ന്യൂഡൽഹി: കോവിഡ് വ്യാപനത്തിനിടെ ആശുപത്രിയിൽ ജോലിക്കിടെ മരിച്ച സുരക്ഷ ജീവനക്കാരന്റെ ഭാര്യക്ക് 50 ലക്ഷം രൂപ അനുവദിക്കാൻ ഡൽഹി ഹൈകോടതി കേന്ദ്ര സർക്കാറിനും സഫ്ദർജംഗ് ആശുപത്രിക്കും നിർദേശം നൽകി. കോവിഡിനെ പ്രതിരോധിക്കുന്ന ആരോഗ്യ പ്രവർത്തകർക്കുള്ള ഇൻഷുറൻസ് പദ്ധതിയിൽ ആനുകൂല്യം നിഷേധിച്ചതിനെതിരായ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്.
സുരക്ഷ ജീവനക്കാർ കോവിഡ് രോഗികളുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നില്ലെന്നും ജോലിക്കിടെ മരിച്ചയാൾ സർക്കാർ ജീവനക്കാരനല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ആനുകൂല്യം നിഷേധിച്ചത്. എന്നാൽ, ഇക്കാര്യത്തിൽ കോവിഡ് വാർഡിലോ കേന്ദ്രത്തിലോ നിയമിക്കപ്പെട്ടവർക്ക് മാത്രം ആനുകൂല്യമെന്ന സങ്കുചിത സമീപനം സ്വീകരിക്കാൻ കേന്ദ്ര സർക്കാറിന് കഴിയില്ലെന്ന് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് പറഞ്ഞു. രോഗവ്യാപനത്തിനിടെ ആശുപത്രികളുടെ സുരക്ഷ ഉറപ്പാക്കുക മാത്രമല്ല, രോഗികളെ ശരിയായ കേന്ദ്രത്തിലേക്ക് പറഞ്ഞുവിടാൻ വഴികാട്ടികളായി സുരക്ഷ ജീവനക്കാരും പാരാമെഡിക്കൽ ജീവനക്കാരും പ്രവർത്തിക്കുകയായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. 2020 ജൂണിൽ മരിച്ച ദിലീപ് കുമാറിനെ കോവിഡ് രോഗികളുടെ പരിചരണത്തിനായി നിയോഗിച്ചിട്ടില്ലെന്നും അത്തരം രോഗികളുമായി നേരിട്ട് സമ്പർക്കമുണ്ടായിരുന്നില്ലെന്നും കേന്ദ്ര സർക്കാർ വാദിച്ചു.
സംസ്ഥാന സർക്കാർ ജീവനക്കാരുടെ കുടുംബങ്ങൾക്ക് മാത്രമേ പദ്ധതി ബാധകമാകൂ എന്നും കേന്ദ്ര സർക്കാർ കരാറടിസ്ഥാനത്തിൽ നിയമിച്ചയാളായതിനാൽ ഈ പരിരക്ഷ ലഭിക്കില്ലെന്നുമായിരുന്നു ഡൽഹി സർക്കാറിന്റെ വാദം.
കോവിഡ് രോഗികളെ സംരക്ഷിക്കുന്നതിനിടയിൽ ജീവൻ നഷ്ടമായവരുടെ കുടുംബാംഗങ്ങൾക്കുള്ള പദ്ധതിയുടെ അന്തഃസത്ത തകർക്കുകയാണ് ആനുകൂല്യം നിഷേധിച്ചതിലൂടെ കേന്ദ്ര സർക്കാർ ചെയ്തതെന്നും കോടതി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.