ന്യൂഡൽഹി: ജഡ്ജി നിയമനത്തിൽ കേന്ദ്ര സർക്കാറും സുപ്രീംകോടതി കൊളീജിയവും ഏറ്റുമുട്ടൽ തുടരുന്നതിനിടെ ബി.ജെ.പിയുടെ വനിത നേതാവിനെ ഹൈകോടതി ജഡ്ജിയാക്കാൻ കൊളീജിയം ശിപാർശ ചെയ്തുവെന്ന വിവരം പുറത്തുവന്നു.
ബി.ജെ.പി മഹിള മോർച്ചയുടെ ദേശീയ ജനറൽ സെക്രട്ടറി അഡ്വ. വിക്ടോറിയ ഗൗരിയെ മദ്രാസ് ഹൈകോടതി ജഡ്ജിയാക്കാനാണ് ജനുവരി 17ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിൽ ചേർന്ന സുപ്രീംകോടതി കൊളീജിയം ശിപാർശ ചെയ്തത്.
ജഡ്ജിമാരാക്കാൻ തങ്ങൾക്ക് താൽപര്യമുള്ളവരുടെ പേരുകൾ കേന്ദ്ര സർക്കാർ കൊളീജിയത്തിന് സമർപ്പിച്ചുവെന്നും എന്നാൽ, ആ പേരുകൾ തങ്ങൾ മടക്കിയെന്നും കൊളീജിയം അംഗമായ ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ സുപ്രീംകോടതിയിൽ വെളിപ്പെടുത്തിയിരുന്നു. ഇതിനു ശേഷമാണ് മദ്രാസ് ഹൈകോടതിയിൽ ജഡ്ജിമാരായി നിയമിക്കാനുള്ള അഞ്ചു പേരുള്ള കൊളീജിയം ശിപാർശയിൽ തമിഴ്നാട്ടിൽനിന്നുള്ള ബി.ജെ.പിയുടെ നേതാവ് രണ്ടാമതായി ഇടംപിടിച്ചത്.
ശിപാർശ കൊളീജിയം പുറത്തുവിട്ടതിനു പിന്നാലെ വിക്ടോറിയ ഗൗരിയുടെ ബി.ജെ.പി ബന്ധം വ്യക്തമാക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. മോദിയുടെ ആഹ്വാന പ്രകാരം ബി.ജെ.പി നേതാക്കൾ പേരിനു മുമ്പ് ‘ചൗകീദാർ’ എന്നു ചേർത്ത കാമ്പയിനിൽ വിക്ടോറിയ ഗൗരി പങ്കാളിയായതും തൂത്തുക്കുടിയിൽ ബി.ജെ.പി ജില്ല ഭാരവാഹികളുടെ യോഗത്തിൽ അവർ സംസാരിക്കുന്ന ചിത്രങ്ങളും ഇതിൽ ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.