാദ്യമായല്ല പേരും ചിഹ്നവും പവാർ മാറുന്നത്. എന്നാൽ, ഇത്തവണത്തേത് മുമ്പത്തേത് പോലെയല്ല. നിർണായകമായ ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് ഏതാനും മാസങ്ങൾ ബാക്കിനിൽക്കെയുള്ള തെരഞ്ഞെടുപ്പു കമീഷന്റെ വിധി പവാറിനെ കുഴക്കും. ‘നാഷനൽ കോൺഗ്രസ് പാർട്ടി-ശരദ്ചന്ദ്ര പവാർ’ എന്ന പേരാണ് പുതുതായി പവാർ പക്ഷത്തിന് അനുവദിച്ചത്. പുതിയ പേരും ചിഹ്നവും ഗ്രാമീണ വോട്ടർമാരുടെ ഉള്ളിൽ പതിയണം. അല്ലെങ്കിൽ പവാറിനുള്ള വോട്ടുകളും പഴയതുപോലെ എൻ.സി.പിക്കും ‘ടൈംപീസ്’ ചിഹ്നത്തിനും വീഴും.
തെരഞ്ഞെടുപ്പ് കമീഷന്റെ വിധിയിലെ കെണി ഇതാണെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. 84ാം വയസ്സിലെത്തിയ പവാറിനു മുന്നിലെ വലിയ വെല്ലുവിളി ഇതാണ്. ഗ്രാമീണർക്ക് പവാറാണ് പാർട്ടിയും ചിഹ്നവും. എങ്കിലും വോട്ട് ചെയ്യുമ്പോൾ കണ്ടുപതിഞ്ഞ ‘ടൈംപീസാണ്’ അവരുടെ മനസ്സിൽ വരുക. അതിനാൽ ഗ്രാമീണരിലേക്ക് പവാർ ഇറങ്ങിച്ചെന്ന് അവരെ പറഞ്ഞു മനസ്സിലാക്കിക്കണം. കമീഷന്റെ വിധിക്കുപിന്നിൽ അദൃശ്യ കരമുണ്ടെന്ന് കേന്ദ്ര സർക്കാറിനെ ഉന്നംവെച്ച് സുപ്രിയ സുലെ ആരോപിച്ചിട്ടുണ്ട്.
അജിത് പവാർ പാർട്ടി പിളർത്തിയ നിമിഷം മുതൽ താൻ ജനങ്ങളിലേക്കിറങ്ങി പുതുതായി പാർട്ടിയെ കെട്ടിപ്പടുക്കുമെന്ന് പ്രഖ്യാപിച്ചതാണ് പവാർ. അതിനായി യാത്രകൾ തുടങ്ങുകയും ചെയ്തു. ദേശീയതലത്തിലെ പ്രതിപക്ഷ കൂട്ടായ്മയായ ‘ഇൻഡ്യ’യുടെയും മഹാരാഷ്ട്രയിലെ മഹാവികാസ് അഗാഡിയുടെയും നെടും തൂണാണ് പവാർ. നിതീഷ് കുമാറിനെ എൻ.ഡി.എയിൽ കൊണ്ടുപോയതിന് പിന്നാലെയാണ് പവാറിനെതിരായ കമീഷന്റെ വിധി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.