ആഗ്ര: ആളുകളെ മതപരിവർത്തനം ചെയ്യാനുള്ള ക്രിസ്ത്യൻ മിഷനറിമാരുടെ തന്ത്രത്തിന്‍റെ ഭാഗമാണ് ക്രിസ്മസ് ആഘോഷമെന്ന് ആരോപിച്ച് യു.പിയിൽ തീവ്ര ഹിന്ദുത്വസംഘം സാന്താ ക്ലോസിന്‍റെ കോലം കത്തിച്ചു. ക്രിസ്മസ് തലേന്ന് വെള്ളിയാഴ്ച ആഗ്ര മഹാത്മാഗാന്ധി മാർഗിലെ സെന്‍റ് ജോൺസ് കോളജ് കവലയിലാണ് സംഭവം.
സാന്താക്ലോസ് എന്നറിയപ്പെടുന്ന വിശുദ്ധ നിക്കോളാസിന്‍റെ കോലം വഹിച്ചുകൊണ്ട് പ്രകടനമായെത്തിയ അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത്, രാഷ്ട്രീയ ബജ്‌രംഗ് ദൾ പ്രവർത്തകരാണ് കോലം കത്തിച്ചത്. സാന്താക്ലോസ് മുർദാബാദ് തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു സംഭവം. ക്രിസ്മസ് സമയത്ത് സാന്താക്ലോസിന്‍റെ കുതന്ത്രം ഉപയോഗിച്ച് ഹിന്ദുക്കളെ മതപരിവർത്തനം ചെയ്യാൻ ക്രിസ്ത്യൻ സമൂഹം നടത്തുന്ന ശ്രമങ്ങളെ ശക്തമായി എതിർക്കുമെന്ന് സംഘം പറഞ്ഞു.
മിഷനറി സ്‌കൂളുകൾ വിദ്യാർഥികളെ സാന്താക്ലോസിന്‍റെ വേഷം ധരിപ്പിച്ച് നിർബന്ധിത മതപരിവർത്തനം നടത്താൻ ശ്രമിക്കുകയാണെന്ന് അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത്, രാഷ്ട്രീയ ബജ്‌റംഗ് ദൾ ജനറൽ സെക്രട്ടറി അജ്ജു ചൗഹാൻ ആരോപിച്ചു. 'സമ്മാനം കൊടുക്കലൊന്നുമല്ല, ഹിന്ദുക്കളെ ക്രിസ്ത്യാനികളാക്കി മാറ്റലാണ് സാന്തയുടെ ഏക ലക്ഷ്യം. ഇനി അത് നടക്കില്ല. മതപരിവർത്തനത്തിനുള്ള ഒരു ശ്രമവും ഇവിടെ വിജയിക്കാൻ പോകുന്നില്ല. ഇനിയും ഇത് നിർത്തിയില്ലെങ്കിൽ മിഷനറി സ്‌കൂളുകളിൽ പ്രക്ഷോഭം നടത്തും' -അജ്ജു ചൗഹാൻ പറഞ്ഞു.
'ക്രിസ്ത്യൻ മതപരിവർത്തനം തടയാൻ രാഷ്ട്രീയ ബജ്‌റംഗ് ദളിന്റെ നേതൃത്വത്തിൽ ടീമുകൾ രൂപീകരിക്കും. ഈ സംഘങ്ങൾ മൊഹല്ലകളിലും മറ്റ് താമസകേന്ദ്രങ്ങളിലും നിരീക്ഷണം നടത്തും. ക്രിസ്തുമതത്തിലേക്ക് മാറാനുള്ള ദുരുദ്ദേശ്യപരമായ ശ്രമങ്ങൾ തടയും. ഏതെങ്കിലും മിഷനറി ഇത് ചെയ്യുന്നതായി കണ്ടെത്തിയാൽ അന്തരാഷ്‌ട്രീയ ഹിന്ദു പരിഷത്തും രാഷ്ട്രീയ ബജ്റംഗ്ദളും കർശന നടപടിയെടുക്കും' - സംഘടനയുടെ നേതാവായ അവതാർ സിങ് ഗിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.