മുംബൈ: ഫോൺ സംഭാഷണം ആരംഭിക്കുമ്പോൾ 'ഹലോ' എന്നതിനുപകരം 'വന്ദേമാതരം' എന്ന് പറയണമെന്ന് സർക്കാർ ജീവനക്കാർക്ക് നിർദേശം നൽകി മഹാരാഷ്ട്ര സാംസ്കാരിക മന്ത്രി സുധീർ മുൻഗന്തിവാർ. 'വന്ദേമാതരം' എന്നത് വെറുമൊരു വാക്കല്ലെന്നും അത് ഓരോ ഇന്ത്യക്കാരന്‍റെയും വികാരമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്ര സാംസ്കാരിക മന്ത്രിയായി സുധീർ മുൻഗന്തിവാർ ചുമതലയേറ്റത്. ഇതിനു പിന്നാലെയാണ് വിദേശ പദമായ 'ഹലോ' ഉപേക്ഷിക്കണമെന്ന അഭ്യർഥനയുമായി അദ്ദേഹം രംഗത്തെത്തിയത്.
''രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ ഇനി മുതൽ സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാരും ഓഫിസർമാരും ഫോൺ സംഭാഷണം ആരംഭിക്കുമ്പോൾ ഹലോ എന്നതിനുപകരം വന്ദേമാതരം എന്ന് പറയണം''- സുധീർ മുൻഗന്തിവാർ പറഞ്ഞു. ഇതേ ആവശ്യം ട്വിറ്ററിലൂടെ ജനങ്ങളോടും സർക്കാർ ജീവനക്കാരോടും അദ്ദേഹം അഭ്യർഥിച്ചു.
മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമുൾപ്പടെ 20 അംഗ മന്ത്രിസഭയാണ് മഹാരാഷ്ട്രയിലുള്ളത്. മന്ത്രിസഭ വികസനത്തിന് ശേഷം ഓരോ മന്ത്രിമാർക്കുമുള്ള വകുപ്പുകൾ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പ്രഖ്യാപിച്ചിരുന്നു. 40 ദിവസം നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് മന്ത്രിസഭ വിപുലീകരണം നടന്നത്. പ്രധാന വകുപ്പുകളെല്ലാം ബി.ജെ.പിക്കാണ്.
ആഭ്യന്തരം, ധനകാര്യം, ആസൂത്രണം എന്നീ വകുപ്പുകളാണ് ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫട്നാവിസിന് നൽകിയത്. അതേസമയം, മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെക്ക് നഗരവികസനത്തിന്റെ ചുമതലയാണുള്ളത്. ഇതോടെ ഏക്നാഥ് ഷിൻഡെയെ ബി.ജെ.പി ഒതുക്കിയെന്നും ബി.ജെ.പിയാണ് സംസ്ഥാനം ഭരിക്കുന്നതെന്നുമുള്ള ആരോപണങ്ങൾ ശക്തമായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.