ന്യൂഡൽഹി: യൂണിഫോം ധരിക്കാത്തതിന് വഴക്കുപറഞ്ഞ അധ്യാപകനെ പിടിച്ചുനിർത്തി കത്തികൊണ്ട് കുത്തി വിദ്യാർഥികൾ. ഡൽഹിയിലെ ഇന്ദർപുരിയിലെ ഗവ. സ്കൂളിലാണ് സംഭവം. മൂന്ന് പ്ലസ് ടു വിദ്യാർഥികളെ പൊലീസ് പിടികൂടി. ചികിത്സയിലുള്ള അധ്യാപകൻ അപകടാവസ്ഥ മറികടന്നതായി ഡോക്ടർമാർ അറിയിച്ചു.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. ഭുദേവ് എന്ന 29കാരനായ അധ്യാപകനാണ് വിദ്യാർഥികളിൽ നിന്ന് ആക്രമണം നേരിട്ടത്. അഭിമന്യു എന്ന 18കാരനായ വിദ്യാർഥിയും പ്രായപൂർത്തിയാകാത്ത മറ്റ് രണ്ട് വിദ്യാർഥികളുമാണ് സംഭവത്തിൽ അറസ്റ്റിലായതെന്ന് ഡൽഹി വെസ്റ്റ് ഡി.സി.പി ജി. ബൻസാൽ അറിയിച്ചു.
കഴിഞ്ഞ ഡിസംബറിൽ അഭിമന്യു യൂണിഫോം ധരിക്കാത്തതിന് അധ്യാപകനായ ഭുദേവ് വഴക്കുപറഞ്ഞിരുന്നു. കുട്ടിയുടെ രക്ഷിതാക്കളെയും വിളിപ്പിച്ചിരുന്നു. ഇതിന് ശേഷം മൂന്ന് പേരെയും അധ്യാപകൻ ഇടക്കിടെ വഴക്കുപറയുമായിരുന്നെന്ന് അഭിമന്യു പറയുന്നു. ഇതിനെ തുടർന്ന് പ്രതികാരം ചെയ്യാൻ ഇവർ തീരുമാനിക്കുകയായിരുന്നു.
സ്കൂളിലുണ്ടായിരുന്ന അധ്യാപകനെ ഒഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തി രണ്ട് പേർ കൈപിടിച്ച് വെക്കുകയും മൂന്നാമൻ കത്തിയുപയോഗിച്ച് നിരവധി തവണ കുത്തുകയുമായിരുന്നു. വിദ്യാർഥികളിൽ നിന്ന് രണ്ട് കത്തികൾ പിടികൂടിയതായി പൊലീസ് പറഞ്ഞു. വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.