ന്യൂഡല്‍ഹി: ചാനലിലൂടെ മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തിയതിന് മഹാരാഷ്ട്ര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സി.ബി.ഐക്ക് വിടണമെന്ന റിപ്പബ്ലിക് ടി.വി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. കേസ് അന്വേഷണത്തില്‍ പ്രതിക്കുള്ള അതൃപ്തി അന്വേഷണ ഏജന്‍സിയെ മാറ്റാനുള്ള ന്യായമല്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം, ഒരു വിഷയത്തില്‍ ഒരു കേസ് മതിയെന്ന് പറഞ്ഞ് ഒരേ പരിപാടിയുടെ പേരില്‍ അര്‍ണബിനെതിരെ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളില്‍ രജിസ്റ്റർ ചെയ്ത മറ്റെല്ലാ എഫ്.ഐ.ആറുകളും റദ്ദാക്കി.
എഫ്.ഐ.ആര് റദ്ദാക്കണം, അന്വേഷണം സി.ബി.ഐക്ക് വിടണം എന്നീ അർണബിെൻറ ആവശ്യങ്ങൾ ന്യായമല്ല. അന്വേഷണ രീതിയില്‍ പ്രതിക്കുള്ള അതൃപ്തിയോ അന്വേഷണ ഉദ്യോഗസ്ഥനെതിരെ സ്ഥാപിത താല്പര്യങ്ങള് ആരോപിക്കുന്നതോ നിയമനടപടികളെ പാളം തെറ്റിക്കാന്‍ പാടില്ല. അന്വേഷണ ഏജന്‍സിയെയോ അന്വേഷണ രീതിെയയോ പ്രതിക്ക് തെരഞ്ഞെടുക്കാനാകില്ല. 2018ലെ ഭീമ കൊറോഗാവ് കേസിലെ വിധി ഉപോല്‍ബലകമായി കോടതി ഉന്നയിച്ചു. മൂന്നാഴ്ചകൂടി അർണബിന് അറസ്റ്റിൽനിന്ന് സംരക്ഷണം നൽകിയിട്ടുണ്ട്. അതിനിടെ ജാമ്യം അടക്കം നടപടികള്‍ സ്വീകരിക്കാം.
ഏപ്രില്‍ 16ന് മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ രണ്ട് ഹിന്ദു സന്യാസിമാരെ സംഘ് പരിവാർ പ്രവര്‍ത്തകര്‍ അടക്കമുള്ള ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അപലപിച്ചില്ല എന്നാരോപിച്ച് അര്‍ണബ് ഗോസ്വാമി നടത്തിയ വര്‍ഗീയ പ്രചാരണമാണ് രാജ്യമൊട്ടുക്കും നിരവധി എഫ്.ഐ.ആറുകളിലേക്ക് നയിച്ചത്.
ഇതു കൂടാതെ ബാന്ദ്ര മുസ്ലിം പള്ളിക്കടുത്ത് കുടിയേറ്റ തൊഴിലാളികളെ വരുത്തിയെന്ന് ചാനലിലൂടെ വ്യാജ വാര്‍ത്ത നല്കി വിഷയം വര്‍ഗീയമായി ആളിക്കത്തിച്ചതിന് റാസ എജുക്കേഷനല്‍ വെല്‍ഫെയര്‍ സൊസൈറ്റി സെക്രട്ടറി ഇര്ഫാന് അബൂബക്കര്‍ നല്കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര് തള്ളണമെന്നായിരുന്നു അര്‍ണബിെൻറ മറ്റൊരു ആവശ്യം. മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വെ ഗോസ്വാമിക്ക് വേണ്ടിയും കപില്‍ സിബല്‍ മഹാരാഷ്ട്ര സര്‍ക്കാറിനു വേണ്ടിയും ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.