കാശ്മീരി ഭാഷയുടെ അധഃപതനം; പണ്ഡിതരും എഴുത്തുകാരും സെമിനാർ നടത്തി

ശ്രീനഗർ: കാശ്മീരി ഭാഷയുടെ അധഃപതനത്തിന് കാരണമെന്ന വിഷയത്തിൽ ജമ്മുകാശ്മീരിലെ ബുദ്ഗാമിൽ പണ്ഡിതർ സെമിനാർ നടത്തി. പ്രമുഖ കാശ്മീരി-ഇംഗ്ലീഷ് കവയിത്രി ബിന്ദിയ റെയ്ന ടിക്കോ ആയിരുന്നു ചടങ്ങിലെ മുഖ്യാതിഥി. പരിപാടിയിൽ പണ്ഡിതന്മാരും എഴുത്തുകാർക്കും പുറമെ സാംസ്കാരിക രംഗത്തെ പ്രമുഖരും വിവിധ മേഖലകളിൽ വിദഗ്ധരും പങ്കെടുത്തു.

ജെ.കെ.പി.ജെ.എഫ് ചെയർമാൻ ആഖ സയ്യിദ് അബ്ബാസ് റിസ്വി പരിപാടി അഭിസംബോധന ചെയ്യുന്നതിനിടെ കാശ്മീരി ഭാഷ തകർച്ചയുടെ വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി. കാശ്മീരിൽ വിദേശ കൈകളുടെ പ്രത്യേക പ്രത്യയശാസ്ത്രമാണ് ഭാഷയുടെ അപചയത്തിന് പ്രധാന കാരണമെന്ന് അദ്ദേഹം പറഞ്ഞു. അതോടൊപ്പം കാശ്മീരിൽ വ്യാപകമായ തോക്ക് സംസ്കാരം പണ്ഡിറ്റ് സമുദായത്തിലെ പ്രമുഖ എഴുത്തുകാരെയും കാശ്മീരിൽ നിന്ന് പലായനം ചെയ്യാൻ പ്രേരിപ്പുവെന്നും ആഖ സയ്യിദ് റിസ്വി ചൂണ്ടിക്കാട്ടി. 1989ന് മുമ്പ് സമുദായങ്ങൾക്കിടയിൽ ഐക്യവും സാഹോദര്യവും എങ്ങനെയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

കശ്മീരി ഭാഷയെ സംരക്ഷിക്കാൻ മാത്രമല്ല അതിന്‍റെ തുടർപ്രവർത്തനങ്ങളിൽ പങ്കുചേരാൻ കൂടിയാണ് താൻ ഡൽഹിയിൽ നിന്ന് കാശ്മീരിലെത്തിയതെന്നും ചടങ്ങിലെ മുഖ്യാതിഥിയായ ബിന്ദിയ പറഞ്ഞു. കാശ്മീരി പ്രധാന ഭാഷകളിലൊന്നാണെന്നും വിദ്യാലയങ്ങളിലെ പാഠ്യ പദ്ധതികളിൽ ഭാഷ നിർബന്ധിതമാക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും അവർ പറഞ്ഞു. ഇക്കാര്യത്തിൽ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ബിന്ദിയ കേന്ദ്രഭരണത്തോട് അഭ്യർഥിച്ചു.

അതേസമയം സമൂഹത്തിന്‍റെയും രാജ്യത്തിന്‍റെയും പുരോഗതി അതിന്‍റെ ഭാഷയുടെയും കലയുടെയും സംസ്കാരത്തിന്‍റെയും സമ്പന്നതയിലാണെന്നും നമുക്ക് വളരണമെങ്കിൽ മാതൃഭാഷയെ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും സമൂഹ മാധ്യമങ്ങളിൽ സ്വാധീനമുള്ള മുനീർ ദാർ പറഞ്ഞു. ഇന്നത്തെ കാലഘട്ടം സമൂഹ മാധ്യമങ്ങളുടെ യുഗമാണെന്നും കാശ്മീരി ഭാഷയെ ശക്തിപ്പെടുത്തുന്നതിന് അതുപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ജീർണിച്ചു കൊണ്ടിരിക്കുന്ന കാശ്മീരി ഭാഷയെ ഉയർത്തിപ്പിടിക്കാൻ ഇതുപോലെയുള്ള സെമിനാറുകൾ ഇനിയും സംഘടിപ്പിക്കണമെന്ന് കാശ്മീരി അക്കാദമിയിലെ ഗവേഷകൻ സജാദ് മഖ്ബൂൽ അഭിപ്രായപ്പെട്ടു.

Tags:    
News Summary - Scholars discuss decline of Kashmir language at cultural seminar in Budgam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.