മുംബൈ: കോമഡി പരമ്പരയായ 'ഭാബിജി ഘർ പർ ഹെ'യിലൂടെ ആസ്വാദക ലക്ഷങ്ങളെ കീഴടക്കിയ ടെലിവിഷൻ താരം ദീപേഷ് ഭാൻ(41) അടുത്തിടെയാണ് അകാലത്തിൽ മരിച്ചത്. ജനപ്രിയ പരമ്പരയായ എഫ്.ഐ.ആറിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാതിരുന്ന ദീപേഷിന്റെ മരണം സീരിയൽ രംഗത്ത് വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. ഇപ്പോൾ, ദീപേഷിന്റെ കുടുംബത്തെ സഹായിക്കാൻ 'ഭാബിജി ഘർ പർ ഹെ'യിലെ സഹതാരം സൗമ്യ ടണ്ടൻ ധനസമാഹരണം ആരംഭിച്ചു. 50 ലക്ഷം രൂപയാണ് സഹതാരം ദീപേഷിനായി സമാഹരിക്കുക.
ദീപേഷിന് ഭാര്യയും പതിനെട്ട് മാസം പ്രായമുള്ള മകനുമുണ്ട്. അവരെ സഹായിക്കാനാണ് സൗമ്യ മുൻകൈയെടുക്കുന്നത്. ഇതുസംബന്ധിച്ച വിഡിയോ സൗമ്യ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. 'ഞാൻ പ്രവർത്തിച്ച ഏറ്റവും മികച്ച സഹനടന്മാരിൽ ഒരാൾക്കുള്ള സഹായമാണിത്. ഓരോ ചെറിയ തുകയും വലുതാണ്'എന്നാണ് സൗമ്യ വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.
'ദീപേഷ് ഭാൻ ഇപ്പോൾ നമ്മോടൊപ്പമില്ല. പക്ഷേ അദ്ദേഹത്തിന്റെ ഓർമ്മകൾ ഇപ്പോഴും നമ്മോടൊപ്പമുണ്ട്. സംസാരപ്രിയനായ അദ്ദേഹം കുടുംബത്തിന് വേണ്ടി വായ്പയെടുത്ത് വാങ്ങിയ വീടിനെ കുറിച്ച് പലപ്പോഴും പറയാറുണ്ടായിരുന്നു. അവന് ഒരു മകനുണ്ട്. പക്ഷേ അവൻ ഞങ്ങളെ വിട്ടുപോയി. ഇപ്പോൾ, അവന്റെ വീട് അവന്റെ മകന് തിരികെ നൽകിക്കൊണ്ട് നമുക്ക് അവനു പ്രതിഫലം നൽകാം'-വീഡിയോയിൽ സൗമ്യ പറഞ്ഞു.
'എത്ര തുക സമാഹരിച്ചാലും അത് ദീപേഷിന്റെ ഭാര്യക്ക് നൽകും. അതിലൂടെ അവൾക്ക് ഭവനവായ്പ അടയ്ക്കാം. അതിനാൽ, ദീപേഷിന്റെ സ്വപ്നം യാഥാർഥ്യമാക്കുന്നതിന് ദയവായി സംഭാവന ചെയ്യുക'-സൗമ്യ കൂട്ടിച്ചേർത്തു. ശരീരസൗന്ദര്യം നോക്കുന്നതിൽ കണിശക്കാരനായിരുന്ന ദീപേഷ് ദിവസം മൂന്നു മണിക്കൂറിലേറെ ജിമ്മിൽ ചെലവഴിച്ചിരുന്നു. ഭക്ഷണം പലപ്പോഴും കൃത്യമായി കഴിച്ചിരുന്നില്ല. ഇടക്കാലത്ത് ശരീരഭാരം വർധിച്ചതിൽ ദീപേഷ് അസ്വസ്ഥനായിരുന്നു. ആഹാരം കുറയ്ക്കുകയും വ്യായാമത്തിന്റെ തോത് കൂട്ടുകയും ചെയ്‌തു.
മണിക്കൂറുകൾ ജിമ്മിൽ ചെലവഴിച്ചശേഷം ക്രിക്കറ്റ് കളിക്കുന്നത് അദ്ദേഹത്തിന്റെ ദിനചര്യയുടെ ഭാഗമായിരുന്നു. ഒരു ഓവർ മികച്ച രീതിയിൽ പൂർത്തിയാക്കിയശേഷം കുനിഞ്ഞ് തൊപ്പിയെടുക്കാൻ ശ്രമിക്കുന്നതിനിടെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. വീട്ടിൽനിന്ന് 5 കിലോമീറ്റർ മാത്രം അകലെയുള്ള ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചുവെങ്കിലും അദ്ദേഹം മരണത്തിന് കീഴടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.