ബി.ജെ.പിയെപ്പോലെ വർഗീയത ആയുധമാക്കി നേപ്പാൾ ജനത പാർട്ടി; ലക്ഷ്യം ഹിന്ദുരാഷ്ട്രം

ഇന്ത്യയുടെ അയൽരാജ്യമായ നേപ്പാളിലും വർഗീയത ആയുധമാക്കി ഒരു രാഷ്ട്രീയപ്പാർട്ടി. നേപ്പാൾ ജനതാ പാർട്ടി എന്ന്​ പേരിട്ടിരിക്കുന്ന സംഘടന ബി.ജെ.പിയെ അനുകരിച്ചാണ്​ നേപ്പാളിൽ പ്രവർത്തിക്കുന്നത്​. സംഘപരിവാറിനെപ്പോലെ ഒരു ഹിന്ദുരാഷ്ട്രമാണ്​ തങ്ങളുടേയും ലക്ഷ്യമെന്നാണ്​ എൻ.ജെ.പി പറയുന്നത്​.


ഈ മാസം ആദ്യം എൻ.ജെ.പിയുടെ 46 കാരനായ സീനിയർ വൈസ് പ്രസിഡന്റ് ഖേം നാഥ് ആചാര്യ ഡൽഹി സന്ദർശിച്ചിരുന്നു. ദേശീയ തലസ്ഥാനത്ത് അദ്ദേഹം ബിജെപി നേതാക്കളുമായി കൂടിക്കാഴ്​ച്ച നടത്തി. ജെ.പി. നദ്ദ, ബി.എൽ. സന്തോഷ്, കേന്ദ്രമന്ത്രി അർജുൻ റാം മേഘ്‌വാൾ, ലഡാക്ക് എംപി ജംയാങ് സെറിംഗ് നംഗ്യാൽ, ബാബ രാംദേവിന്റെ അസോസിയേറ്റ് ബാൽ കൃഷ്ണയെയും തുടങ്ങിയവരുമായെല്ലാം ഖേം നാഥ് കൂടിക്കാഴ്ച നടത്തി. ‘ദി പ്രിന്‍റു’മായി നടത്തിയ അഭിമുഖത്തിലാണ്​ തങ്ങളുടെ ആശയങ്ങളെക്കുറിച്ചും ബി.ജെ.പി ബാന്ധവ​​െത്തക്കുറിച്ചും ഖേം നാഥ് മനസുതുറന്നത്​.

‘നേപ്പാൾ ഭരിക്കുന്നത്​ മതേതരക്കാർ’

‘ജനസംഖ്യയുടെ 80 ശതമാനത്തിലേറെയും ഹിന്ദുമതം അനുഷ്ഠിക്കുന്നവരുള്ള നാടാണ്​ ദേവഭൂമിയായ നേപ്പാളിൽ. അവിടത്തെ ഹിന്ദുക്കൾ ഇപ്പോഴും തങ്ങളുടെ ഹിന്ദു സ്വത്വത്തെ ഭയപ്പെടുന്നു. അതിന്​ കാരണം രാജ്യത്തെ മതേതരർ എന്ന് വിളിക്കപ്പെടുന്നവരാണ്. മതപരിവർത്തനം ഇന്ന് വലിയ ഭീഷണിയാണ്. കുറച്ചു കാലമായി ഞങ്ങൾ ഇതിനെതിരേ ശബ്ദം ഉയർത്തുന്നു. ഇപ്പോൾ നേപ്പാളിനെ ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റാനുള്ള സമയം വന്നതായി ഞങ്ങൾക്ക് തോന്നുന്നു’-ഖേം നാഥ് പറഞ്ഞു.

2004 ലിലാണ്​ എൻ.ജെ.പി രൂപീകരിച്ചത്​. അന്നുമുതൽ നിരവധി തിരഞ്ഞെടുപ്പുകളിൽ അവർ പ്രവർത്തിച്ചുവരികയാണ്​. 2022ലാണ്​ എൻ.ജെ.പിക്ക്​ തങ്ങളുടെ ആദ്യ വിജയം കരസ്ഥമാക്കാൻ കഴിഞ്ഞത്​.

