ഫാഷിസ്റ്റ് ഭരണത്തിൽ പ്രതിഷേധിച്ച് ഐ.എ.എസ് ഉപേക്ഷിച്ചു; കോൺഗ്രസ് സ്ഥാനാർഥിയായി ശശികാന്ത് സെന്തിൽ

മംഗളൂരു: വർഗീയതയോടും ഫാഷിസത്തോടും സന്ധി ചെയ്യാനാവില്ലെന്ന് പ്രഖ്യാപിച്ച് കർണാടകയിൽ ഔദ്യോഗിക സർവിസ് ഉപേക്ഷിച്ച ഐ.എ.എസുകാരൻ തമിഴ്നാട്ടിൽ ജനവിധി തേടുന്നു. ദക്ഷിണ കന്നട ജില്ല ഡെപ്യൂട്ടി കമീഷണറായിരുന്ന ശശികാന്ത് സെന്തിലാണ് തിരുവള്ളൂർ സംവരണ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി.

മതേതര നിലപാടുകൾക്ക് മുകളിൽ ഫാഷിസ്റ്റ് അധികാര രാഷ്ട്രീയം നിഴൽവിരിക്കുന്നു എന്ന് പറഞ്ഞായിരുന്നു മംഗളൂരുവിൽ ദക്ഷിണ കന്നട ജില്ല ഡെപ്യൂട്ടി കമീഷണർ കസേര വലിച്ചെറിഞ്ഞ് 2019ലാണ് ശശികാന്ത് സെന്തിൽ ഇറങ്ങിപ്പോയത്. കർണാടകയിൽ ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയ വേളയായിരുന്നു അത്.

അതിനുശേഷം കോൺഗ്രസിൽ പ്രവർത്തിച്ച സെന്തിൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് പാർട്ടിയുടെ സോഷ്യൽ മീഡിയ വിഭാഗത്തിന്റെ മേൽനോട്ട ചുമതല വഹിച്ചു. കോൺഗ്രസ് ‘യുദ്ധമുറി’യിലിരുന്ന് അദ്ദേഹം പ്രയോഗിച്ച ബുദ്ധിയായിരുന്നു അക്കാലത്ത് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞത്.

ഗ്രാമവികസന മന്ത്രിയായിരിക്കെ കെ.എസ്. ഈശ്വരപ്പ 40 ശതമാനം കമീഷൻ ആവശ്യപ്പെട്ടു എന്ന കരാറുകാരൻ സന്തോഷ് പടിലിന്റെ ആത്മഹത്യാ കുറിപ്പ് അദ്ദേഹത്തിന്റെ രാജിയിൽ കലാശിച്ചിരുന്നു. ആ സംഭവം ‘40 ശതമാനം കമീഷൻ സർക്കാർ’ എന്ന കോൺഗ്രസ് പ്രചാരണ തലക്കുറിയായതിന് പിന്നിൽ പ്രവർത്തിച്ചത് ശശികാന്തിന്റെ തല.

കോൺഗ്രസ് ഏൽപിച്ച സമൂഹമാധ്യമ ചുമതല ഉരുളക്കുപ്പേരി മറുപടിയും പ്രതികരണവുമായാണ് സെന്തിൽ നയിച്ചത്. കോൺഗ്രസ് പ്രകടന പത്രികയിൽ ജനങ്ങളെ സ്വാധീനിച്ച ഉറപ്പുകൾക്ക് പിന്നിലുമുണ്ടായിരുന്നു ശശികാന്ത് സ്പർശം. പൗരത്വ സമരത്തിൽ സജീവമായിരുന്ന സെന്തിൽ 2020 നവംബറിൽ തമിഴ്നാട്ടിൽ കോൺഗ്രസിൽ ചേരുകയായിരുന്നു. 

Tags:    
News Summary - sasikanth senthil: Resigned from IAS in protest, Congress has fielded in Tiruvallur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.