ലഖ്നോ: ബാബരി കേസിൽ വിധി പറഞ്ഞ ജഡ്ജിമാർക്കും അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം. വിധി പ്രസ്താവിച്ച അഞ്ച് ജഡ്ജിമാർക്കാണ് ചടങ്ങിലേക്ക് ക്ഷണം ലഭിച്ചത്. മുൻ ചീഫ് ജസ്റ്റിസുമാർ, ജഡ്ജിമാർ, പ്രധാന അഭിഭാഷകർ തുടങ്ങി 50 പേർക്കും ക്ഷണം ലഭിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
2019ലായിരുന്നു വർഷങ്ങൾ നീണ്ട വാദപ്രതിവാദങ്ങൾക്കും കേസിനും അന്ത്യം കുറിച്ചത്. അന്ന് ചീഫ് ജസ്റ്റിസ് ആയിരുന്ന രഞ്ജൻ ഗൊഗോയ്, 2019-21 കാലഘട്ടത്തിൽ ചീഫ് ജസ്റ്റിസ് ആയിരുന്ന എസ്.എ ബോബ്ഡെ, ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എസ് അബ്ദുൽ നസീർ, ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് എന്നിവരടങ്ങിയ ബെഞ്ചാണ് ബാബരി കേസിൽ വിധി പറഞ്ഞത്. ബാബരി മസ്ജിദ് സ്ഥി ചെയ്തിരുന്ന ഭൂമിയിൽ രാമക്ഷേത്രം പണിയാൻ അനുമതി നൽകിക്കൊണ്ടായിരുന്നു അന്നത്തെ കോടതി വിധി. പകരം അഞ്ച് ഏക്കർ ഭൂമി പള്ളി പണിയാൻ വിട്ടുനൽകണമെന്നും കോടതി പറഞ്ഞിരുന്നു. 1980 മുതൽക്കേ രാമക്ഷേത്രം തകർത്താണ് പള്ളി നിർമിച്ചതെന്ന വാദം ഹിന്ദുത്വ സംഘടനകൾ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ 1992ലാണ് ബാബരി മസ്ജിദ് തകർക്കപ്പെടുന്നത്.
ജനുവരി 22ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങ് ഇതിനോടകം വലിയ വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു. നിർമാണം പൂർത്തിയാകാത്ത് ക്ഷേത്രത്തിൽ പ്രതിഷ്ഠാ ചടങ്ങ് നടത്തുന്നത് ആചാര ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ശങ്കാരാചാക്യന്മാർ രംഗത്തെത്തിയതോടെ നായകവേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റെടുത്തിരുന്നു. സംഭവത്തിൽ മോദിയെ വിമർശിച്ച് ആചാര്യന്മാരും പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തിയിരുന്നു. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് പ്രധാനമന്ത്രിയെ കേന്ദ്രീകരിച്ചുള്ള പരിപാടിയാണെന്നായിരുന്നു ചടങ്ങിനെ കുറിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശം. രാഹുൽ ഗാന്ധി സ്വപ്നലോകത്താണ് ജീവിക്കുന്നതെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയം ജനങ്ങൾക്കറിയാമെന്നുമായിരുന്നു സംഭവത്തിൽ ബി.ജെ.പിയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.