ന്യൂഡൽഹി: ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസിലെ 11 കുറ്റവാളികളുടെ ശിക്ഷ റദ്ദാക്കി വിട്ടയച്ച ഗുജറാത്ത് സർക്കാറിന് നോട്ടീസയച്ച് സുപ്രീംകോടതി. ശിക്ഷ ഇളവ് ചെയ്ത ഉത്തരവും നടപടികളുടെ മുഴുവൻ രേഖകളും സമർപ്പിക്കാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. കൊടുംകുറ്റവാളികളെ വെറുതെവിട്ടതിനെതിരെ തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര അടക്കമുള്ളവർ സമർപ്പിച്ച ഹരജി പരിഗണിച്ചാണ് സുപ്രീംകോടതി നടപടി.
കേസിലെ പ്രസക്തമായ എല്ലാ രേഖകളും ഹാജരാക്കാനും നോട്ടീസിൽ നിർദേശമുണ്ട്. ഇവയെല്ലാം ഹാജരാക്കാൻ രണ്ടാഴ്ചയാണ് സമയം നൽകിയിരിക്കുന്നത്. ഹരജി മൂന്ന് ആഴ്ചക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും.
2002ൽ ഗോധ്ര ട്രെയിൻ കത്തിച്ചതിനെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ നിന്ന് രക്ഷപ്പെടുന്നതിനിടെ കൂട്ടബലാത്സംഗത്തിന് ഇരയാകുമ്പോൾ ബിൽക്കീസ് ബാനു അഞ്ച് മാസം ഗർഭിണിയായിരുന്നു. ബിൽക്കീസ് ബാനുവിന്‍റെ കുടുംബത്തിലെ ഏഴ് പേരെയും കലാപകാരികൾ കൊലപ്പെടുത്തി.
കേസിൽ ശിക്ഷിക്കപ്പെട്ട 11 പേരെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് ഗുജറാത്ത് സർക്കാർ വിട്ടയച്ചത്. ആഗസ്റ്റ് 15ന് പ്രതികൾ ജയിൽ മോചിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.