ന്യൂഡൽഹി: ഗുജറാത്ത് വംശഹത്യക്കിടെ പിഞ്ചു കുഞ്ഞടക്കം കുടുംബത്തിലെ 14 പേരെ കൂട്ടക്കൊല നടത്തുകയും ഗർഭിണിയായ തന്നെയും രണ്ട് പേരെയും കൂട്ടബലാത്സംഗത്തിനരയാക്കുകയും ചെയ്ത 11 കുറ്റവാളികളെ മോചിപ്പിച്ചതിനെതിരെ അതിജീവിതയായ ബിൽകീസ് ബാനു നൽകിയ ഹരജി സുപ്രീംകോടതി വിധി പറയാൻ മാറ്റി.
മോചനത്തിന്റെ ഉത്തരവിന്റെയും അനുബന്ധ രേഖകളുടെയും ഗുജറാത്തിയിലുള്ള പകർപ്പുകളും ഇംഗ്ലീഷിലുള്ള പരിഭാഷകളും തിങ്കളാഴ്ചക്കകം സമർപ്പിക്കാൻ ഗുജറാത്ത് സർക്കാറിന് നിർദേശം നൽകിയാണ് ബിൽകീസ് ബാനുവിന്റെ ഹരജിയും മറ്റു പൊതുതാൽപര്യ ഹരജികളും വിധി പറയാൻ മാറ്റിയത്. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ്ജൽ ഭുയ്യാൻ എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് 11 ദിവസം ഹരജികളിൽ വാദം കേട്ടു.
ബിൽകീസിന്റെ ഹരജി സുപ്രീംകോടതി തീർപ്പാക്കുന്നത് പൊതു മനസ്സാക്ഷി കണക്കിലെടുത്താകണമെന്ന് മാത്രമാണ് അപേക്ഷയെന്ന് വാദത്തിന്റെ അവസാന ദിവസമായ വ്യാഴാഴ്ച ഇന്ദിരാ ജയ്സിങ് ബോധിപ്പിച്ചു. ബിൽകീസ് ബാനുവിന് വേണ്ടി അഡ്വ. ശോഭാ ഗുപ്തയും പൊതുതാൽപര്യ ഹരജിക്കാർക്ക് വേണ്ടി അഭിഭാഷകരായ ഇന്ദിരാ ജയ്സിങ്, വൃന്ദാ ഗ്രോവർ, അപർണ ഭട്ട്, നിസാമുദ്ദീൻ പാഷ, പ്രതീക് ബൊംബാർഡെ എന്നിവരും ഗുജറാത്ത്, കേന്ദ്ര സർക്കാറുകൾക്ക് വേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവും കുറ്റവാളികൾക്കായി സിദ്ധാർഥ് ലൂഥ്റ, ഋഷി മൽഹോത്ര തുടങ്ങിയവരും ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.