ന്യൂഡൽഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ റുമേനിയയിൽ നിന്നും ഹംഗറിയിൽ നിന്നും വന്നിറങ്ങിയ യുക്രെയ്നിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർഥികൾക്ക് ഒരേ അപേക്ഷ. കിഴക്കൻ മേഖലയിലും മധ്യ യുക്രെയ്നിലും കുടുങ്ങിക്കഴിയുന്ന തങ്ങളുടെ കൂട്ടുകാരെ ഏത് വിധേനയും രക്ഷപ്പെടുത്തണം. തങ്ങൾ അതിർത്തിയിലെത്തിയെന്ന് അറിയിച്ച് അവർ നിരന്തരം വിളിച്ചുകൊണ്ടിരിക്കുകയാണെന്നും വിദ്യാർഥികൾ പറഞ്ഞു.
ഇന്ത്യ തുടങ്ങിയ രക്ഷാദൗത്യം വഴി എത്തിയ വിദ്യാർഥികളിലേറെപ്പേരെയും യുക്രെയ്ൻ അതിർത്തികളിലെത്തിച്ചത് അവർ പഠിക്കുന്ന സർവകലാശാലകളും ഇന്ത്യയിൽ നിന്ന് അവരെ കൊണ്ടുപോയ കോഓഡിനേറ്റർമാരും ചേർന്നാണെന്ന് വിദ്യാർഥികൾ പറഞ്ഞു. റുമേനിയ, ഹംഗറി അതിർത്തി കടക്കുന്ന തങ്ങൾക്കായി ഇന്ത്യൻ എംബസി എല്ലാ സൗകര്യവും ചെയ്തുതന്നുവെന്നും അവർ പറഞ്ഞു.
അതിർത്തി കടത്തിത്തന്നത് മലയാളി കോഓഡിനേറ്റർ
ശനിയാഴ്ച യുക്രെയ്നിലെ പ്രാദേശിക സമയം രാവിലെ ഏഴിനാണ് തങ്ങൾ കാമ്പസിൽ നിന്ന് ഇറങ്ങിയതെന്ന് ഹംഗറി വഴി മടങ്ങിയെത്തിയ പത്തനംതിട്ട സ്വദേശി അൽ അമീൻ മാധ്യമത്തോട് പറഞ്ഞു. തങ്ങളെ യുക്രെയ്നിലേക്ക് പഠനത്തിന് കൊണ്ടുപോയ മലയാളി കോഓഡിനേറ്റർ പാലക്കാട് പട്ടാമ്പിയിലെ ഫവാസാണ് ബസിൽ യുക്രെയ്ൻ അതിർത്തി കടത്തിയത്. ഞങ്ങളെ അതിർത്തിയിലെത്തിച്ച ശേഷം മറ്റുള്ളവരെയും ചെക്ക്പോസ്റ്റ് കടത്താനുള്ള ശ്രമത്തിലാണ് ഫവാസ് എന്നും അൽ അമീൻ പറഞ്ഞു.
അടുത്ത മാസമാദ്യം വരാനിരുന്നവർ
യുദ്ധം ഉണ്ടായില്ലെങ്കിൽ തന്നെ സെമസ്റ്റർ അവസാനിപ്പിച്ച് മാർച്ച് പത്തിന് യുക്രെയ്നിൽ നിന്ന് മടങ്ങാനിരുന്ന മലയാളി വിദ്യാർഥികളാണ് യുദ്ധക്കെടുതിയിൽ കുടുങ്ങിയതെന്ന് തൊടുപുഴ സ്വദേശി ഡിറ്റോ രാജു പറഞ്ഞു. ഹോസ്റ്റൽ അടക്കുകയും അടുത്ത സെമസ്റ്റർ ക്ലാസുകൾ ഓൺലൈനിലാക്കാമെന്നും യൂനിവേഴ്സിറ്റി അറിയിച്ചിരുന്നു. എന്നാൽ ഇന്ത്യക്കാർ മടങ്ങണമെന്ന വിദേശ മന്ത്രാലയത്തിന്റെ അറിയിപ്പ് വന്നതോടെ വരവ് നേരത്തെയാക്കാൻ എല്ലാവരും ടിക്കറ്റെടുത്തു. കൂട്ടത്തോടെയുള്ള ബുക്കിങ്ങിൽ വിമാന നിരക്ക് കൂടി. അടുത്ത ദിവസങ്ങളിൽ ടിക്കറ്റ് കിട്ടാതാവുകയും ചെയ്തുവെന്ന് രാജു പറഞ്ഞു.
യുക്രെയ്നിൽ പഠിക്കാൻ പോയത് എന്തു കൊണ്ട്?
യൂറോപ്യൻ മാനദണ്ഡങ്ങൾക്ക് അനുസൃതമായ പാഠ്യപദ്ധതിയുള്ള യുക്രെയ്നിൽ മെഡിസിൻ പഠിക്കാൻ ഒരു വർഷത്തെ പരമാവധി ചെലവ് ആറ് ലക്ഷം രൂപയാണെന്നതാണ് വിദ്യാർഥികളെ അങ്ങോട്ട് ആകർഷിക്കാൻ കാരണമെന്ന് ഒന്നാം വർഷ വിദ്യാർഥിയായ തിരുവനന്തപുരം മണക്കാട് സ്വദേശിയായ ഇജാസ് പറഞ്ഞു. ഹംഗറി അതിർത്തിയോട് അടുത്ത ഉഷുറുഡ് നാഷനൽ യൂനിവേഴ്സിറ്റിയിലെ ഒന്നാം വർഷ വിദ്യാർഥികളിൽ 60 പേർ മലയാളികളാണ്. ഒന്നാം വർഷക്കാർ മാത്രമാണ് ഇപ്പോൾ വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.