ശ്രീനഗർ: തീവ്രവാദ കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ബുധനാഴ്ച അറസ്റ്റുചെയ്ത മുൻ സർപഞ്ചിനെ പാർട്ടി പുറത്താക്കിയിരുന്നതായി ബി.ജെ.പി. ഷോപിയാനിലെ മുൻ സർപഞ്ച് താരിഖ് അഹ്മദ് മിർ (36) ആണ് ബുധനാഴ്ച അറസ്റ്റിലായത്. ബി.ജെ.പി പിന്തുണയോടെ സർപഞ്ച് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇയാൾ, 2014ൽ ജമ്മു കശ്മീർ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച് പരാജയപ്പെടുകയും ചെയ്തിരുന്നു.
ജനുവരിയിൽ ഹിസ്ബുൽ മുജാഹിദീൻ തീവ്രവാദികളോടൊപ്പം അറസ്റ്റിലായ ജമ്മു കശ്മീർ ഡി.വൈ.എസ്.പി ദേവിന്ദർ സിങ്ങും കൂട്ടാളികളുമാണ് താരിഖിനെതിരെ എൻ.ഐ.എക്ക് മൊഴി നൽകിയത്. തീവ്രവാദ ഗ്രൂപ്പുകൾക്ക് ആയുധങ്ങൾ നൽകുന്നതിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് ഇവരുടെ മൊഴി. ഇതിെൻറ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
2011ലാണ് ഷോപിയാൻ സർപഞ്ചായി താരിഖ് തെരഞ്ഞെടുക്കപ്പെട്ടത്. 2014 ൽ ദക്ഷിണ കശ്മീരിലെ വാച്ചി നിയമസഭാ സീറ്റിൽ ബിജെ.പി സ്ഥാനാർത്ഥിയുമായിരുന്നു. എന്നാൽ, പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് പിന്നീട് ബി.ജെ.പിയിൽനിന്ന് പുറത്താക്കിയിരുന്നുവെന്ന് ശ്രീനഗറിലെ പാർട്ടി വക്താവ് അൽതാഫ് താക്കൂർ പറഞ്ഞു. 2018 ഒക്ടോബർ 3 ന് പ്രാഥമിക അംഗത്വം റദ്ദാക്കിയതായാണ് താക്കൂർ ‘ദി ഹിന്ദു’വിനോട് പറഞ്ഞത്.
‘‘പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നില്ലെന്ന് കണ്ടെത്തിയപ്പോൾ, അച്ചടക്ക സമിതി അദ്ദേഹത്തിെൻറ അംഗത്വം അവസാനിപ്പിച്ചു. നമ്മുടെ പ്രത്യയശാസ്ത്രവുമായി പൊരുത്തപ്പെടാത്ത പാർട്ടികളുമായി അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു’’ -താക്കൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.