ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പരാജയം ഉറപ്പിക്കാൻ കർണാടകയിൽ സജീവ പ്രചാരണവുമായി മതേതര കൂട്ടായ്മകൾ. സാമൂഹിക പ്രസ്ഥാനങ്ങളും സംഘടനകളും സിവിൽ കൂട്ടായ്മകളും കർഷക സംഘടനകളും ബുദ്ധിജീവികളും എഴുത്തുകാരും ആക്ടിവിസ്റ്റുകളുമെല്ലാം ചേർന്ന് രൂപം നൽകിയ ‘എദ്ദേളു കർണാടക’ (ഉണരൂ കർണാടക), സൗഹാർദ കർണാടകയുടെ വീണ്ടെടുപ്പിനായി രൂപവത്കരിച്ച ‘ബഹുത്വ കർണാടക’, ‘മുസ്ലിം ഒക്കൂട്ട’ തുടങ്ങിയവയാണ് ബദൽ പ്രവർത്തനവുമായി പ്രചാരണത്തിലുള്ളത്.
ഇത്തരം പൗരാവകാശ കൂട്ടായ്മകളുടെ പ്രചാരണത്തിലൂടെ ഏകീകരിക്കപ്പെടുന്ന വോട്ടുകൾ ലക്ഷ്യമിട്ടാണ്, കോൺഗ്രസ് വർഗീയ- വിദ്വേഷ പ്രചാരണങ്ങളെ തടയുമെന്നും നിയമവഴിയിലൂടെ പോപുലർ ഫ്രണ്ട്, ബജ്റംഗ്ദൾ പോലുള്ള സംഘടനകളെ നിരോധിക്കുമെന്നും പ്രകടന പത്രികയിൽ പ്രഖ്യാപിച്ചത്. ഫാഷിസ്റ്റ് വിരുദ്ധ കൂട്ടായ്മകളുടെ പ്രവർത്തനം കോൺഗ്രസിന് അനുകൂലമാകുമെന്നാണ് വിലയിരുത്തൽ.
ദേവനൂർ മഹാദേവപ്പ, റഹ്മത്ത് താരീക്കരെ, താര റാവു, എ.ആർ. വാസവി, ഡു സരസ്വതി, നടോജ ഡോ. കമല ഹംപന, മനോഹർ ഇളവരതി, ഭാരത് ജോഡോ അഭിയാൻ അംഗങ്ങളായ യോഗേന്ദ്ര യാദവ്, വിജയ് മഹാജൻ തുടങ്ങിയവരാണ് എദ്ദേളു കർണാടകക്കൊപ്പമുള്ളത്.
കർണാടകയുടെ വിഷലിപ്തമായ സാമൂഹികാന്തരീക്ഷത്തിന് മാറ്റം വരുത്താൻ തെരഞ്ഞെടുപ്പിൽ മതേതര പാർട്ടികൾക്കൊപ്പം നിൽക്കണമെന്നാണ് എദ്ദേളു കർണാടകയുടെ ആഹ്വാനം. ഭരിക്കുന്ന പാർട്ടിയിൽ ജനങ്ങൾ പൂർണ അസംതൃപ്തരാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ജാതിക്കും മതത്തിനും സംഘടനക്കും രാഷ്ട്രീയ പാർട്ടികൾക്കും അതീതമായി പ്രതീക്ഷയുടെ കർണാടകക്കായാണ് എദ്ദേളു കർണാടകയുടെ പ്രചാരണം.
ബി.ജെ.പിക്കെതിരെ ശക്തമായ മത്സരം നടക്കുന്ന 100 നിയോജക മണ്ഡലങ്ങൾ സർവേയിലൂടെ കണ്ടെത്തി അവയെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയാണ് ഇവർ. ഇതിൽ ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും ജെ.ഡി-എസിന്റെയും സിറ്റിങ് മണ്ഡലങ്ങളുണ്ട്. ഇത്തരം മണ്ഡലങ്ങളിൽ ബി.ജെ.പിക്കെതിരെ ശക്തനായ സ്ഥാനാർഥിയിലേക്ക് വോട്ടുകൾ കേന്ദ്രീകരിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനായി ഓരോ മണ്ഡലത്തിലും പൊതുവേദികളിലെ ബഹളങ്ങളിൽനിന്നൊഴിഞ്ഞ് ദലിതർ, കർഷകർ, വനിതകൾ, വിദ്യാർഥികൾ, യുവാക്കൾ തുടങ്ങിയവർക്കിടയിൽ നേരിട്ടും സമൂഹ മാധ്യമങ്ങളിലൂടെയും ബോധവത്കരണ പ്രവർത്തനം നടത്തുകയാണ് രീതി.
വിദ്വേഷ പ്രചാരണങ്ങൾ ഏതുപാർട്ടിയിൽനിന്നായാലും അംഗീകരിക്കാനാവില്ലെന്നും കർണാടകക്ക് മതസൗഹാർദത്തിന്റെയും മതേതരത്വത്തിന്റെയും മഹിമയാർന്ന പാരമ്പര്യമുണ്ടെന്നും ദലിത് ആക്ടിവിസ്റ്റായ ഡു സരസ്വതി പറയുന്നു.
ബി.ജെ.പി സർക്കാറിന് കീഴിൽ സംസ്ഥാനത്ത് മതന്യൂനപക്ഷങ്ങൾക്കുനേരെ അതിക്രമങ്ങൾ പതിവായപ്പോൾ മതേതരത്വ വീണ്ടെടുപ്പിനായി രൂപവത്കരിക്കപ്പെട്ട ബഹുസ്വര പ്ലാറ്റ്ഫോമാണ് ബഹുത്വ കർണാടക. ബി.ജെ.പി സർക്കാറിന്റെ പ്രവർത്തനങ്ങൾ സമഗ്രമായി വിലയിരുത്തി ഓരോ വിഭാഗത്തിലും കാരണ സഹിതം ഗ്രേഡ് നൽകുന്ന ‘റിപ്പോർട്ട് കാർഡ്’ ഇവർ പുറത്തുവിട്ടിരുന്നു.
സർക്കാറിന്റെ ഭരണ പരാജയം വ്യക്തമാക്കുന്ന ഈ വസ്തുതാ കാർഡ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബി.ജെ.പിക്കെതിരെ പ്രധാന ആയുധങ്ങളിലൊന്നാണ്. തീരദേശ മേഖലയിൽ സജീവമായ മുസ്ലിം സംഘടനാ കൂട്ടായ്മയായ മുസ്ലിം ഒക്കൂട്ടയും മലയാളികൾക്കിടയിൽ ബംഗളൂരുവിൽ രൂപവത്കരിച്ച സെക്കുലർ ഫോറവും ഫാഷിസ്റ്റ് വിരുദ്ധ പ്രചാരണങ്ങൾ നയിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.