'അങ്ങനെ ചെയ്തിരുന്നെങ്കിൽ രാജസ്ഥാനിൽ കോൺഗ്രസ് ജയിച്ചേനെ'

ന്യൂഡൽഹി: കുറച്ചുകൂടി അധികം പരിശ്രമവും മികച്ച സ്ഥാനാർഥികളുമുണ്ടായിരുന്നെങ്കിൽ രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിച്ചേനെയെന്ന് സചിൻ പൈലറ്റ്. താനും അശോക് ഗെഹ്ലോട്ടും തമ്മിലുണ്ടായിരുന്ന അഭിപ്രായ ഭിന്നതകൾ പരിഹരിച്ചതാണ്. അത് തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചിട്ടില്ലെന്നും ലോക്മാത് നാഷണൽ കോൺക്ലേവിൽ പങ്കെടുക്കവേ മുൻ ഉപമുഖ്യമന്ത്രി കൂടിയായിരുന്ന സചിൻ പൈലറ്റ് പറഞ്ഞു.

'രാജസ്ഥാനിൽ കോൺഗ്രസിന് നല്ല സാധ്യതയുണ്ടായിരുന്നു. വളരെ മികച്ച പ്രവർത്തനം നമ്മൾ നടത്തി. എന്നാൽ, കുറച്ചുകൂടി പരിശ്രമിക്കുകയും നല്ല സ്ഥാനാർഥികളെ നിർത്തുകയും ചെയ്തിരുന്നെങ്കിൽ കോൺഗ്രസ് തന്നെ ജയിക്കുമായിരുന്നു. 25 സിറ്റിങ് മന്ത്രിമാർ മത്സരിച്ചതിൽ 18ഓളം പേരും തോറ്റു. അവർക്ക് പകരം വ്യത്യസ്തമായ മറ്റൊരു സ്ഥാനാർഥിയായിരുന്നെങ്കിൽ പ്രകടനം കൂടുതൽ മെച്ചപ്പെടുമായിരുന്നു' -സചിൻ പൈലറ്റ് പറഞ്ഞു.

പ്രവർത്തകർക്ക് പ്രാധാന്യം നൽകുന്നതിലും പാർട്ടിക്ക് പരാജയമുണ്ടായെന്ന് സചിൻ അഭിപ്രായപ്പെട്ടു. ചില തിരുത്തലുകൾ വരുത്തണമെന്നാണ് എനിക്ക് തോന്നുന്നത്. പാർട്ടി പ്രവർത്തകർ അഞ്ചു വർഷവും കഠിനമായി പ്രവർത്തിച്ചിട്ടുണ്ട്. അവർക്ക് കൂടുതൽ പരിഗണനയും പങ്കാളിത്തവും നൽകണമായിരുന്നു. പ്രവർത്തകരുടെ ഊർജ്ജമാണ് ഏതൊരു പാർട്ടിയെയും വിജയത്തിലെത്തിക്കുന്നത്.

മതവും മതവിശ്വാസ പ്രകാരം ജീവിക്കലും വ്യക്തികളുടെ അവകാശമാണെന്ന് അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയിൽ പങ്കെടുക്കാനുള്ള ക്ഷണം കോൺഗ്രസ് നിരസിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി സചിൻ പറഞ്ഞു. എല്ലാവർക്കും അവരവരുടെ മതവിശ്വാസത്തിൽ അഭിമാനമാണുള്ളത്. എന്നാൽ, അതിനെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗപ്പെടുത്തുന്നത് തെറ്റാണ്. ഭരണകൂടം മതവിശ്വാസത്തിൽ നിന്ന് മുക്തമായിരിക്കണം.

സുപ്രീംകോടതി വിധിയെ അടിസ്ഥാനമാക്കിയാണ് രാമക്ഷേത്രം നിർമിച്ചത്. രാമക്ഷേത്രം നിർമിച്ചതിൽ എല്ലാവർക്കും സന്തോഷമുണ്ട്. എന്നാൽ, ചടങ്ങിലേക്ക് ആരെയൊക്കെ ക്ഷണിക്കണം, എത്രപേരെ ക്ഷണിക്കണം എന്നൊക്കെ തീരുമാനിക്കേണ്ടത് ആരാണ്? നമ്മൾ രാമഭക്തരല്ലേ? എനിക്ക് ക്ഷണം ലഭിച്ചിട്ടില്ല -സചിൻ പറഞ്ഞു. 

Tags:    
News Summary - Sachin Pilot says Congress could have won Rajasthan polls with more effort

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.