സ്വവർഗ ലൈംഗികത വരേണ്യ, നഗര സങ്കൽപമല്ല; ഗ്രാമത്തിൽ ജീവിക്കുന്നവർക്കും സ്വവർഗാനുരാഗം ഉണ്ടാകാം -ജസ്റ്റിസ് ചന്ദ്രചൂഡ്

ന്യൂഡൽഹി: സ്വവർഗ ലൈംഗികത വരേണ്യ, നഗര സങ്കൽപമല്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. സ്വവർഗ വിവാഹത്തിന് നിയമസാധുത ആവശ്യപ്പെട്ടുള്ള ഹരജികളിൽ പുറപ്പെടുവിച്ച വിധിയിലാണ് ഇക്കാര്യം ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടിയത്.

സ്വവർഗാനുരാഗത്തിന് വരേണ്യ, വർഗ വ്യത്യാസമില്ല. നഗരത്തിൽ ജീവിക്കുന്നവർക്കും ഗ്രാമത്തിൽ ജീവിക്കുന്നവർക്കും സ്വവർഗാനുരാഗം ഉണ്ടാകാം. നഗരത്തിൽ ജീവിക്കുന്ന എല്ലാവരും സമ്പന്ന വിഭാഗമാണെന്ന് പറയാനാവില്ല. വിവാഹം എന്നത് മാറ്റങ്ങൾക്ക് വിധേയമല്ലാത്ത സങ്കൽപമല്ല. നിയമനിർമാണ സഭകൾ തന്നെ വിവാഹത്തിൽ പരിഷ്കാരങ്ങൾ കൊണ്ടു വന്നിട്ടുണ്ട്. ഇഷ്ടമുള്ള ആളുടെ കൂടെ ജീവിക്കാൻ അവകാശമുണ്ടെന്നും തുല്യതയുടെ കാര്യമാണ്.

ലിംഗവും ലൈംഗികതയും ഒന്നായിരിക്കണമെന്ന് എന്നില്ല. ഭിന്നലിംഗ ദമ്പതികൾ മാത്രമേ നല്ല മാതാപിതാക്കളാകൂ എന്ന് പറയാനാവില്ല. സ്വവർഗ പങ്കാളികൾക്കും കുട്ടികളെ ദത്തെടുക്കാം. സ്വവർഗ പങ്കാളികളോട് വിവേചനം പാടില്ല. സ്വവർഗ പങ്കാളികുടെ അവകാശവും മൗലികാവകാശത്തിൽ ഉൾപ്പെടും.

സ്വവർഗ ദമ്പതികൾക്ക് ദത്തെടുക്കാനുള്ള അവകാശം നിഷേധിക്കുന്ന സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റിയുടെ സർക്കുലർ ഭരണഘടനയുടെ 15-ാം അനുച്ഛേദത്തിന്‍റെ ലംഘനമാണെന്നും വിധി ന്യായത്തിൽ ഡി.വൈ. ചന്ദ്രചൂഡ് പറയുന്നു.

സ്വവർഗ വിവാഹവുമായി ബന്ധപ്പെട്ട ഹരജിയിൽ സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഭിന്നവിധികളാണ് പുറപ്പെടുവിച്ചത്. ജസ്റ്റിസുമാരായ എസ്.കെ. കൗൾ, എസ്.ആർ. ഭട്ട്, ഹിമ കോഹ്ലി, പി.എസ്. നരസിംഹ എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങൾ.

സ്പെഷ്യൽ മാരേജ് ആക്ടിലെ നാലാം വകുപ്പ് നിലനിൽക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്‍റെ വിധിയിൽ ചൂണ്ടിക്കാട്ടി. സ്പെഷ്യൽ മാരേജ് ആക്ടിൽ മാറ്റം വേണോ എന്ന് പാർലമെന്‍റിന് തീരുമാനിക്കാം. പാർലമെന്‍റിന്‍റെ പരിധിയുള്ള വിഷയത്തിൽ കടന്നു ക‍യറുന്നില്ലെന്നും വിധി ന്യായത്തിൽ ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

സ്വവർഗാനുരാഗികൾ, ട്രാൻസ്ജെൻഡർ വ്യക്തികൾ, എൽ.ജി.ബി.ടി.ക്യു പ്ലസ് ആക്ടിവിസ്റ്റുകൾ, സംഘടനകൾ തുടങ്ങിയവർ നൽകിയ 20 ഹരജികളാണ് സുപ്രീംകോടതി പരിഗണിച്ചത്. സ്വവർഗ വിവാഹത്തിന് അംഗീകാരം നൽകണമെന്നും ഹരജിയിൽ പറയുന്നു.

Tags:    
News Summary - Same-sex marriage: CJI Chandrachud says homosexuality or queerness is not an urban concept

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.