ന്യൂഡൽഹി: പൗരത്വ സമരത്തിൽ പങ്കെടുത്തതിന് ഡൽഹി കലാപ ഗൂഢാലോചന കേസിൽപെടുത്തി യു.എ.പി.എ ചുമത്തപ്പെട്ട വിദ്യാർഥി നേതാവ് ഉമർ ഖാലിദ് സുപ്രീംകോടതിയിൽ നൽകിയ ജാമ്യഹരജി പിൻവലിച്ചു. 'സാഹചര്യം മാറിയതിനാൽ ജാമ്യഹരജി പിൻവലിക്കുകയാണ്' എന്നാണ് ഉമർ ഖാലിദിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയെ അറിയിച്ചത്. ജസ്റ്റിസ് ബേല എം. ത്രിവേദി, ജസ്റ്റിസ് ജസ്റ്റിസ് പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചിരുന്നത്.
'യു.എ.പി.എ ചുമത്തിയതിനെ നിയമപരമായി നേരിടാൻ തന്നെയാണ് ആഗ്രഹിക്കുന്നത്. എന്നാൽ, മാറിയ സാഹചര്യത്തിൽ ജാമ്യാപേക്ഷ പിൻവലിക്കുകയാണ്. വിചാരണക്കോടതിയിൽ ജാമ്യത്തിനായി ശ്രമിക്കും' -കപിൽ സിബൽ പറഞ്ഞു. തുടർന്ന് ജാമ്യാപേക്ഷ പിൻവലിക്കാൻ കോടതി അനുവദിക്കുകയായിരുന്നു. അതേസമയം, യു.എ.പി.എയുടെ ഭരണഘടന സാധുത ചോദ്യം ചെയ്ത് ഉമർ ഖാലിദ് സമർപ്പിച്ച റിട്ട് ഹരജിയുമായി മുന്നോട്ട് പോകും.
ഡൽഹി വംശഹത്യയിലേക്ക് നയിച്ച സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തി എന്നാരോപിച്ച് 2020 സെപ്റ്റംബർ 13നാണ് ഉമർഖാലിദിനെ അറസ്റ്റുചെയ്തത്. മതവികാരം വ്രണപ്പെടുത്തിയെന്നും രാജ്യതലസ്ഥാനത്ത് കലാപം അഴിച്ചുവിടാൻ ഗൂഢാലോചന നടത്തിയെന്നുമായിരുന്നു ആരോപണം. അന്നുമുതൽ ജയിലിൽ കഴിയുകയാണ്. യു.എ.പി.എക്കൊപ്പം ആയുധനിയമത്തിലെ വകുപ്പുകൾ പ്രകാരവും കേസ് എടുത്തിട്ടുണ്ട്.
2022 മാർച്ചിൽ കർകർദൂമ കോടതി ഖാലിദിന്‍റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഒക്ടോബറിൽ ഡൽഹി ഹൈകോടതിയും തള്ളി. 2023 ഏപ്രിലിലാണ് ഖാലിദ് ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ, കഴിഞ്ഞ 10 മാസത്തിനിടെ 14 തവണയാണ് ജാമ്യ ഹരജിയിൽ തീരുമാനമെടുക്കുന്നത് കോടതി മാറ്റിവെച്ചത്.
അതിനിടെ, 2022 ഡിസംബറിൽ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ കർശന ഉപാധികളോടെ ഒരാഴ്ചത്തേക്ക് ഇടക്കാല ജാമ്യം ഉമർ ഖാലിദിന് ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.