രാജ്യത്ത് നിർണായകമായ തെരഞ്ഞെടുപ്പിൽ ബംഗാളിൽ മതേതര വോട്ടുകൾ ഭിന്നിച്ച് ബി.ജെ.പിയുടെ വിജയത്തിന് സഹായകരമാകാതിരിക്കാൻ പൗര കൂട്ടായ്മ. സേവ് ബംഗാൾ എന്ന ബാനറിൽ ഭരണഘടന സംരക്ഷിക്കൂ, രാജ്യത്തെ സംരക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തി വിവിധ മത, സാമുദായിക, സംസ്കാരിക രംഗത്തുള്ളവരുടെ നേതൃത്വത്തിലാണ് കൂട്ടായ്മയുടെ പ്രവർത്തനം.
ബംഗാളിൽ ഇരു വിഭാഗങ്ങൾക്കിടയിൽ ധ്രുവീകരണം സൃഷ്ടിച്ചാണ് കഴിഞ്ഞ തവണ ബി.ജെ.പി 18 സീറ്റുവരെ നേടിയതെന്ന് കൂട്ടായ്മ ചൂണ്ടിക്കാട്ടുന്നു.
ഇതോടൊപ്പം മതേതര വോട്ടുകൾ തൃണമൂൽ കോൺഗ്രസിനും (ടി.എം.സി) കോൺഗ്രസിനും സി.പി.എമ്മിനുമായി ഭിന്നിച്ചു. 60 ശതമാനത്തിന് മുകളിൽ മുസ്ലിം ജനസംഖ്യയുള്ള മണ്ഡലങ്ങളിൽപോലും വോട്ട് ഭിന്നിച്ച് ബി.ജെ.പിക്ക് വിജയം ഉണ്ടായി. അത് ആവർത്തിക്കാതിരിക്കാനാണ് കൂട്ടായ്മ പ്രധാനമായും ശ്രമിക്കുന്നതെന്നും പിന്നണിയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.
ചോട്ടുൻദാസ്, ബർനാലി മുഖർജി എന്നിവർ നേതൃത്വം നൽകുന്ന സേവ് ബംഗാൾ ഫോറം 2021ലെ നിയമസഭ തെരഞ്ഞെടുപ്പിലാണ് പ്രവർത്തനം ആരംഭിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രവർത്തനം കൂടുതൽ സജീവമാക്കി. കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന മൂവ്മെന്റുമായി 138 സംഘടനകളാണ് ഇപ്പോൾ സഹകരിക്കുന്നത്.
ബി.ജെ.പിയുടെ വർഗീയ രാഷ്ട്രീയം ബംഗാളിന്റെ മതേതര, സാംസ്കാരിക പൈതൃകത്തെ തകർക്കുകയാണെന്നും അതിനാൽ മതേതരത്വം സംരക്ഷിക്കാനാണ് ഇത്തരത്തിൽ കൂട്ടായ്മ രൂപവത്കരിച്ചതെന്നും സേവ് ബംഗാൾ ഫോറം കൺവീനർ ചോട്ടുൻദാസ് ‘മാധ്യമ’ത്തോട് പറഞ്ഞു.
സമാന മനസ്കരെയെല്ലാം ഒരുമിപ്പിക്കും. സി.എ.എ അടക്കമുള്ള വിഷയങ്ങളിൽ സാധാരണക്കാർക്കിടയിൽ അവബോധം സൃഷ്ടിക്കൽ, മതേതര വോട്ട് ഭിന്നിച്ച് ബി.ജെ.പി സ്ഥാനാർഥിയുടെ വിജയത്തിന് കാരണമാകാതിരിക്കാൻ വിജയ സാധ്യതയുള്ള പാർട്ടിക്ക് വോട്ട് ഏകീകരിക്കൽ തുടങ്ങിയ കാമ്പയിനുകളാണ് കൂട്ടായ്മ നടത്തുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
വോട്ടുകൾ ഭിന്നിച്ച് മുസ്ലിം ഭൂരിപക്ഷ മേഖലകളിൽപോലും കഴിഞ്ഞ തവണ ബി.ജെ.പി സ്ഥാനാർഥികൾക്ക് വിജയിക്കാനുള്ള സാഹചര്യമുണ്ടായിട്ടുണ്ട്. അത്തരം അവസ്ഥ തടയുക എന്നതാണ് കൂട്ടായ്മ പ്രധാനമായും ലക്ഷ്യമിടുന്നതെന്നും ബർനാലി മുഖർജി വ്യക്തമാക്കി.
ഓരോ മണ്ഡലത്തിനും കഴിഞ്ഞ തവണ ലഭിച്ച വോട്ട്, സ്ഥാനാർഥിക്ക് ലഭിക്കുന്ന ജനപിന്തുണ തുടങ്ങിയവ പരിശോധിച്ചാണ് പിന്തുണ നൽകുക. വിജയസാധ്യത കണക്കിലെടുത്ത് ഭൂരിപക്ഷം മണ്ഡലങ്ങളിലും തൃണമൂൽ കോൺഗ്രസിന് അനുകൂലമായ സമീപനമാണ് കൂട്ടായ്മ സ്വീകരിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.