നേപ്പാളി രാഷ്ട്രീയത്തിൽ ഇന്ത്യയിലെ ഹിന്ദുത്വ ഗ്രൂപ്പുകളുടെ ഇടപെടൽ സജീവമാണെന്ന യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് റിപ്പോർട്ട് നേരത്തേ പുറത്തുവന്നിരുന്നു. നേപ്പാളിലെ രാഷ്ട്രീയക്കാർക്ക് മതേതരത്വത്തിനെ പ്രചരണം നടത്താനും വർഗീയത പ്രചരിപ്പിക്കാനും ഇന്ത്യൻ ഹിന്ദുത്വ പാർട്ടികൾ ഫണ്ട്​ നൽകുന്നതായും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് റിപ്പോർട്ട് പറഞ്ഞിരുന്നു.

‘ഒറ്റനോട്ടത്തിൽ എൻ.ജെ.പിയും ബി.ജെ.പിയെപ്പോലെയാണ്. ദീൻദയാൽ ഉപാധ്യായയുടെ ഇന്‍റഗ്രൽ ഹ്യൂമാനിറ്റി തന്നെയാണ്​ ഞങ്ങളുടേയും ആശയം. ഞങ്ങളുടെ തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ ഏറെക്കുറെ ഒന്നുതന്നെയാണ്​. പ്രത്യയശാസ്ത്രപരമായ മുന്നണിയിലും ഹിന്ദു രാഷ്ട്ര തത്വത്തിലും എൻജെപിയും ബിജെപിയും ഒന്നുതന്നെയാണ്​. ബിജെപിയെപ്പോലെ ദീൻദയാൽ ഉപാധ്യായ മുന്നോട്ടുവച്ച സമഗ്ര മാനവികതയിൽ ഞങ്ങൾ വിശ്വസിക്കുന്നു’-ഖേം നാഥ് ആചാര്യ പറയുന്നു.

നേപ്പാളിലെ രാഷ്ട്രീയം സാവധാനം മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘നേപ്പാളിനെ ഒരു ഹിന്ദു രാഷ്ട്രമായി അംഗീകരിക്കാതെ ‘മതേതരവാദികളും കമ്മ്യൂണിസ്റ്റുകളും’ എന്ന് വിളിക്കപ്പെടുന്നവർക്ക് പോലും അവരുടെ രാഷ്ട്രീയ പ്രവർത്തനം ഇപ്പോൾ സാധ്യമല്ല. 2022-ൽ, അന്നത്തെ ടൂറിസം, സാംസ്കാരിക മന്ത്രിയും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാളിന്റെ (യൂണിഫൈഡ് സോഷ്യലിസ്റ്റ്) നേതാവുമായ പ്രേം അലെ, നേപ്പാളിനെ ഒരു ഹിന്ദു രാഷ്ട്രമാക്കാനുള്ള ആവശ്യം പരിഗണിക്കുമെന്ന് പറഞ്ഞിരുന്നു. കാഠ്മണ്ഡുവിൽ വേൾഡ് ഹിന്ദു ഫെഡറേഷന്റെ ദ്വിദിന എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗത്തിന്റെ ഉദ്ഘാടന വേളയിൽ സംസാരിക്കവെ, അത്തരമൊരു ആവശ്യം ഉയർന്നാൽ താൻ ക്രിയാത്മകമായ പങ്ക് വഹിക്കുമെന്ന് അലെ പറഞ്ഞിട്ടുണ്ട്​’-ആചാര്യ പറഞ്ഞു.

ആചാര്യയുടെ അഭിപ്രായത്തിൽ, 2027 ലെ പൊതുതെരഞ്ഞെടുപ്പിൽ എൻ.ജെ.പിക്കാണ് കൂടുതൽ വിജയ സാധ്യത. പാർട്ടിക്ക് 40,000 അംഗങ്ങളുണ്ടെന്നും 2027 ലെ തിരഞ്ഞെടുപ്പിൽ നേപ്പാൾ പാർലമെന്റിലെ 275 സീറ്റുകളിൽ 100 എണ്ണത്തിലും മത്സരിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

‘ഞങ്ങൾ ഇപ്പോൾ പാർട്ടിയെ പുനരുജ്ജീവിപ്പിക്കുകയാണ്​. പ്രാദേശിക പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 17 സീറ്റുകൾ നേടാൻ കഴിഞ്ഞു, ഇത് ഞങ്ങൾക്ക് ഒരു തുടക്കമാണ്. ഞങ്ങൾ ഉയർത്തിക്കാട്ടുന്ന ഹിന്ദു സമൂഹവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ വോട്ടർമാരിൽ പ്രതിധ്വനിക്കുന്നതിനാൽ 2027ലെ തിരഞ്ഞെടുപ്പിൽ ഞങ്ങൾക്ക് വലിയ സാധ്യതയുണ്ട്​’-ആചാര്യ പറഞ്ഞു.


