കൊല്ലപ്പെട്ട എയറോണിക്സ് മീഡിയ എം.ഡി ഫനീന്ദ്ര സുബ്രഹ്മണ്യ, കേസിൽ അറസ്റ്റിലായ ജെ. ഫെലിക്സ് എന്ന ജോക്കർ ഫെലിക്സ്, വിനയ് റെഡ്ഡി, ശിവു

‘മറ്റൊരു ഹിന്ദു പുരോഹിതനെ കൂടി വധിച്ചു’ -ബംഗളൂരു ഇരട്ടക്കൊല വർഗീയവത്കരിച്ച് സംഘ്പരിവാർ അനുകൂലികളുടെ വ്യാജപ്രചാരണം

ബംഗളൂരു: മലയാളി സി.ഇ.ഒ ഉള്‍പ്പെടെ രണ്ടുപേരെ ബംഗളൂരുവിൽ പട്ടാപ്പകല്‍ ഓഫിസില്‍ കയറി വെട്ടിക്കൊന്ന സംഭവത്തെ വർഗീയവത്കരിച്ച് സംഘ്പരിവാർ അനുകൂലികൾ. ​‘മറ്റൊരു ഹിന്ദു പുരോഹിതനെ കൂടി കർണാടകയിൽ കൊലപ്പെടുത്തി’ എന്ന അടിക്കുറിപ്പോടെയാണ് എയറോണിക്സ് മീഡിയ സി.ഇ.ഒ കോട്ടയം സ്വദേശി ആർ. വിനുകുമാറിനൊപ്പം കൊല്ലപ്പെട്ട സ്ഥാപനത്തിന്റെ എം.ഡി ഫനീന്ദ്ര സുബ്രഹ്മണ്യ(36)​യുടെ ചിത്രം പ്രചരിപ്പിക്കുന്നത്.

‘കർണാടകയിലെ സ്നേഹത്തിന്റെ കട! ബെംഗളൂരുവിൽ മറ്റൊരു ഹിന്ദു നേതാവ് ഫനീന്ദ്ര സുബ്രഹ്മണ്യത്തെ വെട്ടിക്കൊന്നു. ധർമ ഗുരുക്കൻമാരെ വ്യവസ്ഥാപിതമായി ഇല്ലാതാക്കുകയാണോ? കോൺഗ്രസ് അവരുടെ സ്നേഹത്തിന്റെ കട തുറന്ന് ഒരുമാസം ആകുമ്പോ​ഴേക്കും ഹിന്ദു മൃതദേഹങ്ങൾ കുന്നുകൂടുന്നു. മാധ്യമങ്ങളും ഓൺലൈൻ ഹിന്ദു വീരന്മാരും എല്ലാം നിശബ്ദരാണ്’ -തുടങ്ങിയ വിദ്വേഷ പരാമർശങ്ങളോടെയാണ് ചിത്രം പ്രചരിപ്പിക്കുന്നത്.

എന്നാൽ, കൊല്ലപ്പെട്ട ഫനീന്ദ്ര സുബ്രഹ്മണ്യം മതപുരോഹിതനോ നേതാവോ അല്ല. ബിസിനസ് പകയുടെ പേരിലാണ് കൊലപാതകം അരങ്ങേറിയത്. സംഭവത്തിൽ പ്രതികളായ ഇയാളുടെ സ്ഥാപനത്തിലെ മുൻ ജീവനക്കാരൻ ജെ. ഫെലിക്സ് എന്ന ജോക്കർ ഫെലിക്സും കൂട്ടാളികളായ വിനയ് റെഡ്ഡി, ശിവു എന്നിവരും ഇന്ന് അറസ്റ്റിലാവുകയും ചെയ്തു. തുമകൂറു ജില്ലയിലെ കുനിഗൽ ടൗൺ പരിസരത്ത് നിന്ന് കർണാടക പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് നഗരത്തെ ഞെട്ടിച്ച ഇരട്ടക്കൊല നടന്നത്. അമൃതഹള്ളി പമ്പാ എക്സ്റ്റൻഷനിലെ കമ്പനി ഓഫിസിൽ അതിക്രമിച്ചുകയറി ആർ. വിനുകുമാർ (47), ഫനീന്ദ്ര സുബ്രഹ്മണ്യ (36) എന്നിവരെ മുൻ ജീവനക്കാരൻ ഫെലിക്സും കൂട്ടാളികളും വെട്ടിക്കൊല്ലുകയായിരുന്നു. വാളുപയോഗിച്ച് വെട്ടിക്കൊന്ന് പ്രതികൾ രക്ഷപ്പെടുകയായിരുന്നു. സ്വന്തമായി കമ്പനി തുടങ്ങണമെന്ന ആഗ്രഹത്തോടെയാണ് ഫെലിക്സ് എയറോണിക്സിലെ ജോലി അവസാനിപ്പിച്ചത്. തന്റെ ബിസിനസിന് വെല്ലുവിളിയാകുമെന്ന് മനസ്സിലായതോടെ എയറോണിക്സ് എം.ഡി ഫനീന്ദ്ര സുബ്രഹ്മണ്യനെ വകവരുത്താൻ ഫെലിക്സ് പദ്ധതിയിടുകയായിരുന്നു. കൊലപാതകത്തിന് ഒമ്പത് മണിക്കൂർ മുമ്പ് ഇൻസ്റ്റ സ്റ്റോറിയിൽ ഇതുസംബന്ധിച്ച് സൂചന നൽകിയിരുന്നു.

എയറോണിക്സ് മീഡിയയിൽ നേരത്തെ ജോലി ചെയ്തിരുന്ന ഫെലിക്സ് മറ്റൊരു ഇന്റർനെറ്റ് കമ്പനിക്ക് രൂപം നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വൈരമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. പരിക്കേറ്റ ഫനീന്ദ്രയും വിനുകുമാറും സംഭവസ്ഥലത്തുതന്നെ മരിച്ചു.

കഴിഞ്ഞ ദിവസം കർണാടകയിൽ പണത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ദിഗംബർ ജൈന സന്യാസി കാമകുമാര നന്ദി മഹാരാജ് കൊല്ലപ്പെട്ട സംഭവവും വർഗീയ സംഘ് പരിവാർ മുതലെടുപ്പിനുപയോഗിച്ചിരുന്നു. കൊലപാതകത്തിനിടയാക്കിയത് കോൺഗ്രസിന്‍റെ ഹിന്ദു വിരുദ്ധ നയങ്ങളാണെന്ന ആരോപണവുമായി വിശ്വ ഹിന്ദു പരിഷത് (വി.എച്ച്.പി) രംഗത്തെത്തിയിരുന്നു. സന്യാസിയുടെ മൃതദേഹം കഷണങ്ങളാക്കിയ നിലയിൽ കഴിഞ്ഞ ദിവസമാണ് പൊലീസ് കണ്ടെടുത്തത്. പണത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ മുഖ്യപ്രതി നാരായണ ബസപ്പ മാഡി, കൂട്ടുപ്രതി ഹസ്സൻ ദലയത്ത് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായവർക്ക് കാമകുമാര നന്ദി മഹാരാജ് പണം കടം കൊടുത്തിരുന്നു. ഈ പണം തിരിച്ചുചോദിച്ചപ്പോൾ അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ഇതാണ് വർഗീയ കൊലപാതകമാക്കി സംഘ്പരിവാർ പ്രചരിപ്പിച്ചത്.

Tags:    
News Summary - Sangh Parivar supporters communalise Bengaluru double murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.