ന്യൂഡൽഹി: ബലാത്സംഗ കേസിൽ പ്രതിയായ സ്വയം പ്രഖ്യാപിത ആൾദൈവം ആശാറാം ബാപ്പു നൽകിയ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിച്ചില്ല. കേസിലെ ഇരകളുടെ മൊഴിയെടുക്കൽ ജനുവരി 29ന് തുടങ്ങുമെന്ന് ഗുജറാത്ത് സർക്കാർ അറിയിച്ച പശ്ചാത്തലത്തിലാണിത്. മൊഴിയെടുക്കൽ പൂർത്തിയാകുന്ന മുറക്ക് ഒമ്പത് ആഴ്ചക്കുശേഷം ജാമ്യഹരജി പരിഗണിക്കാമെന്ന് ജസ്റ്റിസുമാരായ എൻ.വി. രമണ, എ.എം. സപ്രെ എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു.
ബാപ്പു ഉൾപ്പെട്ട കേസ് നടത്തിപ്പിലെ മെല്ലെപ്പോക്ക് ചൂണ്ടിക്കാട്ടി സുപ്രീംകോടതി സംസ്ഥാന സർക്കാറിനെ അനിഷ്ടം അറിയിച്ചിരുന്നു. നിലവിലെ പുരോഗതി റിപ്പോർട്ട് കൈമാറാൻ ആവശ്യപ്പെടുകയും ചെയ്തു. വാദിഭാഗം സാക്ഷികളുടെ തെളിവെടുപ്പ് വേഗത്തിൽ പൂർത്തിയാക്കാൻ കഴിഞ്ഞ ഏപ്രിലിൽ ഗുജറാത്തിലെ വിചാരണ കോടതിയോടും ആവശ്യപ്പെട്ടു.കുട്ടികളെ കൊന്നതും ബലാത്സംഗങ്ങളും ഉൾപ്പെടെ ഇയാൾക്കെതിരായ കേസുകളുടെ അന്വേഷണം സി.ബി.െഎയെ ഏൽപിക്കുന്നതു സംബന്ധിച്ച് സുപ്രീംകോടതി കേന്ദ്ര സർക്കാറിെൻറയും അഞ്ച് സംസ്ഥാനങ്ങളുടെയും അഭിപ്രായം തേടിയിരുന്നു.
ഗുജറാത്ത്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ ബാപ്പുവിനെതിരെ രണ്ട് ബലാത്സംഗ കേസുകളാണുള്ളത്. ബാപ്പുവും മകൻ നാരായൺ സായിയും അഹ്മദാബാദിലെ ആശ്രമത്തിൽവെച്ച് ബലാത്സംഗം ചെയ്തെന്നും തടവിൽ പാർപ്പിച്ചെന്നും ആരോപിച്ച് സഹോദരിമാർ പരാതികൾ നൽകി. ബാപ്പു മുമ്പും ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും പരമോന്നത കോടതി തള്ളിയിരുന്നു. 2013 ആഗസ്റ്റ് 31ന് ജോധ്പുരിലെ ആശ്രമത്തിൽനിന്നാണ് ആശാറാം ബാപ്പുവിനെ അറസ്റ്റ് ചെയ്തത്. അന്നുമുതൽ ജയിലിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.