sambhal

'ഉച്ചഭാഷിണി നിയന്ത്രണം ലംഘിച്ചെന്ന്'; സംഭലിലെ മസ്‍ജിദ് ഇമാമിന് രണ്ട് ലക്ഷം പിഴ ചുമത്തി യു.പി പൊലീസ്

ലഖ്നോ: ശാഹി ജമാമസ്ജിദിന് ഹിന്ദുത്വവാദികൾ അവകാശവാദമുന്നയിച്ചതിനെ തുടർന്ന് നടന്ന വർഗീയ സംഘർഷത്തിൽ മുസ്‍ലിം യുവാക്കൾ കൊല്ലപ്പെട്ട സംഭലിൽ മറ്റൊരു പള്ളിയിലെ ഇമാമിനെതിരെ നടപടിയുമായി ഉത്തർപ്രദേശ് പൊലീസ്. ഉയർന്ന ശബ്ദത്തിൽ ഉച്ചഭാഷിണി ഉപയോഗിച്ചെന്ന് ആരോപിച്ച് ഇമാമിന് രണ്ട് ലക്ഷം രൂപ പിഴയിട്ടിരിക്കുകയാണ്. കോട് ഗാർവി മേഖലയിലെ അനാർ വാലി മസ്ജിദിലാണ് സംഭവം.

പള്ളിയിൽ ഉയർന്ന ശബ്ദത്തിൽ ഉച്ചഭാഷിണി ഉപയോഗിച്ചത് കേസിൽ നടപടിയെടുക്കാൻ പ്രേരിപ്പിച്ചതായും 23 കാരനായ തഹ്‌സീബ് എന്ന ഇമാമിന് മുൻകരുതൽ നടപടിയായി രണ്ട് ലക്ഷം രൂപ പിഴ ചുമത്തുകയും ശേഷം ജാമ്യം അനുവദിക്കുകയും ചെയ്തതായി സംഭൽ സബ്-ഡിവിഷണൽ മജിസ്‌ട്രേറ്റ് (എസ്‌.ഡി.എം) വന്ദന മിശ്ര പറഞ്ഞു. എസ്‌.ഡി.എം പാസാക്കിയ ഉത്തരവനുസരിച്ച് അടുത്ത ആറ് മാസത്തേക്ക് ഇത്തരം പ്രവൃത്തികളിൽ നിന്ന് വിട്ടുനിൽക്കാനും ഇമാമിനോട് നിർദ്ദേശിച്ചിട്ടുണ്ട്.

നവംബർ 24ന് മുഗൾ ഭരണകാലത്തെ ജമാ മസ്ജിദിൽ മുന്നറി‍യിപ്പ് ഇല്ലാതെ സർവേ നടക്കുന്നതിനിടെ പ്രദേശവാസികൾ പൊലീസിന് നേരെ കല്ലെറിഞ്ഞതോടെയാണ് സംഭലിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. കോടതി ഉത്തരവ് പ്രകാരം ആദ്യം ഒരു സർവേ നടത്തിയിരുന്നു.

തുടക്കത്തിൽ ആളുകൾ തടിച്ചുകൂടുകയും പിന്നീട് അക്രമം രൂക്ഷമാകുകയുമായിരുന്നു. സർവേ ഉദ്യോഗസ്ഥരെ പൊലീസ് സുരക്ഷിതമായി മാറ്റി.  സംഘർഷം രൂക്ഷമായതോടെയുണ്ടായ പൊലീസ് വെടിവെപ്പിലാണ് യുവാക്കൾ കൊല്ലപ്പെട്ടത്.

അതേസമയം, സംഭൽ ശാഹി മസ്‍ജിദ് ഉൾപ്പെടെയുള്ള ആരാധനാലയങ്ങളിലെ സർവേ നടപടികൾ സുപ്രിംകോടതി കഴിഞ്ഞ ദിവസം സ്‌റ്റേ ചെയ്തു. ആരാധനാലയങ്ങളിൽ അവകാശവാദം ഉന്നയിച്ചുള്ള ഒരു ഹരജിയും അനുവദിക്കരുതെന്നും കോടതികൾക്ക് സുപ്രിംകോടതി നിർദേശം നൽകി. 

Tags:    
News Summary - Sambhal mosque imam fined Rs 2 lakh for loudspeaker noise violation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.