കൊലപാതക കേസിൽ ഗുർമീത്​ റാം റഹീമിന്‍റെ വിധി ഇന്ന്​; പഞ്ച്​ഗുളയിൽ നിരോധനാജ്ഞ

ന്യൂഡൽഹി: അനുയായിയെ കൊലപ്പെടുത്തിയ കേസിൽ വിവാദ ആൾദൈവവും ദേരാ സച്ചാ സൗദാ തലവനുമായ ഗുർമീത്​ റാം റഹീം സിങ്ങിന്‍റെ ശിക്ഷ ചൊവ്വാഴ്ച വിധിക്കും. പഞ്ച്​ഗുള സി.​ബി.​െഎ കോടതിയാണ്​ വിധി പറയുക. കഴിഞ്ഞദിവസം അനുയായിയെ കൊലപ്പെടുത്തിയ കേസിൽ ഗുർമീത്​ കുറ്റക്കാരനാണെന്ന്​ കോടതി കണ്ടെത്തിയിരുന്നു.

വിധി പറയുന്ന പശ്ചാത്തലത്തിൽ ഹരിയാനയിലെ പഞ്ച്​ഗുള ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 'ഗുർമീത്​ റാം റഹീം ഉൾപ്പെടെ അഞ്ച്​ പ്രതികളുടെ ശിക്ഷ ചൊവ്വാഴ്ച പ്രഖ്യാപിക്കും. വിധി പറയുന്ന സാഹചര്യത്തിൽ എന്തെങ്കിലും സംഘർഷ സാധ്യത, സമാധാനം തകർക്കൽ, കലാപം സൃഷ്​ടിക്കൽ, ജീവനും സ്വത്തിനും ഭീഷണിയുണ്ടാക്കൽ തുടങ്ങിയ ആശങ്ക കണക്കിലെടുത്ത്​ ചൊവ്വാഴ്ച ​144ാം വകുപ്പ്​ പ്രഖ്യാപിച്ചു' -ഡി.സി.പി മോഹിത്​ ഹണ്ഡ പറഞ്ഞു.

റോത്തക്കിലെ സുനാരിയ ജയിലിൽനിന്ന്​ വിഡിയോ കോൺഫറൻസ്​ വഴിയാണ്​ ഗുർമീത്​ ഹാജരാകുക. ഗുർമീതിനെ കൂടാതെ കൃഷ്​ണൻ ലാൽ, അവ്​താർ, സബ്​ദിൽ, ജസ്​ബീർ തുടങ്ങിയവർക്കെതിരായ ശിക്ഷയും വിധിക്കും.

അനുയായിയായ രഞ്​ജീത്​ സിങ്ങിന്‍റെ കൊലപാതകത്തിലാണ്​ ഗുർമീതും മറ്റു അഞ്ചുപ്രതികളും കുറ്റക്കാരനാണെന്ന്​ പഞ്ച്​ഗുള സി.ബി.ഐ കോടതി കണ്ടെത്തി. രണ്ട്​ സന്യാസിനിമാരെ ബലാത്സംഗം ചെയ്​തുവെന്ന കുറ്റത്തിൽ 20 വർഷത്തെ തടവ്​ ശിക്ഷ അനുഭവിക്കുകയാണ്​ വിവാദ ആൾദൈവം. 2017 ​ആഗസ്റ്റിലാണ്​ സി.ബി.ഐ കോടതി ബലാത്സംഗകേസിൽ ഗുർമീത്​ കുറ്റക്കാരനാണെന്ന്​ കണ്ടെത്തി ശിക്ഷ വിധിച്ചത്​.

2002 ജൂലൈ പത്തിനായിരുന്നു ​രഞ്​ജീത്​ സിങ്ങിന്‍റെ കൊലപാതകം​. നാലുപേർ ചേർന്ന്​ വെടിവെച്ച്​ കൊലപ്പെടുത്തുകയായിരുന്നു. ഗുർമീതിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയതിന്​ പിന്നാലെയായിരുന്നു സംഭവം.

പത്രപ്രവർത്തകനായ രാമച​ന്ദ്ര ഛത്രപതിയ​ുടെ കൊ​ലപാതകത്തിൽ 2019 ജനുവരിയിൽ ഗുർമീതിനെയും മറ്റ്​ മൂന്നുപേരെയും ജീവപര്യന്തം തടവിന്​ ശിക്ഷിച്ചിരുന്നു. ​ഗുർമീത്​ തന്‍റെ ആശ്രമത്തിൽ സ്​ത്രീകളെ ​ബലാത്സംഗത്തിന്​ ഇരയാക്കുന്നുവെന്ന അജ്ഞാത കത്ത്​ രാമച​ന്ദ്ര പ്രസിദ്ധീകരിച്ചിരുന്നു. ഇതിനുപിന്നാലെയായിരുന്നു കൊലപാതകം.

2002 മുതൽ ബലാത്സംഗം, കൊലപാതകം തുടങ്ങിയ പരാതികൾ ഗുർമീതിനെതിരെ ഉയർന്നുവന്നിരുന്നു. ആൾദൈവം എന്നതിന്​ ഉപരി സിനിമ മേഖലയിലും ഗുർമീത്​ പേരെടുത്തിരുന്നു. 

Tags:    
News Summary - Section 144 in Panchkula ahead of Gurmeet Ram Rahims sentencing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.