സചിൻ പൈലറ്റ് കോൺഗ്രസ് വിടുന്നു; പുതിയ പാർട്ടി പ്രഖ്യാപിച്ചേക്കും

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് അടുത്ത രാജസ്ഥാനിൽ കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾ ചൂടുപിടിക്കെ, മുൻ ഉപമുഖ്യമന്ത്രിയും വിമത നേതാവായ സചിൻ പൈലറ്റ് പാർട്ടി വിടുമെന്ന് സൂചന. പുതിയ പാർട്ടി രൂപീകരിക്കാൻ ധാരണയായിട്ടുണ്ട്. പ്രാദേശിക പാർട്ടി പ്രഖ്യാപിക്കാനാണ് തീരുമാനം. സചിൻ പൈലറ്റിന്റെ പിതാവ് രാജേഷ് പൈലറ്റിന്റെ ചരമ വാർഷിക ദിനമായ ജൂൺ 11 ന് പുതിയ പാർട്ടി പ്രഖ്യാപിക്കുമെനാണ് കരുതുന്നത്. പ്രഗതിശീൽ കോൺഗ്രസ് എന്നായിരിക്കും പാർട്ടിയുടെ പേരെന്നാണ് റിപ്പോർട്ട്.

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായുള്ള അധികാരത്തർക്കത്തിനൊടുവിലാണ് പൈലറ്റ് പാർട്ടിയിൽ നിന്ന് പുറത്തുപോകുന്നത്. പാർട്ടി പ്രഖ്യാപനത്തിന് മുമ്പായി അനുഗ്രഹങ്ങൾ തേടി ക്ഷേത്ര സന്ദർശനത്തിലാണ് പൈലറ്റ്. ജയ്പൂരിൽ റാലി സംഘടിപ്പിച്ചായിരിക്കും പുതിയ പാർട്ടിയുടെ പ്രഖ്യാപനമെന്നാണ് വിവരം.

സചിനൊപ്പം എത്ര എം.എൽ.എമാർ പാർട്ടി വിടുമെന്നതാണ് കോൺഗ്രസ് ഉറ്റുനോക്കുന്നത്. ഇത് സർക്കാറിൽ ഇളക്കം തട്ടിക്കുമോ എന്ന ഭയത്തിലാണ് കേന്ദ്ര നേതൃത്വം.

2020ലേതു പോലെയല്ല, ഇത്തവണ സചിൻ പൈലറ്റ് പരസ്യമായി മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശമുന്നയിക്കുകയും മാധ്യമങ്ങളിൽ നിന്ന് അകന്നു നിൽക്കുകയും ചെയ്തു. 2020 ൽ 30 എം.എൽ.എമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട സചിൻ പൈലറ്റ് പാർട്ടി വിട്ട് പുറത്തുപോകുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ അന്ന് കേന്ദ്ര ഇടപെടലിനെ തുടർന്ന് എം.എൽ.എമാരെ വശത്താക്കിയ അശോക് ഗെഹ്ലോട്ട് വിശ്വാസവോട്ടെടുപ്പിൽ വിജയിക്കുകയും ചെയ്തു. അന്ന് 19 എം.എൽ.എമാരാണ് സചിനൊപ്പം നിന്നത്. അന്ന് ഉപമുഖ്യമന്ത്രി സ്ഥാനവും പാർട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനവും വാഗ്ദാനം ചെയ്താണ് സചിനെ കൂടെ നിർത്തിയത്. എന്നാൽ ഇപ്പോൾ അവസ്ഥ അതല്ല. പാർട്ടി സചിന് സ്ഥാനമാനങ്ങളൊന്നും വാഗ്ദാനം ചെയ്തിട്ടില്ല.

അതേസമയം, ഏപ്രിൽ 11 ന് സചിൻ അശോക് ഗെഹ്​ലോട്ട് സർക്കാറിനെതിരെ പ്രത്യക്ഷ സമരം നടത്തി. ബി.ജെ.പിയുടെ വസുന്ധര രാജെ സർക്കാറിന്റെ കാലത്ത് നടന്ന അഴിമതിയിൽ നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഏകദിന ഉപവാസ സമരമാണ് നടത്തിയത്. പ്രത്യക്ഷ സമരം പാർട്ടിയെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു. അതിനു ശേഷം അഴിമതി​ക്കെതിരായി 125 കിലോമീറ്റർ പദയാത്രയും പൈലറ്റ് സംഘടിപ്പിച്ചു. വസുന്ധര രാജെ സർക്കാറിന്റെ കാലത്തെ അഴിമതിയിൽ നടപടി സ്വീകരിക്കാൻ 15 ദിവസത്തെ ഡെഡ് ലൈനാണ് അദ്ദേഹം ഗെഹ്ലോട്ട് സർക്കാറിന് നൽകിയിരുന്നത്.

Tags:    
News Summary - Sachin Pilot explores floating pragatisheel Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.