ന്യൂഡൽഹി: കണ്ണൂർ കരുണ മെഡിക്കൽ കോളജ് പ്രവേശനം ക്രമപ്പെടുത്താൻ ഓർഡിനൻസ് കൊണ്ടുവന്ന കേരളത്തിെൻറ നടപടി സുപ്രീംകോടതി ചോദ്യം ചെയ്തു. വിദ്യാർഥികളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ഭരണകൂടം മാത്രം മതിയെങ്കിൽ കോടതികൾ അടച്ചുപൂട്ടുകയല്ലേ നല്ലതെന്ന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. പ്രവേശനം റദ്ദാക്കിയ കോടതി നടപടിക്കെതിരെ വിദ്യാർഥികൾ നൽകിയ ഹരജിയിൽ വാദം കേൾക്കുകയായിരുന്നു സുപ്രീംകോടതി.
കേരളം കൊണ്ടുവന്ന ഒാർഡിനൻസ് സുപ്രീംകോടതി വിധി മറി കടക്കാനാണെന്ന് മെഡിക്കൽ കൗൺസിൽ ഒാഫ് ഇന്ത്യയുടെ അഭിഭാഷകൻ വാദിച്ചപ്പോൾ എല്ലാ സംസ്ഥാനങ്ങളും ഇതുപോലെ ഒാർഡിനൻസ് കൊണ്ടുവന്നാൽ വിദ്യാഭ്യാസമേഖല താറുമാറാകുമെന്ന് സുപ്രീംകോടതി പ്രതികരിച്ചു. ഇപ്പോൾ കേരളത്തിന് ഇളവ് നൽകിയാൽ മറ്റു സംസ്ഥാനങ്ങളും ഓർഡിനൻസ് ഇറക്കുന്ന മാതൃക പിന്തുടരും. കോടതിവിധി മറികടക്കാൻ ഓർഡിനൻസ് കൊണ്ടുവരുന്നുവെങ്കിൽ പിന്നെന്തിനാണ് കോടതികളെന്നും അവയൊക്കെ അടച്ചുപൂട്ടുകയല്ലേ നല്ലതെന്നും കോടതി ചോദിച്ചു.
നിരപരാധികളായ കുട്ടികളെ സംരക്ഷിക്കാനാണ് ഒാർഡിനൻസ് കൊണ്ടുവന്നതെന്ന് സംസ്ഥാന സർക്കാറിനുവേണ്ടി ഹാജരായ അഡ്വ. രഞ്ജിത് കുമാർ ബോധിപ്പിച്ചു. നീറ്റ് യോഗ്യത നേടിയ വിദ്യാർഥികളാണിത്. ആ കോളജ് തിരഞ്ഞെടുത്തുവെന്നത് മാത്രമാണ് വിദ്യാർഥികൾ ചെയ്ത കുറ്റമെന്നും അതിനവരെ ബലിയാടാക്കരുതെന്നും രഞ്ജിത് കുമാർ വാദിച്ചു. കേസിൽ ചൊവ്വാഴ്ച വാദം തുടരും. വിദ്യാർഥികൾക്കുവേണ്ടി അഡ്വ. മർസൂഖ് ബാഫഖി ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.