ന്യൂഡൽഹി: അറസ്റ്റിലായ ആം ആദ്മി പാർട്ടി നേതാവും ഡൽഹി മന്ത്രിയുമായ സത്യേന്ദർ ജെയിനിന് തിഹാർ ജയിലിൽ പ്രത്യേക ആനുകൂല്യങ്ങൾ ലഭിച്ചെന്ന് അന്വേഷണ റിപ്പോർട്ട്. ഡൽഹി ലഫ്റ്റനന്‍റ് ഗവർണർ വി.കെ സക്സേന രൂപീകരിച്ച സമതിയാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. സത്യേന്ദർ ജെയിൻ ജയിൽ ചട്ടങ്ങൾ ലംഘിച്ചുവെന്നും അദ്ദേഹത്തെ സേവിക്കാനായി സഹതടവുകാരിൽ പൊലീസ് സമ്മർദ്ദം ചെലുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഭാര്യയും കുടുംബാംഗങ്ങളും ജയിൽ തുടർച്ചയായി സന്ദർശിച്ചതായും റിപ്പോർട്ടിലുണ്ട്.
എന്നാൽ അന്വേഷണ സമിതി റിപ്പോർട്ട് ഡൽഹി സർക്കാർ തള്ളി. ഇത്തരമൊരു സമിതി രൂപീകരിക്കാൻ ഗവർണർക്ക് അധികാരമില്ലെന്നും സർക്കാർ അറിയിച്ചു. തിഹാർ ജയിലിൽ സത്യേന്ദർ ജെയിനിന് വി.ഐ.പി പരിഗണനയാണ് ലഭിക്കുന്നതെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. പിന്നാലെ ആരോപണത്തെ സാധൂകരിക്കുന്ന വിഡിയോയും ബി.ജെ.പി പുറത്തുവിട്ടു.
നവംബർ 19നാണ് ജയിലിൽ സത്യേന്ദർ ജെയിനിന് മസാജ് ചെയ്ത് നൽകുന്നതിന്റെ വിഡിയോ പുറത്തു വന്നത്. വിവാദമായതോടെ ചികിത്സയുടെ ഭാഗമായാണ് മസാജെന്ന വാദവുമായി എ.എ.പി രംഗത്തെത്തി. പിന്നാലെ ജയിലിൽ നിന്നുള്ള നിരവധി വിഡിയോകൾ ബി.ജെ.പി പുറത്തുവിട്ടു. സത്യേന്ദർ ജെയിനിന്‍റെ സെല്ല് രണ്ടുപേർ ചേർന്ന് വൃത്തിയാക്കുന്നതിന്‍റേയും ജയിലിൽ വിഭവ സമൃദ്ധമായ ഭക്ഷണം കഴിക്കുന്നതിന്‍റേയും വിഡിയോകളും പുറത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.