സുപ്രീംകോടതിയിൽ തീർപ്പാകാതെ കിടക്കുന്ന ജാമ്യാപേക്ഷകൾ എത്ര? കാത്തിരിപ്പുകാലം എത്ര? വിവരാവകാശ ചോദ്യം

ന്യൂഡൽഹി: അർണബ് ഗോസ്വാമിയുടെ ഇടക്കാല ജാമ്യാപേക്ഷ ഒറ്റ ദിവസം കൊണ്ട് പരിഗണിച്ച് തീർപ്പുകൽപ്പിച്ച സുപ്രീംകോടതി നടപടിക്കെതിരെ വ്യാപക വിമർശനം ഉയരവേ തീർപ്പാകാതെ കിടക്കുന്ന ജാമ്യാപേക്ഷകൾ സംബന്ധിച്ച് വിവരാവകാശ ചോദ്യവുമായി ആക്ടിവിസ്റ്റ് സാകേത് ഗോഖലെ. രണ്ട് ചോദ്യങ്ങളാണ് ഇതുസംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം സമർപ്പിച്ച അപേക്ഷയിൽ ഉന്നയിച്ചിരിക്കുന്നത്.

സുപ്രീംകോടതിയിൽ ഇതുവരെ കെട്ടിക്കിടക്കുന്ന ഇടക്കാല ജാമ്യാപേക്ഷകൾ എത്ര, ഇടക്കാല ജാമ്യാപേക്ഷ സമർപ്പിച്ച് പരിഗണിക്കാനെടുക്കുന്നതിനുള്ള ശരാശരി കാത്തിരിപ്പുകാലം എത്ര എന്നീ ചോദ്യങ്ങളാണ് സാകേത് ഗോഖലെ ചോദിച്ചിരിക്കുന്നത്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾക്ക് 30 ദിവസത്തിനകം മറുപടി ലഭ്യമാക്കേണ്ടതുണ്ട്.


ആത്മഹത്യ പ്രേരണക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട അർണബ് ഗോസ്വാമിയുടെ ഇടക്കാല ജാമ്യഹരജി ഒറ്റദിവസം കൊണ്ട് ലിസ്റ്റ് ചെയ്തതിനെതിരെ നേരത്തെ സുപ്രീംകോടതി ബാർ അസോസിയേഷൻ തന്നെ രംഗത്തെത്തിയിരുന്നു. ബാർ അസോസിയേഷൻ പ്രസിഡന്‍റ് ദുഷ്യന്ത് ദവെ ഇതുസംബന്ധിച്ച് സുപ്രീംകോടതി സെക്രട്ടറി ജനറലിന് കത്ത് നൽകിയിരുന്നു. അടിയന്തരമായി ഹരജി ലിസ്റ്റ് ചെയ്തത് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ നിർദേശിച്ചത് കൊണ്ടാണോയെന്ന് വ്യക്തമാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം അർണബിന്‍റെ ഹരജി പരിഗണിക്കവേ മഹാരാഷ്ട്ര സർക്കാറിന് വേണ്ടി ഹാജരായ കപിൽ സിബൽ മലയാളി പത്രപ്രവർത്തകൻ സിദ്ദീഖ് കാപ്പന്‍റെ ജാമ്യാപേക്ഷ പരിഗണിക്കാത്തത് ചൂണ്ടിക്കാട്ടിയിരുന്നു. വ്യക്തിസ്വാതന്ത്ര്യം പരമപ്രധാനമാണെന്ന് ചൂണ്ടിക്കാട്ടി കോടതി അർണബിന് ജാമ്യം അനുവദിച്ചിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.