കോയമ്പത്തൂർ: ജയലളിതയുടെ മരണത്തിനുശേഷം ശശികല കുടുംബം കൂടുതൽ നിയമക്കുരുക്കുകളിലേക്ക് നീങ്ങുന്നു. അവിഹിത സ്വത്ത് സമ്പാദനക്കേസിൽ ശശികലയും അടുത്ത ബന്ധുക്കളായ ജെ. ഇളവരശിയും വി.എൻ. സുധാകരനും നാലുവർഷത്തെ തടവനുഭവിക്കെയാണ് കുരുക്ക് മുറുകുന്നത്. ശശികലയുടെ ഭർത്താവ് നടരാജൻ, അനന്തരവൻ വി.എൻ. ഭാസ്കരൻ എന്നിവരുൾപ്പെടെ നാലുപേർക്ക് സാമ്പത്തിക കുറ്റകൃത്യ പ്രത്യേക കോടതി വിധിച്ച രണ്ട് വർഷത്തെ തടവ് മദ്രാസ് ഹൈകോടതി വെള്ളിയാഴ്ച ശരിവെക്കുക കൂടി ചെയ്തതോടെ കൂടുതൽ പ്രതിസന്ധിയായി. 1994ൽ നികുതി വെട്ടിച്ച് വിദേശ ആഡംബരകാർ ഇറക്കുമതി ചെയ്ത കേസിലാണിത്. സുപ്രീം കോടതിയിൽ അപ്പീൽ നൽകി ജാമ്യം നേടാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. ശശികല കുടുംബവുമായി ബന്ധപ്പെട്ട ഇരുനൂറോളം കേന്ദ്രങ്ങളിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 1,500ഒാളം കോടിയുടെ അനധികൃത സ്വത്തുക്കളും മറ്റുമാണ് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട പുതിയ കേസുകൾ രജിസ്റ്റർ ചെയ്യാനിരിക്കയാണ്. പോയസ്ഗാർഡനിലെ ശശികല താമസിച്ചിരുന്ന രണ്ട് മുറികളിൽനിന്ന് വിലപ്പെട്ട രേഖകൾ പിടിച്ചെടുത്തതായാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.