ഗൗരി ലങ്കേഷ് വധം: സ്കോട്ട്ലാൻഡ് യാർഡ് പൊലീസിന്‍റെ അന്വേഷണം തുടരുന്നു 

ബംഗളൂരു: മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്‍റെ കൊലപാതകം സംബന്ധിച്ച് കർണാടക പൊലീസിനെ സഹായിക്കാൻ എത്തിയ സ്കോട്ട്ലാൻഡ് യാർഡ് പൊലീസിന്‍റെ അന്വേഷണം പുരോഗമിക്കുന്നു. രണ്ട് മുതിർന്ന സ്കോട്ട്ലാൻഡ് യാർഡ് പൊലീസ് ഉദ്യോഗസ്ഥർ ബംഗളൂരുവിൽ വിദഗ്ധ പരിശോധന നടത്തുന്നതെന്നാണ് റിപ്പോർട്ട്. സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ശാസ്ത്രീയ പരിശോധനയിലും അന്വേഷണത്തിലും വിദഗ്ധരാണ് ലണ്ടനിലെ സ്കോട്ട്ലാൻഡ് യാർഡ് പൊലീസ്. 

കർണാടക പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയ തെളിവുകളും രേഖകളും സ്കോട്ട്ലാൻഡ് യാർഡ് വിദഗ്ധ സംഘത്തിന് കൈമാറിയിട്ടുണ്ട്. ഗൗരി ലങ്കേഷിനെ വധിക്കാൻ ഉപയോഗിച്ച 7.65 എം.എം വെടിയുണ്ട ഉപയോഗിക്കുന്ന നാടന്‍ പിസ്റ്റളുകളുടെ ഉറവിടത്തെ കുറിച്ചാണ് അന്വേഷണ സംഘം സൂക്ഷ്മമായി പരിശോധിക്കുന്നത്. 

നരേന്ദ്ര ദാഭോല്‍കര്‍, ഗോവിന്ദ് പാന്‍സാരെ, പ്രഫ. എം.എം. കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ് എന്നിവരെ വധിക്കാൻ ഉപയോഗിച്ചത് സമാന പിസ്റ്റളും വെടിയുണ്ടയുമാണെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ബിഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ചില സൈനിക ഉദ്യോഗസ്ഥര്‍ നേരിട്ടോ സഹായത്തോടെയോ പിസ്റ്റള്‍ നിര്‍മിക്കുന്നുണ്ടെന്നാണ് വിവരം.

രാജ്യത്ത് കള്ളത്തോക്ക് ഉപയോഗത്തില്‍ നാലാം സ്ഥാനത്താണ് കര്‍ണാടക. കല്‍ബുര്‍ഗി വധക്കേസ് അന്വേഷണം ഊര്‍ജിതമാക്കാനും സ്കോട്ട്ലന്‍റ് യാർഡ് വിദഗ്ധരുടെ സഹായം കര്‍ണാടക പൊലീസ് തേടുന്നുണ്ട്.

Tags:    
News Summary - Scotland Yard Police helping Karnataka police in Gauri Lankesh murder -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.