ചെന്നൈ: പുതുച്ചേരി ലഫ്. ഗവർണറുടെ അധികാരങ്ങൾക്ക് കടിഞ്ഞാണിട്ട മദ്രാസ് ഹൈകോടതി വിധിക്കെതിരായി കേന്ദ്ര ആഭ്യന്തര മന്ത്രാലയവും കിരൺ ബേദിയും ചേർന്ന് സമർപ്പിച്ച അപ് പീൽ ഹരജി വെള്ളിയാഴ്ച സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള ഡിവിഷൻ ബെഞ്ച് വിധി കിരൺ ബേദിക്കും കേന്ദ്ര സർക്കാറിനും തിരിച്ചടിയായി. ജനാധിപത്യ മാർഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട പുതുച്ചേരി സർക്കാറിെൻറ ദൈനംദിന വിഷയങ്ങളിൽ ഇടപെടാൻ ലഫ്. ഗവർണർക്ക് അധികാരമില്ലെന്ന് മദ്രാസ് ഹൈകോടതി മധുര ബെഞ്ച് ഏപ്രിലിൽ ഉത്തരവിട്ടിരുന്നു. പുതുച്ചേരി സർക്കാറിനോട് ദൈനംദിന റിപ്പോർട്ട് വാങ്ങുന്നതിന് കിരൺ ബേദിക്ക് കേന്ദ്ര സർക്കാർ നൽകിയ പ്രത്യേകാനുമതിയും ഹൈകോടതി റദ്ദാക്കി.
2017ലാണ് ലഫ്. ഗവർണർമാരുടെ അധികാരപരിധി സംബന്ധിച്ച് കേന്ദ്ര സർക്കാർ പുതിയ ചട്ടം കൊണ്ടുവന്നത്. ഇതുവഴി മന്ത്രിസഭ എടുത്ത തീരുമാനങ്ങളിൽ ഇടപെടാനും വേണമെങ്കിൽ ഭേദഗതികൾ നിർദേശിക്കാനും ലഫ്.ഗവർണർക്ക് സാധിക്കും. ഇൗ പ്രത്യേകാധികാരമാണ് കോടതി റദ്ദാക്കിയത്. കോൺഗ്രസ് എം.എൽ.എ കെ. ലക്ഷ്മിനാരായണൻ സമർപ്പിച്ച ഹരജിയിലായിരുന്നു വിധി.സർക്കാറിെൻറ ആഭ്യന്തരകാര്യങ്ങളിൽ ഗവർണർ തുടർച്ചയായി ഇടപെടുന്നതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി വി. നാരായണ സാമിയുടെ നേതൃത്വത്തിൽ മന്ത്രിസഭാംഗങ്ങൾ രാജ്നിവാസിന് മുന്നിൽ സത്യഗ്രഹ സമരം നടത്തിയിരുന്നു.
കിരൺ ബേദി ലഫ്.ഗവർണറായി ചുമതലയേറ്റതിനുശേഷം സർക്കാറിെൻറ പ്രവർത്തനങ്ങൾക്ക് തടയിടുന്നവിധത്തിലായിരുന്നു കിരൺ ബേദിയുടെ പ്രവർത്തനം. സർക്കാർ പ്രഖ്യാപിച്ച ജനപ്രിയ ക്ഷേമ- വികസന പദ്ധതികളുടെയും ഫയലുകൾ ഗവർണർ തടഞ്ഞുവെക്കുന്നതും പതിവായിരുന്നു.
പുതുച്ചേരി സർക്കാറിനെ അട്ടിമറിക്കാനുള്ള ബി.ജെ.പി ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും കിരൺ ബേദി ഭരണഘടനാവിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്നും കോൺഗ്രസ്- ഡി.എം.കെ കക്ഷികൾ നിരന്തരം ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.