ന്യൂഡൽഹി: അനധികൃത സ്വത്ത് സമ്പാദന കേസിൽ ഡി.കെ ശിവകുമാറിനെതിരായ സി.ബി.ഐ ഹരജിയിൽ സുപ്രീംകോടതി വാദം കേൾക്കുന്നത് മാറ്റി. ജൂലൈ 14നായിരിക്കും കോടതി ഹരജി പരിഗണിക്കുക. അനധികൃത സ്വത്ത് സമ്പാദന കേസിൽ അന്വേഷണത്തിന് ഇടക്കാല സ്റ്റേ അനുവദിച്ച ഹൈകോടതി വിധിക്കെതിരെയാണ് സി.ബി.ഐ ഹരജി.
ജസ്റ്റിസ് ബി.ആർ ഗവായ്, സഞ്ജയ് കരോൾ എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് നടപടി. കേസ് മെയ് 23ന് ഹൈകോടതിയുടെ പരിഗണനയിൽ എത്തുന്നുണ്ടെന്ന് ശിവകുമാറിന് വേണ്ടി ഹാജരായ മനു അഭിഷേക് സിങ്‍വി ചൂണ്ടിക്കാട്ടി. തുടർന്ന് സുപ്രീംകോടതി കേസ് മാറ്റുകയായിരുന്നു.
ഫെബ്രുവരി 10നാണ് കർണാടക ഹൈകോടതി ശിവകുമാറിനെതിരായ അഴിമതി കേസിലെ അന്വേഷണത്തിന് ഇടക്കാല സ്റ്റേ അനുവദിച്ചത്. പിന്നീട് സ്റ്റേ നീട്ടിയിരുന്നു. നേരത്തെ ആദായ നികുതി വകുപ്പും ഇ.ഡിയും ശിവകുമാറിനെതിരെ അന്വേഷണം നടത്തിയിരുന്നു. 2017ൽ ആദായ നികുതി വകുപ്പ് ശിവകുമാറിന്റെ വീട്ടിൽ റെയ്ഡ് നടത്തിയതിന് പിന്നാലെയായിരുന്നു അന്വേഷണം. തുടർന്ന് 2019ൽ ശിവകുമാറിനെതിരെ അന്വേഷണം നടത്താൻ സി.ബി.ഐക്ക് സംസ്ഥാന സർക്കാർ അനുമതി നൽകി. ഇതിനെതിരെ ശിവകുമാർ കോടതിയെ സമീപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.