ശശികല തമിഴ്നാട് മുഖ്യമന്ത്രി

ചെന്നൈ: മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വി.കെ ശശികല നടരാജൻ തമിഴ്നാട് മുഖ്യമന്ത്രിയാകും. ഇതിന് മുന്നോടിയായി ശശികലയെ അണ്ണാ ഡി.എം.കെ നിയമസഭാ കക്ഷി നേതാവായി പാർട്ടി എം.എൽ.എമാർ തെരഞ്ഞെടുത്തു. ചെന്നൈ പോയസ് ഗാർഡനിൽ നടന്ന എം.എൽ.എമാരുടെ യോഗത്തിലാണ് തീരുമാനം. രണ്ടു ദിവസത്തിനകം ശശികല തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോർട്ട്.

പാർലമെന്‍ററി പാർട്ടിയോഗത്തിൽ നിലവിലെ മുഖ്യമന്ത്രി ഒ. പനീർശെൽവം ശശികലയുടെ പേര് കക്ഷി നേതാവ് സ്ഥാനത്തേക്ക് നിർദേശിച്ചു. തുടർന്ന് അംഗങ്ങൾ ശശികലയെ പിന്തുണക്കുകയായിരുന്നു. യോഗ തീരുമാനം അറിയിച്ചു കൊണ്ടുള്ള കത്ത് അണ്ണാ ഡി.എം.കെ ഔദ്യോഗികമായി ഗവർണർ സി. വിദ്യാസാഗർ റാവുവിന് കൈമാറും.

അതേസമയം, ശശികല അധികാരത്തിൽ ഏറുന്നതിന് മുന്നോടിയായി ഒ. പനീർശെൽവം മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. മുഖ്യമന്ത്രി പദത്തിൽ തന്നെ പിന്തുണച്ച എല്ലാവർക്കും പനീർശെൽവം നന്ദി പറഞ്ഞു. ജയലളിത കാണിച്ച വഴിയിലൂടെ ഇനി തമിഴ്നാടിനെ ചിന്നമ്മ നയിക്കുെമന്ന് പനീർശെൽവം ട്വിറ്ററിലൂടെ അറിയിച്ചു. ജയലളിതയുടെ നിര്യാണത്തെ തുടർന്നാണ് പനീർശെൽവം മുഖ്യമന്ത്രിയായത്.   

നിലവിൽ അണ്ണാ ഡി.ഐ.കെയുടെ താൽകാലിക ജനറൽ സെക്രട്ടറിയാണ് ശശികല. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ശശികല ആറു മാസത്തിനുള്ളിൽ ഏതെങ്കിലും നിയമസഭ മണ്ഡലത്തിൽ നിന്ന് എം.എൽ.എയായി തെരഞ്ഞെടുക്കപ്പടണം. ജയലളിത പ്രതിനിധീകരിച്ച ആർ.കെ നഗറോ മറ്റേതെങ്കിലും സുരക്ഷിത മണ്ഡലമോ ശശികല മത്സരിക്കാനാണ് സാധ്യത.

പോയസ് ഗാർഡനിലെ യോഗത്തിന് ശേഷം ശശികലയും പനീർശെൽവും മറ്റ് നേതാക്കളും ചെന്നൈയിലെ എ.ഐ.എ.ഡി.എം.കെ ആസ്ഥാനത്ത് എത്തി. തുടർന്ന് ശശികലയുടെ അധ്യക്ഷതയിൽ എം.എൽ.എമാരുെട യോഗം ചേർന്നു. ജയലളിതയുടെ മരണത്തിന് ശേഷം പാർട്ടി ജനറൽ സെക്രട്ടറി പദവി ഏറ്റെടുക്കാൻ പനീർശെൽവമാണ് തന്നെ പ്രേരിപ്പിച്ചതെന്ന് ശശികല പറഞ്ഞു.

സമയം നീട്ടിക്കൊണ്ടു പോകാതെ മുഖ്യമന്ത്രി പദവി ഏറ്റെടുക്കാനാണ് ഭര്‍ത്താവ് നടരാജനും കൂട്ടരും ഉള്‍പ്പെട്ട മന്നാര്‍ഗുഡി മാഫിയ ശശികലക്ക് നൽകിയ ഉപദേശം. ജെല്ലിക്കെട്ട്, അന്തര്‍ സംസ്ഥാന ജലതര്‍ക്കങ്ങള്‍ പോലെ തമിഴര്‍ വൈകാരികതയോടെ കാണുന്ന വിഷയങ്ങളിലെ അനുകൂല തീരുമാനങ്ങള്‍ പനീര്‍സെല്‍വത്തിന് ജനകീയ പിന്തുണ വര്‍ധിപ്പിക്കുന്നത് അധികാര കൈമാറ്റത്തിന് തടസമാകുമെന്ന് ശശികല ഭയപ്പെട്ടിരുന്നു‍.  

ജയലളിതയുടേതില്‍ നിന്ന് വ്യത്യസ്തമായി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന പനീര്‍സെല്‍വത്തിന്‍െറ പ്രവര്‍ത്തനം ചില മേഖലകളില്‍ നിന്ന് പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാര്‍ ഫെബ്രുവരി 24ന് രാഷ്ട്രീയ നയം വ്യക്തമാക്കാനിരിക്കുകയാണ്. ഈ വെല്ലുവിളിയും മുന്നിൽ കണ്ടാണ് ഉടൻ തന്നെ മുഖ്യമന്ത്രിയാകാനുള്ള തീരുമാനം ശശികല വേഗത്തിലാക്കിയത്.

Tags:    
News Summary - sasikala aiadmk selected aiadmk parliamentary party leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.