ന്യൂഡൽഹി: ഹരിയാനയിലെ നൂഹിലും സമീപ പ്രദേശങ്ങളിലും മുസ്‌ലിംകൾക്കെതിരെ നടന്ന ആക്രമണങ്ങൾ യാദൃശ്ചികമല്ലെന്നും സംഘ്പരിവാറിന്റെ ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണെന്നും വെൽഫെയർ പാർട്ടി ദേശീയ പ്രസിഡന്റ് ഡോ. എസ്.ക്യു.ആർ ഇല്യാസ് പ്രസ്താവിച്ചു. ഭരണകൂട പിന്തുണയോടെയാണ് അക്രമങ്ങൾ നടന്നത്. സംഘർഷം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സംഘ്പരിവാർ നടത്തിയ യാത്രയ്ക്ക് അനുമതി നൽകിയതും പൊലീസ് മതിയായ സുരക്ഷ ഒരുക്കാതിരുന്നതും സംശയം ജനിപ്പിക്കുന്നതാണ്. ആക്രമണക്കൾക്കിടയിൽ ഗുഡ്ഗാവിലെയും സോഹ്നയിലെയും രണ്ട് മസ്ജിദുകൾക്കു തീയിടുകയും ഇമാമിനെ അടക്കം കൊലപ്പെടുത്തുകയും ചെയ്തു.
ആർ.എസ്.എസും നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും തുറന്നു വിട്ട ഹിന്ദുത്വ വിഷ ബീജങ്ങൾ ആയുധമേന്തി രാജ്യത്തെ മുസ്‍ലിംകളെ കൊന്നൊടുക്കാൻ ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമാണ് ജയ്പൂർ-മുംബൈ ട്രെയിനിൽ നടന്ന കൊലപാതകങ്ങളും ഹരിയാനയിലെ വംശീയാക്രമണങ്ങളും. ജയ്പൂർ-മുംബൈ ട്രെയിനിൽ ആർ.പി.എഫ് ഉദ്യോഗസ്ഥൻ മുസ്‍ലിംകളെ തേടിപ്പിടിച്ച് വെടിവെച്ച് കൊല്ലുകയാണുണ്ടായത്.
അത്യന്തം ഭീകരവും ക്രൂരവുമായ സംഭവമാണിത്. പിന്നാക്ക വിഭാഗത്തിൽപെട്ട മേലുദ്യോഗസ്ഥനെയും അയാൾ വകവരുത്തി. ആയുധമേന്തിയ ഹിന്ദുത്വ ഭീകരർ നടത്തുന്ന കൊലപാതകങ്ങൾ ഒറ്റപ്പെട്ട സംഭവമായി കാണാൻ കഴിയില്ല. തികഞ്ഞ ആസൂത്രണത്തോടെ നടക്കുന്ന വംശഹത്യാ പ്രൊജക്ടിൻ്റെ ഭാഗമാണിതെല്ലാം.
ഹരിയാനയിൽ പല സന്ദർഭങ്ങളിലും സർക്കാർ സംരക്ഷണയോടെ സംഘ്പരിവാർ ഗുണ്ടകൾ അക്രമം നടത്തുന്നുണ്ട്. ഭരണ നേട്ടങ്ങളാൽ അധികാരം നിലനിർത്താൻ കഴിയാത്ത ബി.ജെ.പി സർക്കാർ വംശീയതയുടെ തീകുണ്ഡത്തിലേക്ക് സംസ്ഥാനത്തെ വലിച്ചെറിഞ്ഞ് വോട്ട് നേടാൻ നടത്തുന്ന ശ്രമവും ഇതിന് പിന്നിൽ ഉണ്ട്.
മുസ്‍ലിം വംശഹത്യാ പദ്ധതിയുടെ നടപ്പാക്കലും മുസ്‌ലിം അപരവത്കരണമെന്ന സൂത്രവാക്യം ഉപയോഗിച്ച് അധികാരം നിലനിർത്താനുള്ള ശ്രമവുമാണ് സംഘ് പരിവാർ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഇരകളാണ് കൊല്ലപ്പെട്ട മുസ്‍ലിംകളും തകർക്കപ്പെടുന്ന പള്ളികളും. മുമ്പ് പശുക്കടത്തും ലൗ ജിഹാദും ആരോപിച്ച് കൊണ്ടായിരുന്നു സംഘ് പരിവാർ ആൾക്കൂട്ടം മുസ്‌ലിം സമൂഹത്തിനെതിരിൽ ആസൂത്രിതമായ അക്രമണങ്ങൾ നടത്തിയിരുന്നത്. ഇപ്പോൾ മോദിക്കും യോഗിക്കുമൊപ്പം നിൽക്കാതിരിക്കുക എന്നത് തന്നെ കൊല്ലാനുള്ള കാരണമായി മാറിയിരിക്കുകയാണ്.
ഈ ഘട്ടത്തിൽ ആർ.എസ്.എസും മോദിയും യോഗിയും പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വ വംശീയതക്കെതിരെ ശക്തമായ ജനകീയ പ്രതിരോധങ്ങളും യോജിച്ച പ്രതിഷേധങ്ങളുമുയരണമെന്ന് ഡോ. ഇല്യാസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.