കർഷകൻ മരിച്ച് മൂന്ന് വർഷത്തിനു ശേഷം അനുവദിച്ച വായ്പ ബന്ധുക്കൾ തിരിച്ചടക്കണ​മെന്ന് ബാങ്ക്; വായ്പ എടുത്തിട്ടില്ലെന്ന് ബന്ധുക്കൾ

ചിന്ദ്വാര: കർഷകൻ മരിച്ച് മൂന്നു വർഷത്തിനു ശേഷം പാസാക്കിയ വായ്പ തിരിച്ചടില്ലെന്ന് ആരോപിച്ച് പണം തിരിച്ചു പിടിക്കാൻ ബാങ്ക് നോട്ടീസ്. മധ്യപ്രദേശിലാണ് സംഭവം. എന്നാൽ ഇത്തരത്തിലൊരു വായ്പ എടുത്തിട്ടില്ലെന്ന് മരിച്ച കർഷകന്റെ ബന്ധുക്കൾ പറയുന്നു. അജബ് സിങ് വർമ എന്ന കർഷകന്റെ പേരിലാണ് ബാങ്ക് തിരിച്ചുപിടിക്കൽ നോട്ടീസ് അയച്ചത്.

വിഷയത്തിൽ പരിഹാരം ആവശ്യപ്പെട്ട് കർഷകന്റെ മകൻ ജില്ലാ കലക്ടറെ സമീപിച്ചതോടെയാണ് പ്രശ്നം പുറംലോകമറിഞ്ഞത്. തൂൻവാഡ ഗ്രാമവാസിയായ ശംഭു ദയാൽ എന്നയാൾ കലക്ടറെ സമീപിച്ച് ഈ പ്രശ്നം പരിഹരിച്ചു തരണമെന്നും എടുക്കാത്ത ​വായ്പാ തിരിച്ചടവ് മുടങ്ങിയെന്ന് ആരോപിച്ച് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയതിനാൽ മറ്റെവിടെ നിന്നും വായ്പ ലഭിക്കുന്നില്ലെന്നും ശംഭു കലക്ടറെ അറിയിച്ചു.

തന്റെ പിതാവ് കർഷകനായിരുന്നുവെന്നും 2006ൽ ​വായ്പക്ക് അപേക്ഷിച്ചിരുന്നെന്നും ശംഭു മാധ്യമങ്ങ​ളോട് പറഞ്ഞു. എന്നാൽ ആ വർഷം തന്നെ അദ്ദേഹം മരിച്ചു. ചിന്ദ്വാര സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അദ്ദേഹത്തിന്റെ പേരിൽ വായ്പ അനുവദിച്ചത് 2009 ലാണ്.

2018ൽ സംസ്ഥാനത്തെ കമൽനാഥ് സർക്കാർ രണ്ടു ലക്ഷം രൂപ വരെയുള്ള കാർഷിക വായ്പങ്ങൾ എഴുതിത്തള്ളാൻ തീരുമാനിച്ചു. എന്നിട്ടും ഞങ്ങൾ ഈ കത്ത് കിട്ടിയിരിക്കുന്നു. ഈ കത്ത് ലഭിച്ചപ്പോഴാണ് ഞങ്ങൾ ​വായ്പ പാസാക്കിയതിനെ കുറിച്ച് അറിയുന്നത് തന്നെ. ഞങ്ങൾ ബാങ്കിൽ നിന്ന് പണം സ്വീകരിച്ചിട്ടില്ല. പിന്നെ എങ്ങനെയാണ് അവർ അത് തിരിച്ചു പിടിക്കുക​?

ബാങ്ക് ഉദ്യോഗസ്ഥർ ഇടക്കിടെ ഞങ്ങളുടെ വീട്ടിലെത്തി 2,75,000 രൂപ തിരിച്ചടക്കാൻ ആവശ്യപ്പെടുകയാണ്. ഞങ്ങൾ എടുക്കാത്ത വായ്പയാണ് തിരിച്ചടക്കാൻ ആവശ്യപ്പെട്ട് ശല്യപ്പെടുത്തുന്നത്. ഈ വ്യാജ വായ്പാ പ്രശ്നം മൂലം ഞങ്ങൾക്ക് മറ്റെവിടെ നിന്നും വായ്പ എടുക്കാനാകുന്നില്ല.

2006ൽ മരിച്ച ഒരാളുടെ പേരിൽ 2009 ൽ എങ്ങനെയാണ് വായ്പ അനുവദിക്കുക? ഇക്കാര്യങ്ങളെല്ലാം കലക്ടറെ അറിയിച്ചിട്ടുണ്ടെന്നും നടപടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശംഭു മാധ്യമങ്ങളോട് പറഞ്ഞു. 

Tags:    
News Summary - SBI disburses loan to farmer 3 years after death, kin on notice of default for loan they never took

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.