'ഹിന്ദു' പരാമർശത്തിൽ മാപ്പ് പറഞ്ഞ് സതീഷ് ജാർക്കിഹോളി; തന്നെ ഹിന്ദു വിരുദ്ധനാക്കിയവരെ കണ്ടെത്തണമെന്നും ആവശ്യം

ബംഗളൂരു: 'ഹിന്ദു' എന്ന വാക്കിന്റെ അർഥമറിഞ്ഞാൽ ലജ്ജിക്കുമെന്ന വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞ് കർണാടക കോൺഗ്രസ് വർക്കിങ് അധ്യക്ഷനും എം.എൽ.എയുമായ സതീഷ് ജാർക്കിഹോളി. കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമൈക്ക് അയച്ച കത്തിലാണ് പരാമർശം പിൻവലിച്ച് മാപ്പ് പറഞ്ഞത്. കൂടാതെ, തന്നെ ഹിന്ദു വിരുദ്ധനാക്കി അപകീർത്തിപ്പെടുത്താൻ ശ്രമിച്ചവരെ കണ്ടെത്താൻ അന്വേഷണ സമിതി രൂപീകരിക്കണമെന്നും ജാർക്കിഹോളി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

ബെലഗാവി ജില്ലയിൽ ഒരു പരിപാടിക്കിടെയാണ് സതീഷ് ജാർക്കിഹോളി വിവാദ പരാമർശം നടത്തിയത്. ഹിന്ദു എന്ന വാക്കിന്റെ അർഥമറിഞ്ഞാൽ നിങ്ങൾ ലജ്ജിക്കുമെന്നും പേർഷ്യൻ വാക്കായ ഹിന്ദു എങ്ങനെയാണ് ഇന്ത്യക്കാർക്ക് സ്വീകാര്യമായതെന്നുമാണ് ജാർക്കിഹോളി പറഞ്ഞത്. തന്റെ പരാമർശം തെറ്റാണെന്ന് തെളിയിച്ചാൽ എം.എൽ.എ സ്ഥാനം രാജിവെക്കാൻ തയാറാണെന്നും മാപ്പ് പറയാമെന്നും അദ്ദേഹം വെല്ലുവിളിച്ചു.

"ഹിന്ദു എന്ന വാക്ക് എവിടെ നിന്നാണ് ഉത്ഭവിച്ചത്? ഇത് നമ്മുടേതാണോ? ഇറാൻ, ഇറാഖ്, ഉസ്ബെക്കിസ്താൻ, കസാഖിസ്താൻ എന്നീ പ്രദേശങ്ങളിൽ നിന്നുള്ള പേർഷ്യൻ ആണ് ആ വാക്ക്. ഹിന്ദു എന്ന വാക്കിന് ഇന്ത്യയുമായി എന്താണ് ബന്ധം? പിന്നെ എങ്ങനെയാണ് നിങ്ങൾ ഇത് അംഗീകരിക്കുക? ഹിന്ദുവിന്റെ അർഥം അറിഞ്ഞാൽ നിങ്ങൾ ലജ്ജിക്കും" -ജാർക്കിഹോളി പറഞ്ഞത്.

"ഞാൻ പറഞ്ഞതിൽ തെറ്റില്ല. ഈ പേർഷ്യൻ വാക്ക് എങ്ങനെ വന്നു എന്നതിന് നൂറുകണക്കിന് രേഖകളുണ്ട്. സ്വാമി ദയാനന്ദ സരസ്വതിയുടെ 'സത്യാർത്ഥ് പ്രകാശ്' എന്ന പുസ്തകത്തിലും ഡോ. ജി.എസ്. പാട്ടീലിന്റെ 'ബസവ ഭരത' എന്ന പുസ്തകത്തിലും ബാലഗംഗാധര തിലകും ഇത് പരാമർശിച്ചിട്ടുണ്ട്. 'കേസരി' പത്രവും. ഇവ വെറും മൂന്നുനാല് ഉദാഹരണങ്ങൾ മാത്രമാണ്. വിക്കിപീഡിയയിലോ ഏതെങ്കിലും വെബ്‌സൈറ്റിലോ അത്തരം നിരവധി ലേഖനങ്ങൾ ലഭ്യമാണ്. നിങ്ങൾ അത് വായിക്കണം" -ജാർക്കിഹോളി പിന്നീട് വ്യക്തമാക്കി.

ജാർക്കിഹോളിയുടെ പ്രസ്താവനക്കെതിരെ ബി.ജെ.പിയും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും രംഗത്തു വന്നിരുന്നു. ദേശവിരുദ്ധമായ പരാമർശമാണ് കോൺഗ്രസ് നേതാവിന്റെതെന്ന് ബസവരാജ് ബൊമ്മൈ ആരോപിച്ചു. ക്ഷേത്രങ്ങൾ തോറും സന്ദർശിച്ച് പൂജ നടത്തുന്ന രാഹുൽ ഗാന്ധി വിഷയത്തിൽ മൗനം പാലിക്കുകയാണെന്നും ഇത്തരം ഇരട്ട സമീപനം കോൺഗ്രസിന് നല്ലതല്ലെന്നും ബൊമ്മൈ വിമർശിച്ചു.

അതേസമയം, ജാർക്കിഹോളിയുടെ പരാമർശം വ്യക്തിപരമെന്നാണ് കർണാടക പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാർ പ്രതികരിച്ചത്. എല്ലാ മതങ്ങളെയും കോൺഗ്രസ് പിന്തുണക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    
News Summary - Satish Jarkiholi apologizes for his statement on term 'Hindu'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.