ന്യൂഡല്‍ഹി: ബോളിവുഡ് നടനും സംവിധായകനും നിര്‍മാതാവുമായ സതീഷ് കൗശിക്കിന്റെ മരണം കൊലപാതകമാണെന്ന ആരോപണവുമായി സ്ത്രീ രംഗത്ത്. തന്‍റെ ഭര്‍ത്താവിന് സതീഷ് കൗശികിന്‍റെ മരണത്തില്‍ പങ്കുണ്ടെന്നാണ് സ്ത്രീ പൊലീസില്‍ പരാതി നല്‍കിയത്. മരണത്തിനു മുന്‍പ് സതീഷ് കൗശിക് ഹോളി ആഘോഷിച്ച ഫാം ഹൗസിന്‍റെ ഉടമയായ വ്യവസായിക്കെതിരെയാണ് പരാതി. പരാതിയിൽ ഡൽഹി പൊലീസ് അന്വേഷണം തുടങ്ങി.
സതീഷ് കൗശിക്കും തന്‍റെ ഭര്‍ത്താവും തമ്മില്‍ ബിസിനസ് ഇടപാടുണ്ടായിരുന്നുവെന്നും ഇരുവരും തമ്മിൽ പണമിടപാട് സംബന്ധിച്ച് തര്‍ക്കമുണ്ടായെന്നും സ്ത്രീ പറഞ്ഞു. "2022 ആഗസ്തില്‍ സതീഷ് ജിയും എന്‍റെ ഭർത്താവും തമ്മിൽ തർക്കമുണ്ടായി. നേരത്തെ നല്‍കിയ 15 കോടി രൂപ തിരികെവേണമെന്ന് സതീഷ് ജി പറഞ്ഞു. ഞാന്‍ ഇക്കാര്യം ഭര്‍ത്താവിനോട് ചോദിച്ചപ്പോള്‍ പണം വാങ്ങിയിരുന്നുവെന്നും കോവിഡ് കാലത്ത് നഷ്ടം സംഭവിച്ചെന്നും അദ്ദേഹം പറഞ്ഞു. സതീഷ് കൗശിക്കിനെ ഇല്ലാതാക്കാൻ ബ്ലൂ പില്ലുകളും റഷ്യൻ പെൺകുട്ടികളെയും ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് സതീഷ് കൗശിക്കിന്‍റെ മരണത്തില്‍ അന്വേഷണം വേണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നത്". സ്ത്രീ പറഞ്ഞു.
വ്യവസായിയുടെ രണ്ടാം ഭാര്യയാണ് താനെന്നും സ്ത്രീ പറഞ്ഞു. തന്നെ ബലാത്സംഗം ചെയ്ത ശേഷം നിര്‍ബന്ധിച്ച് വിവാഹം കഴിക്കുകയായിരുന്നു ഇയാളെന്ന് അവര്‍ പറഞ്ഞു. വിവാഹത്തിന് ശേഷം ഭര്‍ത്താവിന്‍റെ ആദ്യ ബന്ധത്തിലെ മകനും ബലാത്സംഗം ചെയ്തു. ഇതോടെ 2022 ഒക്ടോബറിൽ താന്‍ വീടുവിട്ടെന്നും സ്ത്രീ പറഞ്ഞു. ദാവൂദ് ഇബ്രാഹിം ഉള്‍പ്പെടെയുള്ള അധോലോക നായകന്മാരുമായി ഭര്‍ത്താവിന് ബന്ധമുണ്ടെന്നും സ്ത്രീ ആരോപിച്ചു.
മാര്‍ച്ച് 9നാണ് സതീഷ് കൗശിക് അന്തരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്നായിരുന്നു റിപ്പോര്‍ട്ട്. വ്യവസായിയുടെ ഫാം ഹൗസില്‍ ഹോളി ആഘോഷിച്ച ശേഷം രാത്രി 9.30ന് ഉറങ്ങാന്‍ കിടന്ന സതീഷ് കൗശിക്കിന് അര്‍ധരാത്രിയോടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. മാനേജരാണ് സതീഷ് കൗശിക്കിനെ ഫോര്‍ട്ടിസ് ആശുപത്രിയിലെത്തിച്ചത്. പുലര്‍ച്ചെ 1.43ഓടെ മരണം സംഭവിച്ചു. ഫാം ഹൗസിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.