ന്യൂഡല്‍ഹി: സർക്കാർ ഒാഫിസുകൾ, കോടതികൾ, നിയമസഭ, പാർലെമൻറ് എന്നിവിടങ്ങളിൽ ദേശീയഗാനം നിർബന്ധമാക്കണമെന്ന ഹരജി സുപ്രീംകോടതി തള്ളി. ദേശീയ ഗാനം, ദേശീയ പതാക, ദേശീയ ഗീതം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ദേശീയ നയം രൂപീകരിക്കാൻ കേന്ദ്രസർക്കാറിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി വക്താവായ അശ്വിനി ഉപാധ്യായ സമർപ്പിച്ച ഹരജിയാണ് സുപ്രീംകോടതി തള്ളിയത്. ദേശീയഗാനത്തിനും വന്ദേമാതരത്തിനും ഒരേ പരിഗണന നല്‍കാനാവില്ലെന്നും സുപ്രീം കോടതി പറഞ്ഞു.
ദേശീയ ഗീതം എന്ന സങ്കൽപം ഭരണഘടനയിൽ പ്രതിപാദിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ആർട്ടിക്ക്ൾ 51A ദേശീയ പതാക, ദേശീയ ഗാനം എന്നിവയെക്കുറിച്ചേ ഭരണഘടന പ്രതിപാദിക്കുന്നുള്ളൂ. അതിനാൽ ദേശീയ ഗീതം സംബന്ധിച്ച ചർച്ചകളിലേക്ക് കടക്കാൻ കോടതി ആഗ്രഹിക്കുന്നില്ലെന്നും ജസ്റ്റിസുമാരായ ദീപക് മിശ്ര, ആർ.ഭാനുമതി, എസ്.എം മല്ലികാർജുനഗൗഡ എന്നിവരടങ്ങിയ ബഞ്ച് നിരീക്ഷിച്ചു.
കോടതികൾ, പാർലമെൻറ്,സർക്കാർ ഒാഫിസുകളിൽ എന്നിവടങ്ങളിൽ ദേശീയ ഗാനം നിർബന്ധമാക്കണമെന്ന ആവശ്യം തള്ളിയ കോടതി സ്കൂളുകളിൽ ദേശീയ ഗാനം ആലപിക്കണമെന്നും നിർദേശിച്ചു. സിനിമയില്‍ ദേശീയ ഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കേണ്ടതില്ലെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
തിയറ്ററുകളിൽ സിനിമ തുടങ്ങുന്നതിന് മുമ്പ് ദേശീയഗാനം നിർബന്ധമാക്കി നവംബറിൽ സുപ്രീം കോടതി ഉത്തരവിറക്കിയിരുന്നു. ഇൗ സമയം തിയറ്ററിലുള്ള എല്ലാവരും എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിക്കണമെന്നും ഉത്തരവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.