ബംഗളൂരു: കുപ്രസിദ്ധ ഇടനിലക്കാരൻ കെ.എസ്. മഞ്ജുനാഥ് എന്ന സാൻട്രോ രവി (51) അറസ്റ്റിലായതോടെ കേസിൽ ആരോപണമുനയിൽ ബി.ജെ.പി നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും. സ്ത്രീകളെയും കുട്ടികളെയും ലൈംഗിക ആവശ്യങ്ങൾക്കായി മനുഷ്യക്കടത്ത് നടത്തുന്ന സാൻട്രോ രവിക്ക് ബി.ജെ.പി സർക്കാറിലെ ചില മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവരുമായുള്ള ബന്ധമാണ് ആരോപണവിധേയമാവുന്നത്.
മുമ്പ് ഹ്യുണ്ടായി സാൻട്രോ കാറിൽ സ്ത്രീകളെ ലൈംഗിക കച്ചവടത്തിനായി കടത്തിയിരുന്നതിനാലാണ് ഇയാൾക്ക് ‘സാൻട്രോ രവി’ എന്ന വിളിപ്പേര് ലഭിച്ചത്. കേസിൽ കൂടുതൽ അറസ്റ്റുണ്ടായേക്കുമെന്നും മന്ത്രിയോ രാഷ്ട്രീയക്കാരനോ ഉദ്യോഗസ്ഥനോ ആരുമാകട്ടെ കേസിൽ പങ്കുണ്ടെങ്കിൽ നീതിക്ക് മുന്നിൽ കൊണ്ടുവരുമെന്നും ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പ്രതികരിച്ചിരുന്നു.
സാൻട്രോ രവി കേസിൽ പൊലീസിനുമേൽ ഒരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്നും സുതാര്യമായ അന്വേഷണമാണ് നടക്കുന്നതെന്നും സർക്കാർ നിഷ്പക്ഷ നിലപാട് സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. പ്രതിയെ പിടികൂടാൻ വൈകുന്നത് സർക്കാറിന്റെ ഒത്തുകളിയാണെന്ന ആരോപണവുമായി പ്രതിപക്ഷമായ കോൺഗ്രസ് രംഗത്തെത്തിയിരുന്നു.
പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിനുവേണ്ടി ഇടപാടുറപ്പിക്കുന്ന സാൻട്രോ രവിയുടേതെന്ന ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. പാർട്ടി നേതാക്കളുമായും പൊലീസ് ഉദ്യോഗസ്ഥരുമായും തനിക്ക് നല്ല ബന്ധമാണുള്ളതെന്ന് ശബ്ദസന്ദേശത്തിൽ അദ്ദേഹം അവകാശപ്പെടുന്നുണ്ട്.
പ്രൈമറി വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ്, ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര, ആരോഗ്യമന്ത്രി കെ. സുധാകർ എന്നിവരോടൊപ്പം സാൻട്രോ രവി നിൽക്കുന്ന ഫോട്ടോകളും പുറത്തുവന്നിരുന്നു. എന്നാൽ, മന്ത്രിമാരുമായി സാൻട്രോ രവിക്ക് ബന്ധമുണ്ടെന്ന ആരോപണം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തള്ളി.
മന്ത്രിമാരുടെ സന്ദർശകരുടെയെല്ലാം പശ്ചാത്തലം പരിശോധിക്കുക എന്നത് പ്രായോഗികമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാൻട്രോ രവി ബി.ജെ.പി പ്രവർത്തകനാണെന്ന ആരോപണം കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ദിനേശ് ഗുണ്ടുറാവു ഉയർത്തിയിരുന്നു.
2019ലെ കോൺഗ്രസ്- ജെ.ഡി.എസ് സഖ്യ സർക്കാറിനെ വീഴ്ത്തിയ ഓപറേഷൻ താമരയിലും ഇയാൾക്ക് പങ്കുള്ളതായി ജെ.ഡി.എസ് നിയമസഭ കക്ഷി നേതാവ് എച്ച്.ഡി. കുമാരസ്വാമിയും ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.