അവരെ കണ്ടാൽ തോന്നില്ല അങ്ങനെയൊരു കുറ്റകൃത്യം ചെയ്യുമെന്ന് -സൽമാന്റെ വീടിനു നേർക്ക് വെടിവെച്ച പ്രതികളെ കുറിച്ച് ഗ്രാമീണർ

'സൽമാൻ ഖാന്റെ വീട്ടിലെത്തി വെടിയുതിർക്കാൻ തക്ക ധൈര്യമൊന്നും അവർക്കുണ്ടെന്ന് ഒരിക്കലും തോന്നിയിട്ടില്ല. അവരങ്ങനെയൊരു കുറ്റകൃത്യം ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ കരുതിയിരുന്നില്ല.'-സൽമാൻ ഖാന്റെ വീടിനു നേർക്ക് വെടിവെപ്പ് നടത്തിയ പ്രതികൾക്ക് വീട് വാടകക്ക് നൽകിയ ആൾ പറയുന്നു. പേര് പുറത്തുപറയരുതെന്ന അഭ്യർഥനയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഇക്കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് നടൻ സൽമാൻ ഖാന്റെ ബാന്ദ്രയിലെ ഗ്യാലക്സി അപാർട്മെന്റിന് മുന്നിൽ വെടിവെപ്പുണ്ടായത്. ബൈക്കിലെത്തിയ രണ്ടു യുവാക്കളാണ് വെടിവെച്ചത്. സംഭവത്തിൽ ബിഹാർ സ്വദേശികളായ വിക്കി കുമാർ ഗുപ്ത(25), സാഗർ കുമാർ പാൽ(23) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവർ മഹാരാഷ്ട്രയിലെ പൻവേലിലെ ഹരിഗ്രാമിലുള്ള ഒറ്റമുറി അപാർട്മെന്റിൽ വാടകക്കു താമസിക്കുകയായിരുന്നു.

സൽമാൻ ഖാന്റെ ഫാംഹൗസിൽ നിന്ന് ഏഴുകിലോമീറ്റർ അകലെയാണ് ഹരിഗ്രാം. കുറെകാലമായി ഈ ഫ്ലാറ്റിലാണ് പ്രതികളുടെ താമസം. സ്വന്തം ഭൂമിയിൽ കെട്ടിടം നിർമിച്ച് വാടകക്ക് കൊടുക്കുകയാണ് തന്റെ ജോലിയെന്നും വീട്ടുടമ പറഞ്ഞു. കുറച്ചു മാസങ്ങൾക്ക് മുമ്പാണ് വീട് വാടകക്ക് കിട്ടുമോ എന്ന് അന്വേഷിച്ച് എത്തിയത്. എന്റെ മകനാണ് അവർക്ക് ഫ്ലാറ്റ് കാണിച്ചുകൊടുത്തത്. അവർ ജോലി തേടിയാണ് മുംബൈയിലെത്തിയത്. ഏതു തരത്തിലുള്ള ജോലിയാണ് അന്വേഷിക്കുന്നത് എന്ന് ചോദിച്ചപ്പോൾ മുംബൈയിലാകുമ്പോൾ അവർക്ക് എളുപ്പം ജോലി കിട്ടുമെന്നായിരുന്നു മറുപടി. അങ്ങനെയാണ് ആ ഒറ്റമുറി ഫ്ലാറ്റ് 3000 രൂപ മാസവാടകക്ക് അവർക്ക് കൊടുക്കുന്നത്. സെക്യൂരിറ്റ് ഡെപ്പോസിറ്റായി 10,000 രൂപയും വാങ്ങി.-വീട്ടുടമ പറയുന്നു.

കരാറില്ലാതെ ഫ്ലാറ്റ് വാടകക്ക് നൽകാനാവില്ലെന്ന് അവരോട് പറഞ്ഞിരുന്നു. കരാറിനായി അവർ എല്ലാ രേഖകളും നൽകി. രേഖകൾ പരിശോധിച്ച് ഞാൻ ഫ്ലാറ്റ് അവർക്ക് വാടകക്ക് നൽകി. അവരുടെ പാൻ, ആധാർ കാർഡുകൾ എന്റെ മകനാണ് പരിശോധിച്ചത്. പേപ്പർ വർക്കുകൾ ശരിയാക്കിയതും അവനായിരുന്നു. അതിനു ശേഷം അവരുടെ കാര്യത്തിൽ ഞാൻ ഇടപെട്ടില്ല. പൊലീസ് അന്വേഷിച്ച് വന്നപ്പോഴാണ് കാര്യങ്ങൾ അറിയുന്നത്. മകനെ ചോദ്യം ചെയ്യാനായി പൊലീസ് ബാന്ദ്ര ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് വിളിപ്പിച്ചു. എന്റെ മകൻ എല്ലാ രേഖകളും പൊലീസിന് കൈമാറി. -വീട്ടുടമ കൂട്ടിച്ചേർത്തു.

''ജോലിയന്വേഷിച്ചാണ് ആ യുവാക്കൾ മുംബൈയിലേക്ക് വന്നത് എന്നായിരുന്നു ഞങ്ങൾ വിശ്വസിച്ചിരുന്നത്. അതിനാൽ ഇത്തരമൊരു കുറ്റകൃത്യത്തിൽ അവർ പങ്കാളികളാകുമെന്ന് ഞങ്ങൾ കരുതിയില്ല. അവരുമായി ഞങ്ങൾക്ക് ഒരു ബന്ധവുമില്ല. ഞങ്ങൾ തീർത്തും നിരപരാധികളാണ്.​''-എന്നാണ് ഗ്രാമീണർ പറയുന്നത്. അവരെ അപൂർവമായി മാത്രമേ കാണാറുള്ളൂ. അവരുടെ മുറികൾ എപ്പോഴും പൂട്ടിയിട്ടിരിക്കും. അർധരാത്രി കഴിഞ്ഞാണ് മുറിയിലേക്ക് വരിക. സൽമാൻ ഖാന്റെ വീടിനു നേർക്ക് വെടിവെച്ചത് ഈ യുവാക്കളാണെന്നറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്നും ഗ്രാമീണർ പറഞ്ഞു.

Tags:    
News Summary - Salman Khan firing case: had no idea jobless tenants were on such a mission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.