നേപ്പാൾ ഹിന്ദുരാഷ്ട്രമാക്കണം

നേപ്പാളിൽ ഹിന്ദു ദേശീയതയുടെ വ്യാപകമായി ശ്രദ്ധനേടുന്ന സമയത്താണ് ആചാര്യയുടെ ഇന്ത്യ സന്ദർശനം. ഈ വർഷം ഫെബ്രുവരിയിൽ, നേപ്പാൾ മുൻ രാജാവ് ഗ്യാനേന്ദ്ര ഷാ, രാജ്യ​െത്ത ‘ഹിന്ദു രാഷ്ട്രം’ ആക്കാനുള്ള പ്രചാരണത്തിൽ അണി ചേർന്നതായി റിപ്പോർട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ ബി.ജെ.പി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്ത കാര്യങ്ങളുടെ വിശദാംശങ്ങൾ പങ്കുവെക്കാൻ ആചാര്യ വിസമ്മതിച്ചു.

‘ഇതൊരു രാഷ്ട്രീയ സന്ദർശനമായിരുന്നു. അതേക്കുറിച്ച്​ പുറത്തുപറയുന്നത്​ ബുദ്ധിയല്ല. ഞങ്ങൾ ബി.ജെ.പി അധ്യക്ഷൻ ജെ.പി. നദ്ദയെപ്പോലുള്ള നിരവധി നേതാക്കളെ കണ്ടു.ഹരിയാനയിൽ നിന്നുള്ള ബി.ജെ.പി നേതാക്കളെയും കണ്ടു. നേതാക്കളെ കണ്ടത് അവർക്ക്​ സംഘപരിവാർ പശ്ചാത്തലമുള്ളതുകൊണ്ടാണ്​. ഞാനും ഒരു സംഘ നേതാവാണ്. ബി.ജെ.പിക്കും സംഘ പശ്ചാത്തലമുണ്ട്. അതുകൊണ്ടാണ് നേതാക്കളെ കാണാനും ഞങ്ങളുടെ അഭിപ്രായങ്ങൾ കൈമാറാനും ശ്രമിച്ചത്’ -ആചാര്യ പറഞ്ഞു.

നേപ്പാളിലെ എല്ലായിടത്തും താമര വിരിയുമെന്നും അദ്ദേഹം പറഞ്ഞു. ‘മതപരമായ വീക്ഷണകോണിൽ, ഇത് ലക്ഷ്മിയുമായും ബുദ്ധനുമായും ബന്ധപ്പെട്ടിരിക്കുന്നു. അതിനാലാണ് ഞങ്ങൾ താമര ചിഹ്നം സ്വീകരിക്കുകയും അത് ഞങ്ങളുടെ തിരഞ്ഞെടുപ്പ് ചിഹ്നമായി മാറുകയും ചെയ്തത്’- അദ്ദേഹം പറഞ്ഞു. ‘വേദങ്ങളുടെ ഉത്ഭവം നേപ്പാളിലാണ്. ദീൻദയാൽ ജി ഈ തത്ത്വചിന്തയ്ക്ക് ഒരു ലിഖിത രൂപം നൽകി. കുറച്ച് കാലമായി ബി.ജെ.പി ഈ പ്രത്യയശാസ്ത്രമാണ് പിന്തുടരുന്നത്. അൽപ്പം വൈകിയാണെങ്കിലും ഞങ്ങളും അതേ പ്രത്യയശാസ്ത്രം പിന്തുടരുകയാണ്’-ആചാര്യ പറഞ്ഞു.

നേപ്പാളിനെ ഹിന്ദുരാഷ്ട്രമാക്കുകയാണ് പാർട്ടിയുടെ ലക്ഷ്യം. അതുകൊണ്ടാണ് ബി.ജെ.പിയുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ ശ്രമിക്കുന്നത്. ഞങ്ങൾ ലോകമെമ്പാടുമുള്ള ഹിന്ദു സമാജം നേതാക്കളെ കാണാൻ ശ്രമിക്കുകയാണ്. ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും ഞങ്ങൾ ശ്രമിക്കുന്നു’-ഖേം നാഥ് ആചാര്യ പറഞ്ഞു.

Tags:    
News Summary - 'Same as BJP' in ideology, Nepal Janata Party works to expand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.