മുംബൈ: ശതകോടീശ്വരനും ജെ.എസ്.ഡബ്ല്യു ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ സജ്ജൻ ജിൻഡാലിനെതിരെ ബലാത്സംഗ പരാതി. 2022 ജനുവരിയിൽ ജിൻഡാൽ തന്നെ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് നടിയാണ് രംഗത്തുവന്നത്. 2022 ജനുവരിയിൽ ബാന്ദ്ര-കുർള കോംപ്ലക്‌സിലെജെ.എസ്.ഡബ്ല്യു കമ്പനിയുടെ ഹെഡ് ഓഫിസിനു മുകളിലുള്ള പെന്റ്‌ഹൗസിൽ വച്ചാണ് സംഭവം നടന്നതെന്ന് നടി പറഞ്ഞു. പരാതി നൽകിയിട്ടും പൊലീസ് പരാതി രജിസ്റ്റർ ചെയ്യാൻ തയാറായില്ലെന്നും നടി ആരോപിച്ചു. തുടർന്നാണ് അവർ കോടതിയെ സമീപിപ്പിച്ചത്. പരാതി രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവിടുകയായിരുന്നു.
2021 ഒക്ടോബറിൽ ദുബൈയിലെ സ്റ്റേഡിയത്തിലെ വി.ഐ.പി ഗാലറിയിൽ ഐ.പി.എൽ മത്സരം കാണുന്നതിനിടെയാണ് ആദ്യമായി ജിൻഡാലിനെ കണ്ടതെന്ന് നടി പരാതിയിൽ പറയുന്നു. അതിനു ശേഷം എം.പി പ്രഫുൽ പട്ടേലിന്റെ മകന്റെ കല്യാണത്തിന് ജയ്പൂരിൽ ഇരുവരും വീണ്ടും കണ്ടുമുട്ടി. ദുബൈയിൽ റിയൽ എസ്റ്റേറ്റ് കൺസൽട്ടന്റ് ആയ നടിയുടെ സഹോദരന്റെ പേരിലുള്ള വീട് വാങ്ങാൻ ജിൻഡാൽ താൽപര്യം കാണിച്ചപ്പോൾ മൊബൈൽ നമ്പറുകൾ കൈമാറി. പിന്നീട് മുംബൈയിൽ കണ്ടുമുട്ടി. ജിൻഡാൽ പല വിധത്തിലുള്ള പ്രണയ മെസേജുകൾ മൊബൈൽ വഴി അയക്കാൻ തുടങ്ങിയെന്നും തന്റെ വിവാഹബന്ധത്തിൽ ചില പ്രശ്നങ്ങളുണ്ടെന്നും അസ്വസ്ഥനാണെന്നും പറഞ്ഞെന്നും നടി പരാതിയിൽ പറയുന്നു. വിവാഹിതനായിട്ടും നടിക്കൊപ്പം സമയം ചെലവഴിക്കാൻ ജിൻഡാൽ ആഗ്രഹം പ്രകടിപ്പിച്ചു. ഒരിക്കൽ ചുംബിക്കാനും ശ്രമിക്കുകയും ശാരീരിക ബന്ധത്തെ കുറിച്ചു സംസാരിക്കുകയും ചെയ്തു. എന്നാൽ വിവാഹശേഷം മാത്രമേ ഇതൊക്കെ നടക്കൂവെ എന്ന് നടി അറിയിച്ചു.
2022 ജനുവരിയിൽ കമ്പനിയുടെ ആസ്ഥാനത്ത് യോഗത്തിൽ പങ്കെടുക്കാൻ വന്നതായിരുന്നു നടി. തുടർന്ന് നടിയെ ജിൻഡാൽ പെൻഡ്ഹൗസിലേക്ക് കൊണ്ടുപോയി എതിർപ്പുകൾ വകവെക്കാതെ ബലാത്സംഗം ചെയ്യുകയുമായിരുന്നു എന്നാണ് പരാതി. അതിനു ശേഷവും അദ്ദേഹവുമായി സൗഹൃദബന്ധം തുടരാൻ ആഗ്രഹിച്ചിട്ട് മറുപടി ലഭിച്ചില്ലെന്നും നമ്പർ ബ്ലോക്ക് ചെയ്തുവെന്നും നടി ആരോപിച്ചു.
പരാതിയുമായി പൊലീസിനെ സമീപിച്ചാൽ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് നമ്പർ ബ്ലോക്ക് ചെയ്യുന്നതിന് മുമ്പ് ഭീഷണിപ്പെടുത്തുകയും ചെയ്തു. 2021 ഫെബ്രുവരിയിലാണ് ബി.കെ.സി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. എന്നാൽ ഒരു നടപടിയുമുണ്ടായില്ല. കോടതി ഇടപെട്ടതോടെയാണ് ജിൻഡാലിനെതിരെ പരാതി രജിസ്റ്റർ ചെയ്തത്. നടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 376, 354, 506 എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തായി പൊലീസ് അറിയിച്ചു. കൂടുതൽ അന്വേഷണം നടന്നുവരുന്നതായും പൊലീസ് വ്യക്തമാക്കി. നടിയുടെ പരാതിയെ കുറിച്ച് ജിൻഡാൽ ഗ്രൂപ്പ് പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.