ന്യൂഡൽഹി: മോദിസർക്കാറിനെ മുട്ടുകുത്തിച്ച കർഷക സമരത്തിന്‍റെ രണ്ടാം വാർഷിക ദിനത്തിൽ നവംബർ 26ന് രാജ്യത്താകമാനം രാജ്ഭവനുകളിലേക്ക് മാർച്ച് നടത്താൻ സംയുക്ത കിസാൻ മോർച്ച (എസ്.കെ.എം) ആഹ്വാനം. രാജ്ഭവൻ മാർച്ചിന്‍റെ അന്തിമ രൂപവും ഗവർണർമാർക്ക് സമർപ്പിക്കാനുള്ള നിവേദനവും തയാറാക്കുന്നതിനു നവംബർ 14ന് ഡൽഹിയിൽ പ്രത്യേക യോഗം വിളിക്കുമെന്നും എസ്.കെ.എം പ്രസ്താവനയിൽ പറഞ്ഞു.
എസ്.കെ.എം കോഓഡിനേഷൻ കമ്മിറ്റിയുടെയും ഡ്രാഫ്റ്റിങ് കമ്മിറ്റിയുടെയും ഓൺലൈൻ യോഗമാണ് മാർച്ചിന് ആഹ്വാനം ചെയ്തത്. ഹനൻ മൊല്ല, ദർശൻ പാൽ, യുധ്‍വീർ സിങ്, മേധ പട്കർ, രാജാറാം സിങ്, അതുൽകുമാർ അഞ്ജൻ, സത്യവാൻ, അശോക് ധാവ്ളെ, അവിക് സാഹ, സുഖ്ദേവ് സിങ്, രമീന്ദർ സിങ്, വികാസ് ശിശിർ, ഡോ. സുനിലം തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. വിവിധ സംസ്ഥാനങ്ങളിൽ രാജ്ഭവൻ മാർച്ചിനുള്ള ഒരുക്കം തുടങ്ങിയതായും ഭാരവാഹികൾ അറിയിച്ചു. വനസംരക്ഷണ നിയമത്തിൽ മാറ്റം കൊണ്ടുവന്ന കേന്ദ്രസർക്കാർ നടപടിയെ എസ്.കെ.എം അപലപിച്ചു. നവംബർ 15ന് ബിർസ മുണ്ടയുടെ ജന്മദിനത്തോടനുബന്ധിച്ച് ഗോത്ര ജനവിഭാഗങ്ങൾ നടത്തുന്ന സമരങ്ങൾക്ക് ഐക്യദാർഢ്യപ്പെടാനും യോഗം തീരുമാനിച്ചു.
നരേന്ദ്ര മോദി സർക്കാറിന്‍റെ കർഷകവിരുദ്ധ കാർഷിക നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് 2020 നവംബറിലാണ് പഞ്ചാബ്, ഹരിയാന തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ആയിരക്കണക്കിന് കർഷകർ ഡൽഹി അതിർത്തിയിൽ സമരം തുടങ്ങിയത്. ശക്തമായ പ്രതിഷേധത്തിനു മുന്നിൽ മുട്ടുമടക്കി 2021 നവംബറിൽ മോദിസർക്കാർ നിയമം പിൻവലിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.