ബംഗളൂരു: ബംഗളൂരുവില്‍ കടുവത്തോല്‍ വില്പന നടത്തിയ യുവാവിനെ രണ്ടു പൊലീസുകാര്‍ തട്ടിക്കൊണ്ടുപോയി കുടുംബാംഗങ്ങളോട് 40 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. മാറത്തഹള്ളി സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ രംഗേഷ്, ഹെഡ് കോണ്‍സ്റ്റബിള്‍ ഹരീഷ് എന്നിവരാണ് രാമഞ്ജനേയ എന്നയാളെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ടത്.
സംഭവത്തില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ ഹരീഷിനെയും ഇവരെ സഹായിച്ച ഷാബിര്‍, സാക്കിര്‍ എന്നിവരെയും അറസ്റ്റ് ചെയ്തതായി സിറ്റി പൊലീസ് കമീഷണര്‍ സി.എച്ച്. പ്രതാപ് റെഡ്ഡി പറഞ്ഞു.കഴിഞ്ഞ ശനിയാഴ്ചയാണ് കടുവയുടെ തോലും നഖവും വില്പന നടത്തുകയായിരുന്ന രാമഞ്ജനേയയെ പിടികൂടിയത്.
എന്നാല്‍, കേസെടുക്കാതെ രംഗേഷും ഹരീഷും യുവാവിനെ വിജനമായ സ്ഥലത്തു കൊണ്ടുപോയി യുവാവിന്റെ കുടുംബത്തെ വിളിച്ച് മോചനദ്രവ്യമായി 40 ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം തന്നില്ലെങ്കില്‍ ജയിലില്‍ അടക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതേത്തുടര്‍ന്ന് കുടുംബാംഗങ്ങള്‍ ബംഗളൂരു പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസുകാരായ രംഗേഷും ഹരീഷുമാണ് പിന്നിലെന്ന് മനസ്സിലായത്. സബ് ഇന്‍സ്പെക്ടര്‍ രംഗേഷിനായി തിരച്ചില്‍ ആരംഭിച്ചതായും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.